ഐപിഎല്‍ ഉദ്ഘാടന ചടങ്ങില്‍ ടീം ക്യാപ്റ്റന്‍മാര്‍ പങ്കെടുക്കില്ല; കാരണം?

Posted By: rajesh mc

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ഏപ്രില്‍ 7ന് ആരംഭിക്കാനിരിക്കെ ഐപിഎല്‍ അധികൃതരും, ബിസിസിഐയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു. ഐപിഎല്‍ അധികൃതരുടെ കെടുകാര്യസ്ഥത മൂലം ടീം ക്യാപ്റ്റന്‍മാര്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. മുംബൈ ഇന്ത്യന്‍സിന്റെയും, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും ക്യാപ്റ്റന്‍മാര്‍ മാത്രമാണ് ഉദ്ഘാടന ചടങ്ങിനെത്തുക.

എല്ലാ ക്യാപ്റ്റന്‍മാരും പങ്കെടുക്കുന്ന വീഡിയോ ഷൂട്ട് ഏപ്രില്‍ 6ന് നടത്തിയ ശേഷം ക്യാപ്റ്റന്‍മാര്‍ അതത് ടീമുകളുടെ അടുത്തേക്ക് പറക്കുമെന്നാണ് വിവരം. ആദ്യത്തെ മത്സരത്തിന് തലേദിവസം സംഘടിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ക്യാപ്റ്റന്‍മാര്‍ 'സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്' പ്രതിജ്ഞയില്‍ ഒപ്പുവെയ്ക്കുന്ന രീതിയാണ് കഴിഞ്ഞ വര്‍ഷം വരെ നടന്നിരുന്നത്. എന്നാല്‍ ഇക്കുറി മുംബൈയും, ചെന്നൈയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് മുന്‍പ് ചടങ്ങ് സംഘടിപ്പിക്കാനാണ് ഐപിഎല്‍ ഗവേണിംഗ് ബോഡി തീരുമാനിച്ചത്.

ipl

എന്നാല്‍ തൊട്ടടുത്ത ദിവസം നാല് ടീമുകള്‍ക്ക് മത്സരങ്ങളുണ്ടെന്നത് ശ്രദ്ധിക്കാതെയായിരുന്നു ഈ തീരുമാനം. ഏപ്രില്‍ 8ന് വൈകുന്നേരം 4 മണിക്ക് ഡല്‍ഹി, പഞ്ചാബിനെയും, രാത്രി 8ന് ബാംഗ്ലൂര്‍-കൊല്‍ക്കത്ത മത്സരവും നടക്കുന്നുണ്ട്. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് ക്യാപ്റ്റന്‍മാര്‍ക്ക് ടീമിനൊപ്പം എത്താന്‍ സമയം ലഭിക്കില്ലെന്നതാണ് ബിസിസിഐയുടെ കടുത്ത തീരുമാനത്തിന് പിന്നില്‍. ഐപിഎല്‍ അധികൃതര്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ എടുത്ത തീരുമാനമാണ് കുഴപ്പമുണ്ടാക്കിയതെന്ന് ബിസിസിഐ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

വിമാനം പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്‍ പിടിച്ച് ടീമിനൊപ്പം ചേരേണ്ട ഗതികേട് ചില ക്യാപ്റ്റന്‍മാര്‍ക്ക് നേരിടുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഉദ്ഘാടന ചടങ്ങില്‍ നിന്നും ഇവരെ ഒഴിവാക്കിയത്. പകരം താരങ്ങളുടെ വീഡിയോ പ്രദര്‍ശിപ്പിക്കുമെന്നാണ് ഐപിഎല്‍ ആക്ടിംഗ് പ്രസിഡന്റ് സികെ ഖന്ന വ്യക്തമാക്കിയത്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, March 22, 2018, 9:17 [IST]
Other articles published on Mar 22, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍