'കരുണ്‍ നായരെ ടീം മാനേജ്‌മെന്റിന് ഇഷ്ടമല്ല'; ടീമില്‍ ഉള്‍പ്പെടുത്താത്തത് വിവാദമാകുന്നു
ലണ്ടന്‍: മുന്‍നിര താരങ്ങള്‍ ഫോമില്ലാതെ വലയുമ്പോഴും കരുണ്‍ നായരെ ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താത്തത് വിവാദമാകുന്നു. ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന്റെ അവസാന മത്സരം ഓവലില്‍ നടക്കുമ്പോള്‍ ഹനുമ വിഹാരിയെ മാത്രമാണ് പരീക്ഷിക്കാനൊരുങ്ങിയത്. തുടര്‍ച്ചയായി ബാറ്റിങ്ങില്‍ പരാജയമായ കളിക്കാരെ മാറ്റിനിര്‍ത്തി കരുണ്‍ നായര്‍ക്ക് അവസരം നല്‍കാത്തത് എന്തുകൊണ്ടെന്നത് വ്യക്തമല്ല.
കരുണ്‍ നായരെ ടീം മാനേജ്‌മെന്റിന് ഇഷ്ടമല്ലെന്നാണ് ഇതുസംബന്ധിച്ച് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍ പറയുന്നത്. കരുണ്‍ ടീം മാനേജ്‌മെന്റിന്റെ ഇഷ്ടതാരമല്ല. സെലക്ടര്‍മാര്‍ ടീമിലെടുത്തുവെന്നത് ശരിതന്നെ. എന്നാല്‍, ടീം മാനേജ്‌മെന്റ് താരത്തെ ഇഷ്ടപ്പെടുന്നില്ല. തന്നെ ടീമില്‍ ഉള്‍ക്കൊള്ളിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിക്കാനുള്ള അവകാശം കരുണിനുണ്ട്. അതിനുള്ള ഉത്തരം താരം അര്‍ഹിക്കുന്നുണ്ടെന്നും ഗാവസ്‌കര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ നാലു ടെസ്റ്റുകളില്‍ വിരാട് കോലിയൊഴികെ മറ്റൊരു താരത്തിനും പറയത്തക്ക പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. ബാറ്റിങ്ങില്‍ മാത്രമല്ല, സ്ലിപ്പ് ഫീല്‍ഡിങ്ങില്‍പോലും ഇന്ത്യന്‍താരങ്ങള്‍ ക്യാച്ച് കൈവിടുന്നത് പതിവാണ്. പ്രൊഫഷണല്‍ താരങ്ങള്‍ക്ക് തീര്‍ത്തും ചേരാത്തവിധം പ്രകടനം നടത്തുമ്പോഴും പരമ്പര നിര്‍ണയത്തെ സ്വാധീനിക്കാത്ത അവസാന ടെസ്റ്റില്‍പോലും കരുണിന് അവസരം നല്‍കാത്തത് വിവാദമായിട്ടുണ്ട്.
2016ല്‍ ഇംഗ്ലണ്ട് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ട്രിപ്പിള്‍ സെഞ്ച്വറിനേടിയ കരുണിന് പിന്നീട് കാര്യമായ അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാകുന്നില്ല. ട്രിപ്പിള്‍ നേടിയ നാലാമത്തെമാത്രം ഇന്ത്യന്‍താരമാണ് കരുണ്‍. കഴിവുള്ള കളിക്കാരെ നിരന്തരം മാറ്റി നിര്‍ത്തുന്നത് എന്തിനാണെന്നചോദ്യത്തിന് ടീം മാനേജ്‌മെന്റിന് ഉത്തരമില്ല. പ്രത്യേകിച്ചും മറ്റു താരങ്ങള്‍ ഫോമിലല്ലാതിരിക്കുമ്പോള്‍. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം നടത്തിയ മായങ്ക് അഗര്‍വാളിനെ ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ കഴിഞ്ഞദിവസം ഹര്‍ഭജന്‍ സിങ്ങും ചോദ്യം ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications