ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പ്രതീക്ഷയോടെ തുടങ്ങിയ പഞ്ചാബ് പിന്നീട് നിരാശപ്പെടുത്തുകയാണ്. ആര്‍സിബിയെ തോല്‍പ്പിച്ചെങ്കിലും രാജസ്ഥാനോടും മുംബൈയോടും പഞ്ചാബ് തോറ്റു. ടീമിന് മികച്ച ബാറ്റിങ്,ബൗളിങ് കരുത്തുണ്ടെങ്കിലും ടീമിനെ പരിഗണിക്കുന്നതിലും നായകന്‍ രാഹുലിന്റെ തെറ്റായ തീരുമാനങ്ങളും ടീമിന് തിരിച്ചടി നല്‍കുന്നു. ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ പഞ്ചാബ് പരിശീലകന്‍ അനില്‍ കുംെബ്ലക്കെതിരേ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്.
കര്‍ണാടകക്കാരനായ അനില്‍ കുംബ്ലെ അനാവശ്യമായി കര്‍ണാടക താരങ്ങള്‍ക്ക് പരിഗണന നല്‍കുന്നുവെന്നാണ് ആരാധകര്‍ ആരോപണം ഉന്നയിക്കുന്നത്. പ്രധാനമായു കരുണ്‍ നായരെ ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. മന്ദീപ് സിങ്ങിനെപ്പോലെ ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരം ടീമിലുണ്ടായിട്ടും ഫോമില്ലാത്ത കരുണ്‍ നായരെ പഞ്ചാബ് വീണ്ടും പരിഗണിക്കുകയാണ്. മൂന്ന് മത്സരത്തില്‍ നിന്ന് വെറും 16 റണ്‍സാണ് കരുണ്‍ നേടിയത്.

1,15,0 എന്നിങ്ങനെയാണ് കരുണിന്റെ സ്‌കോര്‍. മുംബൈക്കെതിരേ മൂന്നാമനായി ക്രീസിലെത്തിയ കരുണിന് മുന്നില്‍ കരുത്ത് തെളിയിക്കാനുള്ള മികച്ച അവസരം ഉണ്ടായിരുന്നു. എന്നാല്‍ മൂന്ന് പന്തുകള്‍ നേരിട്ട കരുണ്‍ അക്കൗണ്ട് തുറക്കും മുമ്പ് ക്രുണാല്‍ പാണ്ഡ്യക്ക് മുന്നില്‍ പ്ലേ ഡൗണായി പുറത്തായി. ഇതോടെയാണ് വിമര്‍ശനം ശക്തമായത്. 28കാരനായ കരുണ്‍ 73 ഐപിഎല്ലില്‍ നിന്നായി 24.26 ശരാശരിയില്‍ 1480 റണ്‍സ് നേടിയിട്ടുണ്ട്. 10 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. മന്ദീപ് സിങ് 97 മത്സരത്തില്‍ നിന്ന് 22.16 ശരാശരിയില്‍ നേടിയത് 1529 റണ്‍സാണ്.
ഇതില്‍ അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. കണക്കില്‍ കരുണാണ് കേമനെങ്കിലും താരത്തിന്റെ മോശം ഫോമാണ് പ്രശ്‌നം. സ്ഥിരതയില്ലാത്ത കൃഷ്ണപ്പ ഗൗതവും കര്‍ണാടകക്കാരനാണ്. മുംബൈക്കെതിരേ മുരുഗന്‍ അശ്വിനെ പുറത്തിരുത്തിയാണ് ഗൗതം പ്ലേയിങ് ഇലവനില്‍ ഇടം നേടിയത്. സമീപകാലത്തൊന്നും മികച്ച പ്രകടനം അവകാശപ്പെടാന്‍ ഗൗതത്തിന് സാധിക്കില്ല. അതേ സമയം അശ്വിന്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഗൗതം കര്‍ണാടകക്കാരനായതിനാല്‍ അനാവശ്യമായി സ്ഥാനം ലഭിക്കുന്നുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.
മുംബൈക്കെതിരായി അവസാന ഓവറില്‍ പന്തെറിയാനെത്തിയ ഗൗതം നാല് സിക്‌സാണ് ഓവറില്‍ വഴങ്ങിയത്. ഇഷാന്‍ കിഷന്റെ വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറില്‍ 45 റണ്‍സ് ഗൗതം വഴങ്ങി. കുംബ്ലെയുടെ പരിശീലനത്തിന് കീഴില്‍ ബിഷ്‌നോയ് ഉള്‍പ്പെടെയുള്ള പഞ്ചാബ് സ്പിന്‍ നിര മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും ടീം തിരഞ്ഞെടുപ്പില്‍ പാളിച്ചകള്‍ സംഭവിക്കുന്നു. മൂന്ന് മത്സരത്തില്‍ നിന്ന് 2 പോയിന്റുള്ള പഞ്ചാബ് നിലവില്‍ ആറാം സ്ഥാനത്താണ്. നാലാം തീയ്യതി ചെന്നൈ സൂപ്പര്‍ കിങ്‌സാണ് പഞ്ചാബിന്റെ അടുത്ത എതിരാളികള്‍.