രാജസ്ഥാന് അഗ്നിപരീക്ഷ; തട്ടകത്തില്‍ എതിരാളി ചെന്നൈ ; ഇനിയും തോറ്റാല്‍ തിരിച്ചുവരാന്‍ വിയര്‍ക്കും

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ. ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ഒരു തോല്‍വിയുമടക്കം 10 പോയിന്റുള്ള ചെന്നൈസൂപ്പര്‍ കിങ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ അഞ്ച് മത്സരത്തില്‍ നിന്ന് ഒരു ജയവും നാല് തോല്‍വിയും വഴങ്ങിയ രാജസ്ഥാന്‍ രണ്ട് പോയിന്റോടെ ഏഴാം സ്ഥാനത്താണ്. ബംഗളൂരുവിനെതിരേ മാത്രമാണ് രാജസ്ഥാന് ജയിക്കാനായത്. ഇന്നത്തെ മത്സരത്തില്‍ക്കൂടി തോറ്റാല്‍ പ്ലേ ഓഫില്‍ കടക്കുക രാജസ്ഥാന് ദുഷ്‌കരമാവും. മികച്ച താരങ്ങളുണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ ആര്‍ക്കും സാധിക്കാത്തതാണ് രാജസ്ഥാന്റെ പ്രശ്‌നം.
ട്വന്റി20ക്ക് അനുയോജ്യമായ രീതിയില്‍ ബാറ്റുവീശാന്‍ ആര്‍ക്കും സാധിക്കുന്നില്ല. ജോസ് ബട്‌ലര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുമ്പോള്‍ ബെന്‍സ്‌റ്റോക്‌സ് നിരാശപ്പെടുത്തുന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ മോശം ഫോമും ടീമിനെ പ്രതിസന്ധിയിലാക്കുന്നു. ജയം അനിവാര്യമായ മത്സരത്തിന് രാജസ്ഥാന്‍ പ്രതീക്ഷയോടെ ഇറങ്ങുമെങ്കിലും കരുത്തരായ ചെന്നൈയെ വീഴ്ത്തുക എളുപ്പമാവില്ല. എതിരാളികളുടെ മനസ്സറിഞ്ഞ് തന്ത്രം മെനയുന്ന ധോണിയെന്ന കൗശലക്കാരനായ ക്യാപ്റ്റനാണ് ചെന്നൈയുടെ ശക്തി. സീനിയര്‍ സ്പിന്നര്‍മാരായ ഇമ്രാന്‍ താഹിറിന്റെയും ഹര്‍ഭജന്‍ സിങ്ങിന്റെയും വിക്കറ്റ് വീഴ്ത്താനുള്ള മിടുക്ക് ചെന്നൈയുടെ വിജയ പ്രതീക്ഷകളെ കൂടുതല്‍ സജീവമാക്കുന്നു. ഈ സീസണില്‍ ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവും ചെന്നൈയ്ക്ക് കരുത്താകും.

ബാറ്റിങ് ദുര്‍ബലം
എടുത്തു പറയാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാന്‍മാര്‍ ടീമിനൊപ്പമുണ്ടെങ്കിലും സ്ഥിരതയില്ല. രഹാനെ-ബട്‌ലര്‍ ഓപ്പണിങ് കൂട്ടുകെട്ട് തുടര്‍ച്ചയായി പരാജയപ്പെടുന്നു. പരിക്കേറ്റ സഞ്ജു സാംസണിന്റെ അഭാവം രാജസ്ഥാന്‍ നിരയില്‍ പ്രതിഫലിക്കുന്നു. രാഹുല്‍ ത്രിപതി,സ്റ്റീവ് സ്മിത്തി,ബെന്‍ സ്‌റ്റോക്‌സ്,കൃഷ്ണപ്പ ഗൗതം എന്നിവര്‍ക്കും മികച്ചൊരു പ്രകടനം പുറത്തെടുക്കാന്‍ ആവുന്നില്ല. റണ്‍നിരക്ക് ഉയര്‍ത്താന്‍ കെല്‍പ്പുള്ള വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ അഭാവം രാജസ്ഥാന്‍ നിരയില്‍ നിഴലിച്ച് നില്‍ക്കുന്നു. ശ്രേയസ് ഗോപാല്‍ സ്പിന്‍ ബൗളിങ്ങില്‍ തിളങ്ങുന്നുണ്ട്. അഞ്ച് മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റ് വീഴ്ത്തിയ ഗോപാല്‍ വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാമതുണ്ട്.
ഇന്നത്തെ മത്സരത്തില്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. സ്റ്റുവര്‍ട്ട് ബിന്നി മധ്യനിരയില്‍ സ്ഥാനം നിലനിര്‍ത്തുമ്പോള്‍ മനാന്‍ വോറ ഓപ്പണര്‍ റോളില്‍ എത്താനും സാധ്യതയുണ്ട്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കെല്‍പ്പുള്ള ആഷ്ടണ്‍ ടെര്‍ണര്‍ക്കും രാജസ്ഥാന്‍ അവസരം നല്‍കിയേക്കും. ബൗളിങ് നിരയില്‍ ജോഫ്ര ആര്‍ച്ചറുടെ ഭേദപ്പെട്ട പ്രകടനം മാറ്റി നിര്‍ത്തിയാല്‍ മറ്റാര്‍ക്കും ശോഭിക്കാന്‍ സാധിക്കുന്നില്ല. വിന്‍ഡീസ് പേസര്‍ ഓഷ്വാന തോമസിനെ കളിപ്പിക്കാനും സാധ്യതയുണ്ട്. ടീമില്‍ അടിമുടി മാറ്റം വരുത്തിയില്ലെങ്കില്‍ ജയിക്കാന്‍ രാജസ്ഥാന്‍ പാടുപെടും.

വീറോടെ ചെന്നൈയുടെ രാജാക്കന്‍മാര്‍
മുംബൈ ഇന്ത്യന്‍സിനോട് മാത്രമാണ് ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റത്. മറ്റുള്ളവരെല്ലാം ചെന്നൈയുടെ മികവിന് മുന്നില്‍ മുട്ടുമടക്കിയവരാണ്. ഓപ്പണിങ്ങില്‍ അമ്പാട്ടി റായിഡുവിന് പകരം ഫഫ് ഡുപ്ലെസിസിനെ കൊണ്ടുവന്ന ചെന്നൈയുടെ തന്ത്രം അവസാന രണ്ട് മത്സരത്തിലും ഫലം കണ്ടിരുന്നു. കൊല്‍ക്കത്തയ്‌ക്കെതിരായ അവസാന മത്സരത്തില്‍ ചെന്നൈയുടെ ടോപ് സ്‌കോററായിരുന്നു ഡുപ്ലെസിസ്. എന്നാല്‍ ടോപ് ഓഡറില്‍ സുരേഷ് റെയ്‌നയ്ക്ക് ഫോം കണ്ടെത്താന്‍ കഴിയുന്നില്ല. പഴയ വെടിക്കെട്ട് വീരന്‍ റെയ്‌നയുടെ ബാറ്റിങ് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും താരം നിരാശപ്പെടുത്തുന്നു. മദ്ധ്യനിരയിലേക്ക് മാറ്റം കിട്ടിയ റായിഡു തരക്കേടില്ലാതെ കളിക്കുന്നുണ്ട്. കേദാര്‍ ജാദനും എം.എസ് ധോണിയും മദ്ധ്യനിരയെ ശക്തിപ്പെടുത്തുമ്പോള്‍ രവീന്ദ്ര ജഡേജ ബാറ്റുകൊണ്ട് നിരാശപ്പെടുത്തുന്നു.
ആദ്യ പവര്‍പ്ലേയില്‍ ബാറ്റ്‌സ്മാനെ വെള്ളം കുടിപ്പിക്കുന്ന ദീപക് ചാഹറിന്റെ ബൗളിങ് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു. ആറ് മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റാണ് ചാഹര്‍ വീഴ്ത്തിയത്. ആറ് മത്സരത്തില്‍ നിന്ന്് ഒമ്പത് വിക്കറ്റുമായി താഹിര്‍ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമതുണ്ട്. ഹര്‍ഭജന്‍ എഴ് വിക്കറ്റും അക്കൗണ്ടിലാക്കിക്കഴിഞ്ഞു. തുടര്‍ ജയത്തോടെ ആദ്യം പ്ലേ ഓഫില്‍ സീറ്റ് നേടാന്‍ പദ്ധതിയിടുന്ന ധോണിക്കും സംഘത്തിനുമാണ് ഇന്നത്തെ മത്സരത്തിലും വിജയ സാധ്യത.

കണക്കില്‍ ചെന്നൈ മുന്നില്‍
20 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 13 തവണയും ജയം ചെന്നൈയ്ക്കായിരുന്നു. എന്നാല്‍ തട്ടകത്തില്‍ രാജസ്ഥാനാണ് ആധിപത്യം. അഞ്ച് തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് തവണയും രാജസ്ഥാനാണ് ജയിച്ചത്. രണ്ട് തവണ ചെന്നൈയും വിജയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications