ദക്ഷിണാഫ്രിക്കന്‍ ദൗത്യം: റണ്‍വേട്ടയില്‍ സച്ചിന്‍, വിക്കറ്റ് കൊയ്ത്തില്‍ കുംബ്ലെ... ചരിത്രം ഇങ്ങനെ
കേപ്ടൗണ്‍: 2017ല്‍ വിജയക്കുതിപ്പ് നടത്തിയ ടീം ഇന്ത്യ പുതുവര്‍ഷത്തെ തങ്ങളുടെ ആദ്യ വെല്ലുവിളിയായ ദക്ഷിണാഫ്രിക്കന്‍ ദൗത്യത്തിന് ഒരുങ്ങിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം ജനുവരി അഞ്ചിന് കേപ്ടൗണില്‍ തുടങ്ങുകയാണ്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലാത്ത ടീം ഇന്ത്യ ഇത്തവണ ചരിത്രം കുറിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. 1992-93 സീസണില്‍ ആദ്യമായി പര്യടനം നടത്തിയതു മുതല്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വിജയക്കൊടി പാറിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടില്ല. ഇതിഹാസതാരങ്ങളുള്‍പ്പെട്ട ടീമിനു പോലും സാധിക്കാതിരുന്ന നേട്ടം ന്യൂജന്‍ ടീം ഇന്ത്യക്കു സാധിക്കാനായാല്‍ അതു നാഴികക്കല്ലായി മാറും.

ജയിച്ചത് രണ്ടെണ്ണം മാത്രം
ദക്ഷിണാഫ്രിക്കയില്‍ ഇതുവരെയുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യക്കു വലിയ സാധ്യതകളൊന്നുമില്ല. 17 ടെസ്റ്റുകള്‍ ഇതുവരെ കളിച്ച ഇന്ത്യക്കു രണ്ടെണ്ണത്തില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. എട്ടെണ്ണത്തില്‍ പരാജയം സമ്മതിച്ചപ്പോള്‍ ഏഴു ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.
ആറു ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ ഇതുവരെ കളിച്ചത്. ഇതില്‍ അഞ്ചിലും തോല്‍വിയറിഞ്ഞു. ഒരു പരമ്പര സമനിലയില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് ഇന്ത്യക്കു ആശ്വാസമാവും.
2013-14 സീസണില്‍ മഹേന്ദ്രസിങ് ധോണിക്കു കീഴിലാണ് ഇന്ത്യ അവസാനമായി ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര കളിച്ചത്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ തോല്‍ക്കുകയായിരുന്നു.

സച്ചിന്‍, കുംബ്ലെ...
ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ ഇതുവരെയുള്ള വ്യക്തിഗത പ്രകടനങ്ങള്‍ പരിഗണിക്കുമ്പോള്‍ രണ്ടു മുന്‍ ഇതിഹാസങ്ങളാണ് മുന്നില്‍. ബാറ്റിങില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് കേമനെങ്കില്‍ ബൗളിങില്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയാണ് താരം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 25 മല്‍സരങ്ങളില്‍ നിന്ന് ഏഴു സെഞ്ച്വറികളടക്കം 1,741 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. കുംബ്ലെയാവട്ടെ 21 ടെസ്റ്റുകള്‍ നിന്നും ദക്ഷിണാഫ്രിക്കയുടെ 84 വിക്കറ്റുകളാണ് കടപുഴക്കിയത്.

ദാദയും ധോണിയും രണ്ടുവട്ടം
ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റുകളില്‍ നയിച്ച ക്യാപ്റ്റന്‍മാരെന്ന റെക്കോര്‍ഡ് സൗരവ് ഗാംഗുലിയും എംഎസ് ധോണിയും പങ്കിടുകയാണ്. രണ്ടു പരമ്പരകളില്‍ വീതം ഇരുവരും ഇന്ത്യയെ നയിച്ചു. 1992-93 സീസണിലെ പ്രഥമ പര്യടനത്തില്‍ മുഹമ്മദ് അസ്ഹറുദീനായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍.
ഓരോ തവണ വീതം സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും ഇന്ത്യയെ നയിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിലെ റെക്കോര്‍ഡ്
ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ചത് ഡര്‍ബനിലാണ് (അഞ്ച്). ജൊഹാന്നസ്ബര്‍ഗിലും കേപ് ടൗണിലും നാലു ടെസ്റ്റുകളില്‍ വീതം കളിച്ചിട്ടുണ്ട്. പോര്‍ട്ട് എലിസബത്ത് രണ്ടു ടെസ്റ്റുകള്‍ക്കു വേദിയായപ്പോള്‍ സെഞ്ചൂറിയനിലും ബ്ലുംഫൊണ്ടെയ്‌നിലും ഓരോ ടെസ്റ്റുകള്‍ വീതം കളിച്ചു.
ഇതില്‍ ഡര്‍ബനിലും ജൊഹാന്നസ്ബര്‍ഗിലും ഓരോ ടെസ്റ്റുകള്‍ മാത്രം ജയിച്ചതാണ് ഇന്ത്യക്കു ആശ്വസിക്കാനുള്ളത്. ജൊഹാന്നസ്ബര്‍ഗില്‍ നടന്ന മൂന്നു ടെസ്റ്റുകളും ദക്ഷിണാഫ്രിക്കയെ സമനിലയില്‍ കുരുക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു.

കുറഞ്ഞ സ്‌കോറും കൂടിയ സ്‌കോറും
ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്‌കോര്‍ 66 റണ്‍സാണ്. 1996-97ല്‍ ഡര്‍ബനില്‍ നടന്ന ടെസ്റ്റിലാണ് ഇന്ത്യ നാണംകെട്ടത്. ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍ സെഞ്ചൂറിയനിലായിരുന്നു (459 റണ്‍സ്). 2010-11 സീസണിലായിരുന്നു ഇത്.
അതേസമയം, ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്ക ഏറ്റവും കുറഞ്ഞ സ്‌കോറില്‍ പുറത്തായത് 84 റണ്‍സിനാണ്. 2006-07ല്‍ ജജൊഹാന്നസ്ബര്‍ഗില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇത്. ഉയര്‍ന്ന സ്‌കോറാവട്ടെ നാലു വിക്കറ്റിന് 620 റണ്‍സും. 2010-11ല്‍ സെഞ്ചൂറിയനില്‍ നടന്ന ടെസ്റ്റിലായിരുന്നു ഈ പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications