കറാച്ചി: കാശ്മീര്‍ പ്രീമിയര്‍ ലീഗെന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ലീഗിനെതിരേ വലിയ പ്രതിഷേധമാണ് ബിസിസിഐയില്‍ നിന്നും ഉയര്‍ന്നത്. പാക് അധീന കാശ്മീരിലെ അഞ്ച് താരങ്ങളെങ്കിലും ടീമില്‍ വേണമെന്ന നിബന്ധനയോടെ ആറ് ടീമുകളുമായാണ് ടൂര്‍ണമെന്റ് നടത്തുന്നത്. കാശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യ-പാക് ഭിന്നത ശക്തമായി നിലനില്‍ക്കെ കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പല വിദേശ താരങ്ങളോടും ബിസിസിഐ ആവിശ്യപ്പെട്ടിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
കാശ്മീര്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായി ഒട്ടുമിക്ക പാകിസ്താന്‍ താരങ്ങളുമുണ്ട്. മുന്‍ താരങ്ങളായ വസിം അക്രം,ഷാഹിദ് അഫ്രീദി,ഇന്‍സമാം ഉല്‍ ഹഖ് എന്നിവരെല്ലാം ടൂര്‍ണമെന്റിലുണ്ട്. ഇപ്പോഴിതാ അധികം വൈകാതെ കാശ്മീരില്‍ നിന്നുള്ള യുവതാരങ്ങള്‍ പാകിസ്താന്‍ ദേശീയ ടീമിനുവേണ്ടി ക്രിക്കറ്റ് കളിക്കുന്നത് കാണാനാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാക് നായകനും കാശ്മീര്‍ പ്രീമിയര്‍ ലീഗ് ടീം മിര്‍പൂര്‍ റോയല്‍സ് പരിശീലകനുമായ ഇന്‍സമാം ഉല്‍ ഹഖ്.

'കാശ്മീരില്‍ നിന്നുള്ള നിരവധി യുവതാരങ്ങള്‍ ഇതിനോടകം അണ്ടര്‍ 19 ക്രിക്കറ്റില്‍ പാകിസ്താനുവേണ്ടി കളിക്കുന്നുണ്ട്. പ്രതിഭകള്‍ക്ക് കുറവില്ലാത്ത സ്ഥലമാണിത്. എന്നാല്‍ അവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നതാണ്. പിസിബി എന്നും അവര്‍ക്ക് പിന്തുണ നല്‍കാനാണ് ശ്രമിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലായി അവര്‍ക്ക് മികച്ച പരിശീലന സൗകര്യം ഒരുക്കി നല്‍കിയിട്ടുണ്ട്. കൂടുതല്‍ അവസരങ്ങള്‍ താരങ്ങള്‍ക്ക് നല്‍കും. കാശ്മീരില്‍ നിന്നുള്ള യുവതാരങ്ങള്‍ പാകിസ്താനായി കളിക്കുന്നത് അധികം വൈകാതെ കാണാനാവും'-ഇന്‍സമാം പറഞ്ഞു.
കാശ്മീരില്‍ നിന്നുള്ള താരങ്ങള്‍ വരുന്ന രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ത്തന്നെ ലോക ശ്രദ്ധ ആകര്‍ഷിക്കും. ലോകത്തിലെ എല്ലാ പ്രധാനപ്പെട്ട ലീഗുകളിലും അവരുടെ സാന്നിധ്യം കാണാനാവും. ഈ കാശ്മീര്‍ പ്രീമിയര്‍ ലീഗ് അവസാനിക്കുന്നതോടെ വലിയ മാറ്റം തന്നെ കാശ്മീരിലെ ക്രിക്കറ്റിന് സംഭവിക്കും. അവിടുത്തെ ആളുകളുടെ മനോഭാവത്തെത്തന്നെ അത് മാറ്റുമെന്നും ഇന്‍സമാം അഭിപ്രായപ്പെട്ടു.
തലകരത്‌നെ ദില്‍ഷന്‍,ജെസി റൈഡര്‍,ഹെര്‍ഷല്‍ ഗിബ്‌സ് തുടങ്ങിയവരൊക്കെയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന പ്രധാന വിദേശ താരങ്ങള്‍. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റ് ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. വരുന്ന സീസണുകളില്‍ കൂടുതല്‍ വിദേശ താരങ്ങളെ ഉള്‍പ്പെടുത്തി വിപുലമായി ടൂര്‍ണമെന്റ് നടത്താനുള്ള പദ്ധതിയിലാണ് സംഘാടകര്‍.