വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീമില്‍ സഞ്ജുവിനെ തഴഞ്ഞ് പന്തിനെ നിലനിര്‍ത്തി, ബിസിസിഐക്ക് എതിരെ രോഷം

Fans unhappy over Sanju Samson's exclusion from India's T20I squad | Oneindia Malayalam

കൊല്‍ക്കത്ത: ബംഗ്ലാദേശിനെതിരെ നടന്ന മൂന്നു ട്വന്റി-20 മത്സരങ്ങളിലും കളിക്കാര്‍ക്ക് വെള്ളം കൊണ്ടുക്കൊടുക്കുകയായിരുന്നു സഞ്ജു സാംസണ്‍. പ്രീമിയര്‍ ബാറ്റ്‌സ്മാനായി ടീമിലെടുത്തിട്ടും നായകന്‍ രോഹിത് ശര്‍മ്മ താരത്തെ ഒരുതവണ പോലും പ്ലേയിങ് ഇലവനില്‍ കൂട്ടിയില്ല. ഇതേസമയം, സഞ്ജുവിനൊപ്പം സ്‌ക്വാഡില്‍ കയറിയ ഓള്‍ റൗണ്ടര്‍ ശിവം ദൂബെ മൂന്നു മത്സരങ്ങളിലും പങ്കെടുത്തു. നേരത്തെ, വിജയ് ഹസാരെ ട്രോഫിയില്‍ നടത്തിയ മികവുറ്റ പ്രകടനമാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് വാതില്‍ തുറന്നത്. എന്നാല്‍ മൂന്നു മത്സരങ്ങളും സൈഡ് ബെഞ്ചിലിരുന്ന് കളി കാണുകയായിരുന്നു താരം.

അവസരം പ്രതീക്ഷിച്ചു

ബംഗ്ലാദേശിന് എതിരെ അവസരം ലഭിക്കാതിരുന്ന സ്ഥിതിക്ക് വിന്‍ഡീസ് പരമ്പരയ്ക്ക് സഞ്ജുവിനെ സെലക്ടര്‍മാര്‍ പരിഗണിക്കുമെന്ന് ക്രിക്കറ്റ് ലോകം കരുതി. ട്വന്റി-20 പരമ്പരയില്‍ പാടെ നിറംകെട്ട റിഷഭ് പന്തും ശിഖര്‍ ധവാനും സഞ്ജുവിന്റെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്തു.

പക്ഷെ വ്യാഴാഴ്ച്ച കൊല്‍ക്കത്തയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി പുതിയ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സാംസണ്‍ തഴയപ്പെട്ടു. റിഷഭ് പന്തും കെഎല്‍ രാഹുലും ശിഖര്‍ ധവാനും ശ്രേയസ് അയ്യറും ടീമില്‍ തുടരണമെന്നാണ് എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.

കാരണം പറയുന്നില്ല

ഒരവസരം പോലും നല്‍കാതെ സഞ്ജുവിനെ ഒഴിവാക്കിയ ബിസിസിഐയുടെ നടപടിയില്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ടീം പ്രഖ്യാപനത്തിന് പിന്നാലെ ഹര്‍ഷാ ബോഗ്‌ലെ, ശശി തരൂര്‍, ജോയ് ഭട്ടാചാര്യ തുടങ്ങിയ പ്രമുഖരും ബിസിസിഐയുടെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സഞ്ജുവിന്റെ ആത്മവിശ്വാസത്തെ കെടുത്തുകയാണെന്ന് ഇവര്‍ പറയുന്നു. സഞ്ജുവിനെ ഒഴിവാക്കാന്‍ പ്രത്യേക കാരണമൊന്നും സെലക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നില്ല.

രോഷം ബിസിസിഐക്ക് എതിരെ

ധോണിയുടെ കാര്യം അനിശ്ചിതത്വത്തില്‍ തുടരവെ റിഷഭ് പന്തിനെ ടീമിലെ ഒന്നാം കീപ്പറായി വളര്‍ത്തിയെടുക്കാന്‍ ബിസിസിഐ കണക്കുകൂട്ടുന്നു. ഇതിനായി റിഷഭ് പന്തിന് പരമാവധി അവസരങ്ങള്‍ ഉറപ്പുവരുത്തണം. ട്വന്റി-20 ലോകകപ്പ് അടുത്തുവരികെ പന്തിന് മികവു തെളിയിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന് സെലക്ടര്‍മാര്‍ മുന്‍പുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, വിരാട് കോലിക്ക് വിശ്രമം അനുവദിച്ച പശ്ചാത്തലത്തിലാണ് സഞ്ജുവിന് ടീമിലേക്ക് വിളിയെത്തിയത്.

ഡേ/നൈറ്റ് ടെസ്റ്റ് പതിവാക്കരുത്, കളി അറിയുന്നവര്‍ വേണം ടെസ്റ്റ് കാണാനെത്താന്‍ — തുറന്നടിച്ച് കോലി

അരങ്ങേറ്റം

കോലി നായകനായി തിരിച്ചെത്തിയ സ്ഥിതിക്ക് സ്‌ക്വാഡില്‍ സഞ്ജുവിനെ കൂടി ഉള്‍ക്കൊള്ളാന്‍ സെലക്ടര്‍മാര്‍ക്ക് കഴിയില്ലെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നു.
എന്തായാലും ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇന്ത്യന്‍ ടീമില്‍ തിരിച്ചുകയറാനുള്ള സഞ്ജുവിന്റെ കാത്തിരിപ്പ്. 2015 ജൂലായില്‍ സിംബാബ്‌വേയ്‌ക്കെതിരൊയയിരുന്നു ഇന്ത്യന്‍ കുപ്പായത്തില്‍ താരം അണിനിരന്നത്. അന്ന് താരത്തിന് പ്രായം 19. എന്നാല്‍ അവിടുന്നിങ്ങോട്ട് ഒരിക്കല്‍പ്പോലും ഇന്ത്യയ്ക്കായി കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചിട്ടില്ല.

തടസ്സങ്ങൾ

ആഭ്യന്തര, ഐപിഎല്‍ സീസണുകളില്‍ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിക്കുമ്പോഴും ബിസിസിഐ സഞ്ജുവിന് നേരെ മുഖം തിരിക്കുന്നുവെന്ന ആക്ഷേപം ഇപ്പോള്‍ വീണ്ടും ശക്തമായിരിക്കുകയാണ്. നേരത്തെ, മഹേന്ദ്ര സിങ് ധോണിയുടെ സാന്നിധ്യമാണ് സഞ്ജുവിന് ടീമിലേക്കുള്ള വിളി വൈകിപ്പിച്ചത്. ധോണിയുള്ളപ്പോള്‍ രണ്ടാമതൊരു കീപ്പറെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യം ബിസിസിഐക്ക് ഇല്ലായിരുന്നു. ഇപ്പോള്‍ റിഷഭ് പന്തും താരത്തിന്റെ തിരിച്ചുവരവിന് തടസ്സം നില്‍ക്കുന്നു.

ഹോം പരമ്പര

പറഞ്ഞുവരുമ്പോള്‍ പന്തിനെക്കാള്‍ സാങ്കേതികതികവുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍. ബംഗ്ലാദേശ് പര്യടനത്തിനിടെ ഗ്ലൗസുകൊണ്ടും വന്‍ അബദ്ധങ്ങള്‍ കാട്ടിയ പന്തിനെ ക്രിക്കറ്റ് ലോകം കണ്ടിരുന്നു.

വിന്‍ഡീസുമായുള്ള ഹോം പരമ്പരയില്‍ മൂന്നുവീതം ട്വന്റി-20, ഏകദിന മത്സരങ്ങളാണുള്ളത്. ഡിസംബര്‍ ആറിന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ ഇന്ത്യയും വിന്‍ഡീസും തമ്മിലെ ആദ്യ ട്വന്റി-20 നടക്കും. ഡിസംബര്‍ എട്ടിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് രണ്ടാം ട്വന്റി-20. ഡിംസബര്‍ 11 -ന് നിശ്ചയിച്ചിരിക്കുന്ന മൂന്നാം ട്വന്റി-20 -ക്ക് ഹൈദരാബാദ് വേദിയാകും.

ആള് കൂടിയതുകൊണ്ട് മാത്രം കാര്യമില്ല, പിങ്ക് ബോള്‍ ടെസ്റ്റിനെ കുറിച്ച് സച്ചിന്‍

കാലാവധി തീരും

ഡിസംബര്‍ 15 -ന് ചെന്നൈയിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം നടക്കുക. തുടര്‍ന്ന് ഡിസംബര്‍ 18 -ന് വിശാഖപട്ടണത്തും ഡിസംബര്‍ 22 -ന് കട്ടക്കിലും കരീബിയന്‍ ടീമിനെ ഇന്ത്യ നേരിടും. ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണിത്. ശേഷം 2020 ജനുവരിയിലാണ് ശ്രീലങ്കയുമായി ഇന്ത്യന്‍ സംഘത്തിന്റെ അടുത്ത ഹോം പരമ്പര. ഇതേസമയം, എംഎസ്‌കെ പ്രസാദ് നയിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയുടെ അവസാന ടീം പ്രഖ്യാപനം കൂടിയാണ് ഇന്നത്തേത്. നവംബറില്‍ സെലക്ഷന്‍ കമ്മിറ്റിയുടെ കാലാവധി അവസാനിക്കും. ഡിസംബര്‍ ഒന്നിന് ചേരുന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ സെലക്ഷന്‍ കമ്മിറ്റി ചുമതലയേല്‍ക്കുമെന്നാണ് സൂചന.

Story first published: Friday, November 22, 2019, 12:37 [IST]
Other articles published on Nov 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X