ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ കണ്ടെത്തലായി മാറിയിരിക്കുകയാണ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍. മിന്നുന്ന പ്രകടനത്തിലൂടെ വെറും മൂന്നു ടെസ്റ്റുകള്‍ കൊണ്ടു തന്നെ പ്ലെയിങ് ഇലവനില്‍ അദ്ദേഹം സ്ഥാനമുറപ്പിക്കുകയും ചെയ്തു. അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയത്തില്‍ (മൊട്ടേറ സ്റ്റേഡിയം) നടക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യക്കു വേണ്ടി രണ്ടു വിക്കറ്റുകളെടുത്തതോടെ എലൈറ്റ് പട്ടികയില്‍ ഇടംനേടിയിരിക്കുകയാണ് അക്ഷര്‍. ഈ ഗ്രൗണ്ടില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത നാലാമത്തെ ബൗളറെന്ന നേട്ടത്തിനൊപ്പമാണ് അദ്ദേഹം എത്തിയിരിക്കുന്നത്. 13 വിക്കറ്റുകള്‍ വെറും രണ്ടു ടെസ്റ്റില്‍ നിന്നും അക്ഷര്‍ കൊയ്തു കഴിഞ്ഞു.
ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ, ന്യൂസിലാന്‍ഡിന്റെ മുന്‍ നായകനും ഇതിഹാസ ഡാനിയേ വെറ്റോറി എന്നിവര്‍ക്കൊപ്പമാണ് അക്ഷറും എത്തിയിരിക്കുന്നത്. ഇരുവരും നേരത്തേ ഈ ഗ്രൗണ്ടില്‍ 13 വിക്കറ്റുകള്‍ വീതമെടുത്തിരുന്നു.
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവ് (14 വിക്കറ്റ്), മുന്‍ ഇതിഹാസ സ്പിന്‍ ജോടികളായ ഹര്ഭജന് സിങ് (19), അനില്‍ കുംബ്ലെ (36) എന്നിവര്‍ മാത്രമാണ് ഇനി അക്ഷറിനു മുന്നിലുള്ളത്.
അഹമ്മദാബാദില്‍ തന്നെ നടന്ന കഴിഞ്ഞ പിങ്ക് ബോള്‍ ടെസ്റ്റില്‍ അക്ഷര്‍ അവിസ്മരണീയ ബൗളിങ് പ്രകടനമായിരുന്നു കാഴ്ചവച്ചത്. രണ്ടിന്നിങ്സുകളിലായി 11 വിക്കറ്റുകള്‍ സ്പിന്നര്‍ വീഴ്ത്തിയിരുന്നു. ആദ്യ ഇന്നിങ്സില്‍ ആറും രണ്ടാമിന്നിങ്സില്‍ അഞ്ചും വിക്കറ്റുകള്‍ അക്ഷര്‍ കൊയ്തു. ഇന്ത്യ വെറും രണ്ടു ദിവസം കൊണ്ടു ജയിച്ച ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരവും താരത്തെ തേടിയെത്തിയിരുന്നു.