നൂറാം ടെസ്റ്റ് വിജയം ആഘോഷമാക്കി ഇന്ത്യ; പിന്നില്‍ ഈ താരങ്ങള്‍; വിന്‍ഡീസ് എന്തിന് കളിക്കുന്നു?
രാജ്കോട്ട്: വെസ്റ്റിന്‍ഡീസ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരയ്ക്കിറങ്ങുന്നതിന് മുന്‍പ് തന്നെ പരമ്പരയുടെ ഫലം എന്താകുമെന്ന് ഉറപ്പായിരുന്നു. ഒരുകാലത്ത് ലോക ക്രിക്കറ്റിലെ രാജാക്കന്മാരായിരുന്ന വിന്‍ഡീസ് ഇപ്പോള്‍ നിഴല്‍മാത്രമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നുമല്ലാതായിത്തീര്‍ന്ന വിന്‍ഡിസീനെ ലോക ഒന്നാം നമ്പറായ ഇന്ത്യ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുകയും ചെയ്തു. ഇന്നിങ്സിനും 272 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം.
ഇതോടെ ഇന്ത്യ സ്വന്തം നാട്ടില്‍ നൂറാം ടെസ്റ്റ് വിജയമാണ് ആഘോഷിച്ചത്. 1952ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു നാട്ടിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയം. 66 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇന്ത്യ ഒരിന്നിങ്‌സിനും 8 റണ്‍സിനും ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. വിദേശത്തും ഇന്ത്യയിലുമായി ഇതുവരെ 147-ാം ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചു.

പൃഥ്വി ഷായുടെ അരങ്ങേറ്റവും സെഞ്ച്വറിയും
ടെസ്റ്റില്‍ അരങ്ങേറിയ മത്സരത്തില്‍ തന്നെ സെഞ്ച്വറിയും കളിയിലെ കേമനുമായ പൃഥ്വി ഷായാണ് രാജ്‌കോട്ട് ടെസ്റ്റിലെ ശ്രദ്ധേയനായ താരമായത്. വിന്‍ഡീസിനെതിരായ ഇന്നിങ്‌സ് ജയത്തില്‍ മറ്റു താരങ്ങളുടെ പ്രകടനവും നിര്‍ണായകമായെങ്കിലും പൃഥ്വിയുടെ ബാറ്റിങ് എടുത്തപറയേണ്ടതാണ്. ഭാവിതാരമാകുമെന്ന് ഉറപ്പിക്കുന്ന ബാറ്റിങ് കാഴ്ചവെച്ച പൃഥ്വി 134 റണ്‍സെടുത്തത് ടീമിനാകെ ഉണര്‍വു പകരുന്നതായി. അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ കളിക്കാരനെന്ന ബഹുമതിയും ഇതിലൂടെ പൃഥ്വി സ്വന്തമാക്കി.

കുല്‍ദീപ് യാദവിന്റെ ബൗളിങ് പ്രകടനം
വെസ്റ്റിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ കുല്‍ദീപ് യാദവിന്റെ ആദ്യ അഞ്ചു വിക്കറ്റ് പ്രകടനവും ഇന്ത്യയുടെ ഇന്നിങ്‌സ് വിജയത്തില്‍ നിര്‍ണായകമായി. അശ്വിന്‍, രവീന്ദ്ര ജഡേജ സഖ്യം അരങ്ങുവാഴുന്ന ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സ്ഥിരതയുറപ്പാക്കുന്ന പ്രകടനമായിരുന്നു കുല്‍ദീപിന്റേത്. ഇതോടെ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും കുല്‍ദീപിന് സ്ഥാനം ലഭിക്കുമെന്നുറപ്പാണ്.

വിരാട് കോലിയുടെ സെഞ്ച്വറി
ഓരോ ടെസ്റ്റ് പരമ്പരയിലും സെഞ്ച്വറികളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ തന്റെ ഇരുപത്തിനാലാം സെഞ്ച്വറി തികച്ചു. ഇതോടെ തുടര്‍ച്ചയായ മൂന്നാം തവണയും കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് തികയ്ക്കാന്‍ കോലിക്ക് കഴിഞ്ഞു. ഇംഗ്ലണ്ട് പരമ്പരയിലും കോലി രണ്ട് സെഞ്ച്വറികള്‍ നേടിയിരുന്നു.

രവീന്ദ്ര ജഡേജയുടെ ആദ്യ സെഞ്ച്വറി
മൂന്ന് ഫോര്‍മാറ്റുകളിലുമായി 218 മത്സരങ്ങളില്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ സ്വന്തം നാട്ടില്‍ ആദ്യ സെഞ്ച്വറി നേടിയ മത്സരം കൂടിയായി രാജ്‌കോട്ടിലേത്. ഒന്‍പത് വര്‍ഷമായി ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്ന ജഡേജയുടെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയാണിത്. നേരത്തെ, ആഭ്യന്തര ക്രിക്കറ്റില്‍ മൂന്നു തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിരുന്നു.

വെസ്റ്റിന്‍ഡീസിന്റെ പതനം
ബാറ്റിങ്ങിലും ബൗളിങ്ങിലും എതിരാളികളെ വിറപ്പിക്കാറുണ്ടായിരുന്ന വെസ്റ്റിന്‍ഡീസ് ടീം ഇപ്പോള്‍ പരിതാപകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡും കളിക്കാരും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന കലഹംമൂലം മികച്ച ടീമിനെ വാര്‍ത്തെടുക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ വെസ്റ്റിന്‍ഡീസിന്റെ ഇപ്പോഴത്തെ മോശം പ്രകടനത്തില്‍ വേദന പ്രകടിപ്പിക്കുന്നതും ഒരുകാലത്ത് അവര്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications