മെല്‍ബണ്‍: ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ഓസ്ട്രേലിയയെ 7 വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. നിശ്ചിത 20 ഓവറില്‍ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തപ്പോള്‍ 19.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ തോറ്റപ്പോള്‍ രണ്ടെണ്ണത്തില്‍ ജയംകണ്ടു. കഴിഞ്ഞദിവസം ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ മധ്യനിരയാണ് താങ്ങിനിര്‍ത്തിയത്. അലിസ്സ ഹീലി(0), ബെത്ത് മൂണി(16) എന്നിവര്‍ ഓപ്പണിങ്ങില്‍ പരാജയമായപ്പോള്‍ ആഷ്ലി ഗാര്‍ഡ്നെര്‍(57 പന്തില്‍ 93), മെഗ് ലാന്നിങ്(22 പന്തില്‍ 37) എന്നിവര്‍ ചേര്‍ന്ന് മികച്ച സ്കോറിലേക്ക് ടീമിനെ നയിച്ചു. ഇന്ത്യയ്ക്കുവേണ്ടി ദീപ്തി ശര്‍മ 2 വിക്കറ്റും രാജേശ്വരി ഗെയ്ക്ക്വാദ്, രാധാ യാദവ്, ഹര്‍ലീന്‍ ദിയോള്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ISL; ഒഡിഷ പ്ലേ ഓഫിലെത്തുമോ?, കൊല്‍ക്കത്തയില്‍ കാത്തിരിക്കുന്നത് വമ്പന്മാര്
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കാനിറങ്ങിയവരെല്ലാം തിളങ്ങി. ഷെഫാലി വര്‍മ(28 പന്തില്‍ 49), സ്മൃതി മന്ദാന(48 പന്തില്‍ 55) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ജമീമ റോഡ്രിഗസ്(19 പന്തില്‍ 30), ഹര്‍മന്‍പ്രീത് കൗര്‍(20 പന്തില്‍ 20), ദീപ്തി ശര്‍മ(4 പന്തില്‍ 11) എന്നിവര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. പോയന്റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന അവസാന മത്സരത്തിനുശേഷം ഫൈനലിസ്റ്റുകളെ തീരുമാനിക്കും.