ഇന്ത്യ പാക് ക്രിക്കറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ ഐസിസി; ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?

Posted By: rajesh mc

ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്രിക്കറ്റ് മേലാളന്‍മാരായ ബിസിസിഐയും, പാക് ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ മൂന്നംഗ പ്രശ്‌നപരിഹാര കമ്മിറ്റിയെ നിയോഗിച്ചു. ബിസിസിഐയും, പിസിബിയും തമ്മിലുള്ള എംഒയു മാനിക്കാത്തതിനാല്‍ പാക് ക്രിക്കറ്റ് ഭരണസമിതി 60 മില്ല്യണ്‍ യുഎസ് ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. ഈ കരാര്‍ പ്രകാരം 2015 മുതല്‍ 2023 വരെയുള്ള കാലത്ത് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ അഞ്ച് പര്യടനങ്ങള്‍ നടക്കണം.

ഈ പ്രശ്‌നത്തിലെ കുരുക്കഴിക്കാന്‍ ദുബായിലെ ഐസിസി ആസ്ഥാനത്ത് ചേരുന്ന കമ്മിറ്റി ഹിയറിംഗ് നടത്തും. ഫ്യൂച്ചര്‍ ടൂര്‍സ് & പ്രോഗ്രാംസ് പ്രകാരമുള്ള ഉറപ്പ് ബിസിസിഐ മാനിച്ചില്ലെന്ന് പിസിബി ആരോപിക്കുന്നു. യുഎഇ പോലൊരു നിഷ്പക്ഷ വേദിയില്‍ രണ്ട് എവേ സീരീസുകളും പാകിസ്ഥാനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കേണ്ടതുണ്ട്. പാക് ക്രിക്കറ്റ് ബോര്‍ഡും, ബിസിസിഐയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൈക്കിള്‍ ബെലോഫ് ചെയര്‍മാനായുള്ള തര്‍ക്കപരിഹാര കമ്മിറ്റി ചേരുമെന്ന് ഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

cricket

ജാന്‍ പോള്‍സണ്‍, ഡോ. അനബെല്ലെ ബെന്നറ്റ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. തര്‍ക്ക പരിഹാര കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും ഇതില്‍ അപ്പീല്‍ പോകാന്‍ കഴിയില്ലെന്നും ആഗോള ക്രിക്കറ്റ് ഭരണ സമിതി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അയല്‍ക്കാരുമായി ക്രിക്കറ്റ് പരമ്പര കളിക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് അനുവാദം നല്‍കുന്നില്ല. കേന്ദ്രത്തിന്റെ ശക്തമായ തീരുമാനം അനുസരിക്കാതിരിക്കാന്‍ ബിസിസിഐയ്ക്ക് സാധിക്കില്ല.

പാകിസ്ഥാനെതിരെ കളിച്ചില്ലെന്ന് കരുതി ബിസിസിഐക്ക് നഷ്ടമില്ല. പക്ഷെ ചിരവൈരികള്‍ക്കെതിരെയുള്ള മത്സരത്തില്‍ നിന്നും വരുമാനം പ്രതീക്ഷിച്ച പിസിബിക്ക് ഇത് കനത്ത തിരിച്ചടിയായി. പാകിസ്ഥാന്‍ ഉള്‍പ്പെടുന്ന ഏഷ്യാ കപ്പ് സമാനമായ സാഹചര്യത്തില്‍ യുഎഇയിലേക്ക് മാറ്റിയത് കഴിഞ്ഞ ദിവസമാണ്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, April 12, 2018, 8:21 [IST]
Other articles published on Apr 12, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍