ദില്ലി: സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ്, രോഹിത് ശര്‍മ, യുവരാജ് സിങ്, വരുണ്‍ ആരോണ്‍ എന്നിവര്‍ക്ക് പിന്നാലെ മറ്റൊരു ഇന്ത്യന്‍ യുവതാരം കൂടി വിവാഹ ജീവിതത്തിലേക്ക് ചുവടുവയ്ക്കുന്നു. ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകമായ രവീന്ദ്ര ജഡേജയാണ് വിവാഹിതനാകുന്നത്. ദില്ലി സ്വദേശിനിയായ റീവ സോളങ്കിയാണ് വധു.
അമിത്യ കോളേജില്‍ നിന്നും എഞ്ചിനീയറിങ് ഡിഗ്രി പൂര്‍ത്തിയാക്കിയ റീവ യുപിഎസി പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണ്. ബിസിനസുകാരനാണ് റീവയുടെ പിതാവ്. അമ്മ റെയില്‍വേയില്‍ ജോലി ചെയ്യുന്നു. രാജ്‌കോട്ടിലെ രവീന്ദ്ര ജഡേജയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ വെച്ച് വെള്ളിയാഴ്ചയാണ് ഇരുവരുടെയും വിവാഹ നിശ്ചയം.

വിവാഹ നിശ്ചയം നടക്കുന്ന കാര്യം ജഡേജയുടെ സഹോദരി നൈന ജഡേജ സ്ഥിരീകരിച്ചു. ഇരു വീട്ടുകാരും ആലോചിച്ച് നടത്തുന്ന വിവാഹമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഇരുപത്തിയേഴുകാരനായ ജഡേജ ചെറുപ്രായത്തില്‍തന്നെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയ കളിക്കാരനാണ്.
ഇന്ത്യന്‍ ടീമില്‍ കളിച്ച വരുണ്‍ ആരോണ്‍ തിങ്കളാഴ്ച വിവാഹിതിനായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് രവീന്ദ്ര ജഡേജയും വിവാഹിതനാകുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ജാംഷെഡ്പുര്‍ കോടതിയില്‍ വെച്ചായിരുന്നു വരുണിന്റെ വിവാഹം. അജിങ്ക്യ രഹാനെ, ആര്‍ ആശ്വിന്‍, ദിനേഷ് കാര്‍ത്തിക് തുടങ്ങിയവരും അടുത്തിടെ വിവാഹിതരായവരാണ്.