ആദ്യ ജയം തേടി ഹൈദരാബാദും രാജസ്ഥാനും ഇന്നിറങ്ങും;വില്യംസണ്‍ മടങ്ങിയെത്തും,രാജസ്ഥാന് അഗ്നിപരീക്ഷ

ഹൈദരബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട രണ്ടു ടീമിനും ഇന്നത്തെ ജയം അഭിമാന പോരാട്ടമാണ്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലാണ് മത്സരം. കളിക്കണക്കുകളില്‍ ഹൈദരാബാദിന് മുന്‍തൂക്കമുണ്ട്. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും കൊല്‍ക്കത്തയോടെ നിര്‍ഭാഗ്യവശാല്‍ ഹൈദരാബാദ് പരാജയപ്പെടുകയായിരുന്നു. മറുവശത്ത് പഞ്ചാബിനോട് പരാജയപ്പെട്ടാണ് രാജസ്ഥാന്‍ വരവ്. പ്രതീക്ഷയ്‌ക്കൊത്ത് ബാറ്റിങ് നിര ഉയരാത്തതതാണ് രാജസ്ഥാന്റെ ആദ്യ മത്സരത്തില്‍ തോല്‍വിക്ക് കാരണം. ജോസ് ബട്‌ലര്‍ കരുത്തോടെ ബാറ്റുവീശിയപ്പോള്‍ അജിന്‍ക്യ രഹാനെ,ബെന്‍ സ്‌റ്റോക്‌സ്,സഞ്ജു സാംസണ്‍,സ്റ്റീവ് സ്മിത്ത് തുടങ്ങിയവര്‍ക്കൊന്നും താളം കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഹൈദരാബാദില്‍ മടങ്ങിവരവ് ആഘോഷമാക്കിയ ഡേവിഡ് വാര്‍ണര്‍ തട്ടകത്തില്‍ വെടിക്കെട്ട് പുറത്തെടുത്താല്‍ തടുത്തു നിര്‍ത്തുക പ്രയാസം. ബൗളിങ് കരുത്തും ബാറ്റിഹ് കരുത്തും ആവോളമുള്ള ഹൈദരാബാദ് ഇന്നത്തെ മത്സരത്തില്‍ പിഴവുകള്‍ നികത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആദ്യ മത്സരത്തിലെ തോല്‍വി മറന്ന് 12ാം സീസണിലെ ആദ്യ ജയം തേടി ഇരു ടീമും പോരാടിക്കുമ്പോള്‍ ആവേശം വാനോളം ഉയരുമെന്നുറപ്പ്.

തട്ടകത്തില്‍ ഉദിച്ചുയരും
സ്വന്തം കളിത്തട്ടില്‍ രാജസ്ഥാന്റെ വിജയ മോഹങ്ങളെ അടിച്ചപറത്താന്‍ ഉറച്ചാവും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വരവ്. ആദ്യ മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിനെ നയിച്ചത്. എന്നാല്‍ രാജസ്ഥാനെതിരേ ഹൈദരാബാദിനെ നയിക്കാന്‍ കെയ്ന്‍ വില്യംസണ്‍ തിരിച്ചെത്തുമെന്നാണ് വിവരം. ഇതോടെ ഹൈദരാബാദിന്റെ ബാറ്റിങ് കരുത്ത് ഇരട്ടിക്കും. വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയെത്താനും സാധ്യതയുണ്ട്. ഓപ്പണിങ് കൂട്ടുകെട്ടില്‍ മാറ്റം വരാനാണ് സാധ്യത. സാഹയെത്തുന്നതോടെ ജോണി ബെയര്‍സ്‌റ്റോയെ പുറത്തിരുത്താം. ദീപക് ഹൂഡയെ പുറത്തിരുത്തി പകരം വില്യംസണ്‍ എത്തുന്നതോടെ വാര്‍ണര്‍ക്കൊപ്പം വില്യംസണ്‍ ഓപ്പണ്‍ ചെയ്യുമെന്നാണ് വിവരം.ആദ്യ മത്സരത്തില്‍ തിളങ്ങിയ വിജയ് ശങ്കര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും.കൊല്‍ക്കത്തയ്‌ക്കെതിരേ തിളങ്ങിയില്ലെങ്കിലും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കെല്‍പ്പുള്ള യൂസഫ് പഠാനെ മധ്യനിരയില്‍ നിലനിര്‍ത്തിയേക്കും.ഷക്കീബ് അല്‍ഹസന്‍,റാഷിദ് ഖാന്‍ എന്നിവര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി സ്ഥാനം നിലനിര്‍ത്തുമ്പോള്‍ ഭുവനേശ്വര്‍ കുമാര്‍,സന്ദീപ് ശര്‍മ,സിദ്ധാര്‍ത്ഥ് കൗള്‍ എന്നീ പേസര്‍മാരെ തന്നെയാവും ഹൈദരാബാദ് വിശ്വാസം അര്‍പ്പിക്കുക.

രാജാക്കന്‍മാരായി തിരിച്ചുവരണം
റോയല്‍സ് എന്ന പേര് നിലനിര്‍ത്താന്‍ ഗംഭീര ജയം തന്നെ രാജസ്ഥാന് വേണം. അജിന്‍ക്യ രഹാനെ ഉള്‍പ്പെടുന്ന ബാറ്റിങ് നിര തിളങ്ങിയാല്‍ മാത്രമെ രാജസ്ഥാന് വിജയം പ്രതീക്ഷിക്കേണ്ടു. മടങ്ങിവരവില്‍ വാര്‍ണര്‍ക്ക് താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്മിത്തിന്റെ അവസ്ഥ അങ്ങനെയല്ല. പരിക്ക് ഭേദമായി തിരിച്ചെത്തിയ സ്മിത്തില്‍ നിന്ന് ക്ലാസിക് ഇന്നിങ്‌സാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അവസാന സീസണുകളില്‍ ടോപ് ഓഡറില്‍ ബാറ്റിങ് കരുത്തേകിയ മലയാളി താരം സഞ്ജു സാംസണും ഫോമിലേക്കുയരേണ്ടത് രാജസ്ഥാനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സില്‍ നിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നു. മധ്യനിരയില്‍ രാഹുല്‍ ത്രിപതിയുടെയും കൃഷ്ണപ്പ ഗൗതമിന്റെയും ഓള്‍റൗണ്ട് പ്രകടനവും രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണ്ണായകമാവും. ജയദേവ് ഉനദ്ഘട്ട്,ധവാല്‍ കുല്‍ക്കര്‍ണി,ജോഫ്ര ആര്‍ച്ചര്‍,ശ്രേയസ് ഗോപാല്‍ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്നാണ് വിവരം.

കണക്കില്‍ ഹൈദരാബാദിന് നേരിയ മുന്‍തൂക്കം
ഇതുവരെ ഒമ്പത് തവണയാണ് രാജസ്ഥാനും ഹൈദരാബാദും ഏറ്റുമുട്ടിയത്. ഇതില്‍ അഞ്ച് തവണ ഹൈദരബാദ് ജയിച്ചപ്പോള്‍ നാല് തവണ ജയം രാജസ്ഥാനൊപ്പം നിന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications