ശ്രീലങ്കന്‍ യുവനിരയോട് നാണംകെട്ട് ഇന്ത്യ, ആദ്യ ട്വന്റി20യില്‍ തോല്‍വി അഞ്ച് വിക്കറ്റിന്
പുനെ: ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ മുട്ടുകുത്തിച്ചതിന്റെ അഹങ്കാരത്തില്‍ ശ്രീലങ്കയെ നേരിടാന്‍ ഇറങ്ങിയ ഇന്ത്യയെ ശ്രീലങ്കയുടെ യുവനിര ശരിക്കും വെള്ളംകുടിപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ ശരിക്കും വരിഞ്ഞുകെട്ടാന്‍ ശ്രീലങ്കയ്ക്കായി. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യ ഈ മത്സരത്തെ എത്രമാത്രം പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കി.
വിക്കറ്റ് വലിച്ചെറിയാന്‍ ഇന്ത്യന്‍ നിര മത്സരിച്ചപ്പോള്‍ 18.5 ഓവറില്‍ ഇന്ത്യ 101ന് ഓള്‍ഔട്ടായി. ആര്‍ അശ്വന്റെ (31) ചെറുത്തുനില്‍പ്പില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ഗതി ഇതിലും മോശമായേനെ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയുടേയും തുടക്കം തകര്‍ച്ചയോടെയായിരുന്നെങ്കിലും സാഹചര്യങ്ങല്‍ മനസ്സിലാക്കി കളിക്കാന്‍ സാധിച്ചത് അവര്‍ക്ക് ജയം നേടിക്കൊടുത്തു. സ്‌കോര്‍: ഇന്ത്യ 18.5 ഓവറില്‍ 101, ശ്രീലങ്ക 18 ഓവറില്‍ 5ന് 105.

അരങ്ങേറ്റം ഗംഭീരം
അരങ്ങേറ്റ മത്സരത്തില്‍ ആദ്യ ഓവര്‍ എറിയാനെത്തിയ കസുല്‍ രജിത ഇന്ത്യയുടെ നടുവൊടിച്ചു. ആദ്യ ഓവറില്‍ രണ്ടാം പന്തില്‍ തന്നെ രോഹിത് ശര്‍മ്മയെ മടക്കിയ രജിത ആറാം പന്തില്‍ രഹാനെയേയും പവലിയനില്‍ എത്തിച്ചു.

വിനയായത് ആലസ്യം
സിക്‌സറടിച്ച് തുടങ്ങിയ ധവാന്‍ അത് വരാനിരിക്കുന്ന തകര്‍ച്ചയുടെ അളിക്കത്തല്‍ മാത്രമാക്കി അടുത്ത പന്തില്‍ മടങ്ങി. പകരം വന്ന റെയ്‌ന നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സറടിച്ച തുടങ്ങി. വന്നപാടെ യുവരാജും അതാവര്‍ത്തിച്ചു. എന്നാല്‍ വൈകാതെ വിക്കറ്റ് വലിച്ചെറിഞ്ഞ് അവരും മടങ്ങി.

പ്രതീക്ഷ തെറ്റിച്ച് നായകനും
ആലസ്യത്തില്‍ ബാറ്റ് ചെയ്യ്ത് മടങ്ങുന്നവരില്‍ നിന്നും വ്യത്യസ്ഥനായിരിക്കും ധോണി എന്ന് കരുതിയവരെ അമ്പരപ്പിച്ചു കൊണ്ട് നേരിട്ട രണ്ടാം പന്തില്‍ കീപ്പര്‍ക്ക് ക്യാച്ച് നല്‍കി ധോണിയും മടങ്ങി

അശ്വന്റെ ചെറുത്തുനില്‍പ്പ്
ഇന്ത്യയുടെ പേരുകേട്ട കളിക്കാര്‍ വന്നപാടെ തിരിച്ച് പോയപ്പോള്‍ ചെറുത്തുനില്‍പ്പിന്റെ കളി പുറത്തെടുത്ത് ടീമിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് അശ്വന്റെ ഇന്നിങ്‌സ് ആയിരുന്നു. നെഹ്‌റയേയും ജഡേജയേയും കൂട്ടുപിടിച്ച് അശ്വന്‍ നേടിയ 31 റണ്‍സാണ് വലിയ നാണക്കേടില്‍ നിന്ന് ടീമിനെ രക്ഷിച്ചത്.

ബാറ്റിങ് എങ്ങനെയെന്ന് കാണിച്ചുകൊടുത്തു
ഇതുപോലുള്ള പിച്ചുകളില്‍ എങ്ങനെ കളിക്കണമെന്ന് ശ്രീലങ്ക ശരിക്കും ഇന്ത്യക്ക് കാണിച്ചുകൊടുത്തു. ക്യാപ്റ്റന്‍ ദിനേശ് ചാന്‍ഡിമാല്‍ (35), കപ്പുഗേദര (25), സിരിവര്‍ദ്ധന (21 നോട്ടൗട്ട് ) എന്നിവര്‍ ലങ്കയ്ക്ക് ജയം ഒരുക്കിക്കൊടുത്തു.

നഷ്ടം ഇന്ത്യക്ക്
ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് നേടിയെടുത്ത ട്വന്റി20യിലെ ഒന്നാം റാങ്ക് ഈ തോല്‍വിയോടെ നഷ്ടമായി. എന്നാല്‍ ജയത്തോടെ ശ്രീലങ്ക ഒന്നാംസ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications