കറാച്ചി: തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉപേക്ഷിക്കപ്പെട്ട ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് വീണ്ടും തുടങ്ങുവാനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ഇതിഹാസം വസിം അക്രം. ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതിക്കായാണ് ക്രിക്കറ്റ് ടീം കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ ലോകനിലവാരത്തിലെത്തിക്കാന്‍ ശ്രമിക്കുന്നയാളാണ് നരേന്ദ്ര മോദി. ആയതിനാല്‍ ക്രിക്കറ്റിലെ ശക്തരായ ഇന്ത്യയ്ക്ക് ലോകത്തെ മറ്റു രാജ്യങ്ങളുമായി ക്രിക്കറ്റ് കളിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത ക്രിക്കറ്റ് ആരാധകര്‍ക്ക് നിരാശയാണ് നല്‍കുന്നതെന്നും അക്രം പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് മോദി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞതായിട്ടാണ് അറിവ്. അദ്ദേഹം സീരീസിന് പച്ചക്കൊടികാട്ടുമെന്നാണ് വിശ്വാസം. പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് മറ്റു രാജ്യങ്ങളില്‍ വെച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് സീരീസ് സംഘടിപ്പിക്കുന്നതെന്നും ഇന്ത്യ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
2007നുശേഷം ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് സീരീസ് നിര്‍ജ്ജീവാവസ്ഥയിലാണ്. 2008ലെ മുംബൈ തീവ്രവാദി ആക്രമണത്തെ തുടര്‍ന്നാണ് പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് സീരീസ് ഇന്ത്യ അവസാനിപ്പിച്ചത്. 2015 ഡിസംബറില്‍ അത് തുടരാന്‍ തീരുമാനമായതായിരുന്നു. എന്നാല്‍ അടുത്തിടെ ഉണ്ടായ ഭീകരാക്രണ പശ്ചാത്തലത്തില്‍ സീരീസ് ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.