മുംബൈ: സ്റ്റാര്‍ ബാറ്റ്സ്മാന് രോഹിത് ശര്‍മയുടെ പരിക്ക് ഇന്ത്യന്‍ ടീമിന് മാത്രമല്ല, മുകേഷ് അംബാനിയുടെ മുംബൈ ഇന്ത്യന്‍സിനും വന്‍ തിരിച്ചടിയാകും. ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റില്‍ യോഗ്യതാ മത്സം കളിക്കുന്ന മുംബൈ ടീമിന് രോഹിതിന്റെ സേവനം ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ ചാമ്പ്യന്മാരായ മുംബൈ സെപ്തംബര്‍ 13 നാണ് ആദ്യ കളിക്ക് ഇറങ്ങുന്നത്. ലാഹോര്‍ ലയണ്‍സാണ് എതിരാളികള്‍.
വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന് കീരണ്‍ പൊള്ളാര്‍ഡ്, ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ എന്നിവരാണ് രോഹിത് ശര്‍മയ്ക്ക് പകരം ക്യാപ്റ്റനാകാനുള്ള സാധ്യതാ പട്ടികയിലുള്ളത്. സീനിയര്‍ താരമായ ഹര്ഭജന് സിംഗും ടീമിലുണ്ടെങ്കിലും ക്യാപ്റ്റനാകാനുളള സാധ്യത കുറവാണ്. പൊള്ളാര്‍ഡിന്റെ കീഴില്‍ ബാര്‍ബഡോസ് ട്രൈഡന്റ്സ് ഈ സീസണില്‍ ചാമ്പ്യന്മാരായിരുന്നു.
ട്വന്റി 20 ലോകകപ്പ് കിരീടമാണ് ലസിത് മലിംഗയെ ക്യാപ്റ്റനാക്കണമെന്ന് വാദിക്കുന്നവരുടെ തുറുപ്പുചീട്ട്. ലോകകപ്പിന്റെ പാതിയില്‍ വെച്ച് ക്യാപ്റ്റനാകപ്പെട്ട മലിംഗ ലങ്കയെ കിരീടവിജയത്തിലേക്ക് നയിച്ചിരുന്നു. ഇന്ത്യയെ ആണ് ലങ്ക ലോകകപ്പ് ഫൈനലില്‍ തോല്പിച്ചത്. മറ്റൊരു സീനിയര്‍ താരമായ മൈക് ഹസി അവസാന ഇലവനില്‍ ഉണ്ടാകുമോ എന്ന കാര്യം ഉറപ്പില്ല.
ഐ പി എല്‍ സെമി ഫൈനലിസ്റ്റുകളായ മുംബൈ ഇന്ത്യന്‍സ് യോഗ്യതാ മത്സരം കളിച്ചുവേണം ചാമ്പ്യന്‍സ് ലീഗിലെത്താന്‍. രോഹിത് ശര്‍മ പോയാല്‍ ടീമിന്റെ ഉത്തരവാദിത്തം പൊള്ളാര്‍ഡ്, മലിംഗ, ഹസി, ആന്ഡേഴ്സണ്, സിമ്മണ്‍സ് തുടങ്ങിയ വിദേശി കളിക്കാരുടെ തലയിലാകും. പ്രവീണ്‍ കുമാര്‍, അമ്പാട്ടി റായിഡു, ഹര്ഭജന്, പ്രഗ്യാന്‍ ഓജ, ആദിത്യ താരെ തുടങ്ങിയവരാണ് ടീമിലെ പ്രധാന ഇന്ത്യന്‍ താരങ്ങള്‍.