ക്യാപ്റ്റനെ പൂട്ടാന്‍ ഉപനായകന്‍! മുംബൈയ്ക്കും ബംഗളൂരുവിനും നിര്‍ണ്ണായകം, കോലിക്ക് അഭിമാനപ്പോര്

ബംഗളൂരു: പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും നേര്‍ക്കുനേര്‍.താരസമ്പന്നരായ രണ്ടു ടീമുകള്‍ തമ്മിലുള്ള ആവേശപോരാട്ടത്തിനുപരിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മയും നേര്‍ക്കുനേര്‍ എത്തുന്നു എന്ന സവിശേഷതയും ഈ മത്സരത്തിനുണ്ട്. ട്വന്റി20 ക്യാപ്റ്റന്‍സിയില്‍ കോലിയെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മയ്ക്ക് ബംഗളൂരുവിനെ അവരുടെ മടയില്‍ തോല്‍പ്പിക്കാന്‍ കഴിയുമോ എന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇരു ടീമിനും ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. മൂന്ന് തവണ ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ട രോഹിതും സംഘവും ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് മുട്ടുമടക്കിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടാണ് ബംഗളൂരു പരാജയപ്പെട്ടത്. ആദ്യ മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ബംഗളൂരുവിന് ഇന്നത്തെ പോരാട്ടം അഭിമാന പ്രശ്‌നമാണ്. എല്ലാ സീസണിലെപ്പോലെ ഇത്തവണയും കരുത്തുറ്റ നിരയുമായി എത്തി തോറ്റു മടങ്ങാനാണോ ബംഗളൂരുവിന്റെ വിധിയെന്ന് കാത്തിരുന്ന് കാണാം. എന്തായാലും ലോകക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റിങ് നിര അണിനിരക്കുന്ന ഇരു ടീമും തമ്മിലുള്ള മത്സരം ആരാധകരെ നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കാം.

ചാമ്പ്യന്‍ മുംബൈ
ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റെങ്കിലും മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് അത് വലിയ കാര്യമല്ല. അവസാന ഏഴ് സീസണിലും തോറ്റ് തുടങ്ങി മൂന്ന് തവണ കപ്പില്‍ മുത്തിയ മുംബൈ നിര ഇത്തവണയും അത്തരമൊരു മാജിക്കാണ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹിക്കെതിരേ റിഷഭ് പന്തിന്റെ അപ്രതീക്ഷിത ബാറ്റിങ് പ്രകടനമാണ് മുംബൈയുടെ വിജയ മോഹങ്ങളെ തകര്‍ത്തത്. ബൗളിങ് നിരയ്ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയാത്തതിനാല്‍ ടീമില്‍ മാറ്റങ്ങളുമായാവും മുംബൈ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ആദ്യ മത്സരത്തിനിടെ തോളിന് പരിക്കേറ്റ ബൂംറ പൂര്‍ണ ആരോഗ്യവാനാണെന്നും ബംഗളൂരുവിനെതിരേ കളിക്കുമെന്നും മുംബൈ ടീം വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന ലസിത് മലിംഗയ്ക്ക് മുംബൈയ്‌ക്കൊപ്പം ചേരാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കിയെങ്കിലും ഇന്ന് കളിക്കാന്‍ സാധ്യത കുറവാണ്. ഡല്‍ഹിക്കെതിരേ അരങ്ങേറ്റം കുറിച്ച റാസിക്ക് സലാമിന് വിശ്രമം അനുവദിച്ച് ബരീന്ദര്‍ സ്രാന്‍ മുംബൈ ബൗളിങ് നിരയില്‍ എത്തുമെന്നാണ് വിവരം.
ആദ്യ മത്സരത്തില്‍ മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയതാണ് മുംബൈക്ക് തിരിച്ചടിയായത്. ഓപ്പണറായി ഇറങ്ങുന്ന രോഹിതിന് റണ്‍നിരക്ക് ഉയര്‍ത്താന്‍ സാധിക്കുന്നില്ല. അവസാന സീസണിലെ മുംബൈയുടെ ഓപ്പര്‍മാരായ സൂര്യകുമാര്‍ യാദവ്-എവിന്‍ ലെവിസ് എന്നിവരെ ഇത്തവണ ആ സ്ഥാനത്തേക്ക് മുംബൈ പരിഗണിച്ചില്ല. രോഹിതിനൊപ്പം ക്വിന്റന്‍ ഡി കോക്കാണ് ഈ സീസണില്‍ ഓപ്പണ്‍ ചെയ്യുന്നത്. മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിന് പകരം ഇഷാന്‍ കിഷന്‍ കളിക്കാനും സാധ്യതയുണ്ട്. അര്‍ദ്ധ സെഞ്ച്വറിയോടെ ഡല്‍ഹിക്കെതിരേ യുവരാജ് സിങ് തിളങ്ങിയത് മുംബൈ ബാറ്റിങ് നിരയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. കീറോണ്‍ പൊള്ളാര്‍ഡ്,ഹര്‍ദിക് പാണ്ഡ്യ,ക്രുണാല്‍ പാണ്ഡ്യ,ബെന്‍ കട്ടിങ് എന്നീ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരും ടീമിന് കരുത്തേകുന്നു.

കോലിക്ക് ജയിച്ചേ മതിയാകൂ
ലോകത്തിലെ സൂപ്പര്‍ താരങ്ങളെയെല്ലാം ടീമില്‍ എത്തിച്ചിട്ടും ബംഗളൂരുവിന് ജയിക്കാനാവുന്നില്ല. ഈ ചീത്തപ്പേര് മാറ്റാന്‍ കോലിക്ക് ഇനിയുള്ള മത്സരങ്ങളില്‍ ജയിക്കേണ്ടത് അനിവാര്യമാണ്. ചെന്നൈയ്‌ക്കെതിരായ ഉദ്ഘാടന മത്സരത്തില്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനാണ് ബംഗളൂരു പുറത്തെടുത്തത്. വിരാട് കോലി,എ.ബി ഡിവില്ലിയേഴ്‌സ്,.മോയിന്‍ അലി,ഹെറ്റ്‌മെയര്‍,ശിവം ദുബെ,കോളിന്‍ ഡി ഗ്രാന്റ്‌ഹോം എന്നിവരിലാര്‍ക്കും ബാറ്റുകൊണ്ട് ഒന്നും ചെയ്യാനായില്ലെന്നതാണ് വസ്തുത. പാര്‍ഥിവ് പട്ടേലിന്റെ ബാറ്റിങ് കൂടിയില്ലായിരുന്നെങ്കില്‍ ചെന്നൈയ്‌ക്കെതിരേ ബംഗളൂരുവിന്റെ അവസ്ഥ കൂടുതല്‍ ദയനീയമായെനെ. സ്പിന്നര്‍മാര്‍ക്കെതിരേ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് ചെന്നൈയ്‌ക്കെതിരേ ബംഗളൂരു ബാറ്റ്‌സ്മാന്‍മാര്‍ ഗാലറിയിലേക്ക് ഘോഷയാത്ര നടത്തിയത്. ഈ പിഴവ് നികത്താന്‍ ബംഗളൂരു തയ്യാറായില്ലെങ്കില്‍ മുംബൈയ്‌ക്കെതിരെയും നാണംകെടുമെന്നുറപ്പ്. ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസ് ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം പാകിസ്താന്‍ പരമ്പരയില്‍ പങ്കെടുക്കുന്നതിനാല്‍ താരത്തെ ബംഗളൂരുവിന് ലഭിക്കില്ല.
ബൗളിങ് നിരയുടെ തിരഞ്ഞെടുപ്പിലാണ് എല്ലാ സീസണിലും ബംഗളൂരുവിന് പിഴക്കുന്നത്. ഈ സീസണിലും ഈ പിഴവ് കോലിപ്പട ആവര്‍ത്തിച്ചിട്ടുണ്ട്. ടിം സൗത്തി,കോളിന്‍ ഡി ഗ്രാന്റ്‌ഹോം,നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍ എന്നിവരാണ് ഫാസ്റ്റ് ബൗളര്‍മാരായ വിദേശ താരങ്ങള്‍. ഉമേഷ് യാദവ്,മുഹമ്മദ് സിറാജ് എന്നീ ബൗളര്‍മാരുടെ ട്വന്റി20 പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. എന്തായും തുല്യശക്തികളുടെ പോരാട്ടത്തില്‍ വിജയം ആര്‍ക്കൊപ്പമെന്നത് കാത്തിരുന്ന് കാണാം

കണക്കില്‍ രാജാവ് മുംബൈ
ഇരു ടീമും ഇതുവരെ 25 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ 16 തവണയും ജയം മുംബൈയ്ക്കായിരുന്നു. ഒമ്പത് തവണയാണ് ബംഗളൂരു ജയിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications