ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യര്‍. ഇന്ത്യയുടെ നാലാം നമ്പര്‍ താരവും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനുമായ ശ്രേയസ് ലങ്കാഷെയറിനുവേണ്ടിയാണ് കളിക്കുന്നത്. ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന റോയല്‍ ലണ്ടന്‍ കപ്പിനായുള്ള ടീമിലേക്കാണ് ശ്രേയസിനെയും പരിഗണിച്ചത്. താരവുമായുള്ള കരാര്‍ വിവരം ലങ്കാഷെയര്‍ തന്നെയാണ് പുറത്തുവിട്ടത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ജൂലൈ 15ന് ശ്രേയസ് ലണ്ടനിലെത്തും. ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 19വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
നിലവില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര കളിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് ശ്രേയസ്. ഏപ്രില്‍ 9ന് ആരംഭിച്ച് മെയ് 30ന് നാണ് ഐപിഎല്‍ അവസാനിക്കുന്നത്. ഇതിന് ശേഷമാവും അദ്ദേഹം ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഓള്‍ഡ് ട്രഫോര്‍ഡിലേക്ക് പോവുക. സൗരവ് ഗാംഗിലും വിവിഎസ് ലക്ഷ്മണും അടക്കം കളിച്ച കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ അവസരം ലഭിച്ചത് വലിയ ബഹുമതിയായി കാണുന്നുവെന്നാണ് ശ്രേയസ് പ്രതികരിച്ചത്.

കൗണ്ടി ക്രിക്കറ്റിലെ പ്രമുഖ ടീമുകളിലൊന്നായ ലങ്കാഷെയറിനായി കളിക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് ശ്രേയസ്. ഫറൂഖ് എഞ്ചിനീയര്‍, സൗരവ് ഗാംഗുലി, ദിനേഷ് മോംഗിയ, മുരളി കാര്‍ത്തിക്, വിവിഎസ് ലക്ഷ്മണ്‍ എന്നിവരാണ് നേരത്തെ ലങ്കാഷെയറിനായി കളിച്ചത്. സമീപകാലത്തായി ഇന്ത്യക്കുവേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന ശ്രേയസ് ഇംഗ്ലണ്ടിനെതിരായ ടി20യിലും തിളങ്ങിയിരുന്നു.
അതേ സമയം ഐപിഎല്ലിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക,ന്യൂസീലന്‍ഡ് ടീമുകളുമായി ടി20 പരമ്പര കളിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ജൂണില്‍ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടക്കാനുള്ളതിനാല്‍ ജൂലൈയിലാവും ടി20 പരമ്പര നടക്കുകയെന്നാണ് വിവരം. അങ്ങനെ വന്നാല്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പ് കളിക്കുക ശ്രേയസിന് പ്രയാസകരമാവും. കാരണം ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ ടീം വലിയ പ്രാധാന്യത്തോടെ നോക്കിക്കാണുന്ന താരമാണ് ശ്രേയസ് അയ്യര്‍.
ഭാവിയിലെ ഇന്ത്യന്‍ ക്യാപ്റ്റനായി വിലയിരുത്തപ്പെടുന്ന ശ്രേയസ് അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഫൈനലിലേക്ക് നയിച്ചിരുന്നു. ഇത്തവണയും ശ്രേയസ് തന്നെയാവും ഡല്‍ഹിയെ നയിക്കുക. വിദേശ മൈതാനങ്ങളില്‍ കളിച്ച വലിയ അനുഭവസമ്പത്തില്ലാത്ത ശ്രേയസിന് ഇംഗ്ലണ്ടിലെ സാഹചര്യം വെല്ലുവിളിയാവുമോയെന്ന് കണ്ടറിയാം. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ശ്രേയസിന് അവസരം കുറവാണെങ്കിലും ഏകദിന,ടി20 ടീമുകളില്‍ താരം സജീവമാണ്.