സതാംപ്റ്റണ്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആഗസ്റ്റ് നാലിന് ആരംഭിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് തകര്‍പ്പന്‍ ടീം തന്നെയാണ് ഇന്ത്യക്കൊപ്പമുള്ളത്. വിരാട് കോലി നയിക്കുന്ന ടീമില്‍ ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,റിഷഭ് പന്ത്,രോഹിത് ശര്‍മ തുടങ്ങി നിരവധി മാച്ച് വിന്നര്‍മാരുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റ ഇന്ത്യക്ക് ഇംഗ്ലണ്ട് പരമ്പര അഭിമാന പ്രശ്‌നമാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ സീനിയര്‍ നിരയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. അതില്‍ ഏറ്റവും നിരാശപ്പെടുത്തിയത് ചേതേശ്വര്‍ പുജാരയായിരുന്നു. 2019 ജനുവരിക്ക് ശേഷം ഒരു സെഞ്ച്വറി പോലും നേടാന്‍ പുജാരക്ക് സാധിച്ചിട്ടില്ല. കൂടാതെ അദ്ദേഹത്തിന്റെ അമിത പ്രതിരോധ ബാറ്റിങ്ങ് അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുമുണ്ട്.
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയടക്കം പരോക്ഷമായി പുജാരയുടെ അമിത പ്രതിരോധത്തെ വിമര്‍ശിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പുജാരക്ക് ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഒരിക്കലും വിശ്വസിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

'റിപ്പോര്‍ട്ട് കണ്ടിരുന്നുവെങ്കിലും ഞാനത് വിശ്വസിക്കില്ല. കാരണം ഇന്ത്യയുടെ അവസാന ഇംഗ്ലണ്ട് പര്യടനത്തില്‍ പുജാര സെഞ്ച്വറി നേടിയിരുന്നു. അവന്റെ ഇംഗ്ലണ്ടിലെ ശരാശരി 30ല്‍ താഴെയാണെന്ന് അറിയാം.രണ്ടോ മൂന്നോ തവണ മാത്രമാണ് അവന്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയത്. ഇക്കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും അവന്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്തിയില്ല. അവന്റെ ശൈലി നിരവധി തവണ ടീമിന് ഗുണകരമായിട്ടുള്ളതാണ്. എന്നാല്‍ അവന്‍ ഒരുപാട് സമയമെടുക്കുന്നുവെന്നും മത്സരത്തെ മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ പരാതി'-ആകാശ് പറഞ്ഞു.
നിലയുറപ്പിക്കാന്‍ കൂടുതല്‍ സമയം പുജാരക്ക് ആവിശ്യമാണ്. എന്നാല്‍ നിലയുറപ്പിച്ചാല്‍ ഇന്ത്യക്കായി കെട്ടുറപ്പുള്ള ഇന്നിങ്‌സ് കാഴ്ചവെക്കാനുള്ള പ്രതിഭ അദ്ദേഹത്തിനുണ്ട്. നിരവധി തവണ തന്റെ ബാറ്റിങ് മികവ് അദ്ദേഹം കാട്ടിത്തന്നിട്ടുമുണ്ട്. എന്നാല്‍ വലിയ ഇടവേളക്ക് ശേഷം കളിക്കാനിറങ്ങുന്നത് സമീപകാലത്തായി താരത്തിന്റെ ബാറ്റിങ്ങിനെ ബാധിച്ചിട്ടുണ്ട്.
'ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ചേതേശ്വര്‍ പുജാര ബാറ്റ് ചെയ്യുന്നത് തീര്‍ച്ചയായും ഞാന്‍ കാണും. അവനോടൊപ്പമാണ് ഞാന്‍. വളരെ അധികം റണ്‍സ് നേടിയില്ലെങ്കിലും പ്രധാനപ്പെട്ട ഇന്നിങ്‌സുകള്‍ കളിക്കാന്‍ പുജാരക്കായിട്ടുണ്ട്'-ആകാശ് കൂട്ടിച്ചേര്‍ത്തു. മൂന്നാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായ പുജാരക്ക് വിശ്രമം നല്‍കാനുള്ള സാധ്യത കുറവാണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ അവസരം നല്‍കി തിളങ്ങാനായില്ലെങ്കില്‍ മാറ്റത്തെക്കുറിച്ച് ആലോചിക്കാനാണ് സാധ്യത.