ലോകകപ്പ് മാത്രമല്ല, കംഗാരുപ്പടയുമായി വീണ്ടുമങ്കം!! 2019ല്‍ ഇന്ത്യയെ കാത്തിരിക്കുന്ന വെല്ലുവിളികള്‍..

ദില്ലി: ഏഷ്യാ കപ്പ് കിരീടവിജയമുള്‍പ്പെടെ ടീം ഇന്ത്യക്കു നിരവധി അവിസ്മരണീട നേട്ടങ്ങള്‍ സമ്മാനിച്ച വര്‍ഷമായിരുന്നു 2018. മികച്ച വിജയങ്ങളുമായ കുതിച്ച വിരാട് കോലിയും സംഘവും 2019ലും സ്മാനമായ പ്രകടനം തുടരാമെന്ന ശുഭപ്രതീക്ഷയിലാണ്.
ഇംഗ്ലണ്ടില്‍ ജൂണില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പാണ് ഈ വര്‍ഷം ഇന്ത്യയുടെ ഏറ്റവും വലിയ അഗ്നിപരീക്ഷ. ലോകകപ്പ് മാത്രമല്ല 2019ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കാന്‍ പോവുന്ന പരമ്പരകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ഓസ്‌ട്രേലിയന്‍ പര്യടനം
കഴിഞ്ഞ വര്‍ഷം തുടങ്ങിയ ഓസ്‌ട്രേലിയന്‍ പര്യടനത്തോടെയാണ് ഇന്ത്യ ഈ വര്‍ഷവും തുടങ്ങുന്നത്. നാലു ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മല്‍സരമാണ് ഇനി ഇന്ത്യക്കു മുന്നിലുള്ളത്. ജനുവരി മൂന്നു മുതല്‍ ഏഴു വരെ സിഡ്‌നിയിലാണ് അവസാന ടെസ്റ്റ്.
ഇതിനു ശേഷം മൂന്നു ഏകദിനങ്ങളില്‍ കൂടി ഇരുടീമുകളും കൊമ്പുകോര്‍ക്കും. 12, 15, 18 തിയ്യതികളിലായിരിക്കും ഏകദിന മല്‍സരങ്ങള്‍.

ന്യൂസിലാന്‍ഡിലേക്ക്
ഓസീസ് പര്യടനം കഴിഞ്ഞതിനു പിന്നാലെ ന്യൂസിലാന്‍ഡിലേക്കാണ് ഇന്ത്യ പറക്കുന്നത്. ഏകദിന, ടി20 പരമ്പരകളാണ് കിവീസിനെതിരേ ഇന്ത്യ അവരുടെ നാട്ടില്‍ കളിക്കുക. അഞ്ചു മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യത്തെ കളി ജനുവരി 23നാണ്. 26, 28, 31, ഫെബ്രുവരി 3 എന്നീ തിയ്യതികളിലാണ് മറ്റു മല്‍സരങ്ങള്‍. ഈ പരമ്പരയ്ക്കു ശേഷം മൂന്നു ടി20 കളിലും കിവികളുമായി ഇന്ത്യ കൊമ്പുകോര്‍ക്കും.

ഓസീസ് ഇന്ത്യയിലേക്ക്
ന്യൂസിലാന്‍ഡ് പര്യടനത്തിനു ശേഷം ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയിലേക്കു വരുന്നുണ്ട്. ഏകദിന, ടി20 പരമ്പരകളിലാണ് ഇരുടീമും ഏറ്റുമുട്ടുന്നത്. ഫെബ്രുവരി 24നാണ് ആദ്യത്തെ ഏകദിനം. തുടര്‍ന്നു നാല് ഏകദിനങ്ങളില്‍ കൂടി ഓസീസ് ഇന്ത്യയില്‍ കളിക്കും. അതിനു ശേഷം രണ്ടു ടി20കള്‍ കൂടി കളിച്ച ശേഷമാണ് ഓസീസ് ഇന്ത്യയില്‍ നിന്നും വിമാനം കയറുക.

സിംബാബ്‌വെ വരുന്നു
ഓസീസ് ടീം ഇന്ത്യയില്‍ നിന്നും തിരിച്ചു പോയിക്കഴിഞ്ഞാല്‍ സിംബാബ്‌വെ ടീം ഇവിടെ പര്യടനത്തിനായി എത്തും. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ആദ്യമായാണ് സിംബാബ്‌വെ ടീം ഇന്ത്യയില്‍ പര്യടനം നടത്തുന്നത്. ഈ പരമ്പരയുടെ ഫിക്‌സ്ചര്‍ ഇനിയും പ്രഖ്യാപിച്ചിച്ചിട്ടില്ല. മാര്‍ച്ച് മധ്യത്തോടെ ഐപിഎല്‍ കൂടി നടക്കാനിരിക്കുന്നതിനാല്‍ അതിനു മുമ്പ് അനുയോജ്യമായ തിയ്യതികള്‍ കണ്ടെത്തുകയാണ് ബിസിസിഐ നേരിടുന്ന വെല്ലുവിളി.

ലോകകപ്പ്
ഐപിഎല്ലിനു ശേഷം മെയ് അവസാനത്തോടെ ഇന്ത്യയുട മുഴുവന്‍ ശ്രദ്ധയും ഇംഗ്ലണ്ട് വേദിയാവുന്ന ലോകകപ്പിലേക്കായിരിക്കും. ജൂണ്‍ അഞ്ചിനു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ അങ്കം. ജൂണ്‍ ഒമ്പതിന് നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയുമായും 13ന് ന്യൂസിലാന്‍ഡുമായും 16ന് ചിരവൈരികളായ പാകിസ്താനുമായും 22ന് അഫ്ഗാനിസ്താനുമായും 27ന് വെസ്റ്റ് ഇന്‍ഡീസുമായും ജൂലൈ രണ്ടിനു ബംഗ്ലാദേശുമായും ജൂലൈ ആറിന് ശ്രീലങ്കയുമായും ഇന്ത്യ ഏറ്റുമുട്ടും.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്- ഇന്ത്യ വിന്‍ഡീസിലേക്ക്
പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തും. രണ്ടു ടെസ്റ്റുകളും മൂന്നു വീതം ഏകദിനങ്ങളും ടി20കളുമാണ് ഇന്ത്യ വിന്‍ഡീസില്‍ കളിക്കുക. പരമ്പരയുടെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചിട്ടില്ല.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്- ദക്ഷിണാഫ്രിക്ക ഇന്ത്യയിലേക്ക്
വിന്‍ഡീസ് പര്യടനത്തിനു ശേഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ദക്ഷിണാഫ്രിക്ക ഇന്ത്യയിലേക്കു വരും. മൂന്നു മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലാണ് ഇരുടീമും ഏറ്റുമുട്ടുന്നത്. ഈ പരമ്പരയുടെ ഫിക്‌സ്ചറും പിന്നീട് പ്രഖ്യാപിക്കും.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്- ബംഗ്ലാദേശ് ഇന്ത്യയിലേക്ക്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി തന്നെ ബംഗ്ലാദേശ് ടീം ഇന്ത്യയില്‍ പര്യടനം നടത്തും. നവംബറിലായിരിക്കും ഇത്. രണ്ടു ടെസ്റ്റുകളിലും മൂന്നു ടി20കളിലുമായിരിക്കും ഇരുടീമും മുഖാമുഖം വരുന്നത്. ഈ വര്‍ഷത്തെ ഇന്ത്യയുടെ അവസാന ടെസ്റ്റ് പരമ്പരയ കൂടിയായിരിക്കും ഇത്.

വിന്‍ഡീസ് ടീം ഇന്ത്യയിലേക്ക്
ഡിസംബറില്‍ വെസ്റ്റ് ഇന്‍ഡീസ് ടീം ഇന്ത്യയില്‍ പര്യടനം നടത്തും. മൂന്നു വീതം ഏകദിനങ്ങളും ടി20കളുമുള്‍പ്പെട്ടതായിരിക്കും ഈ പരമ്പര. ഈ പര്യടനത്തിന്റെ ഫിക്‌സ്ചറും പിന്നീടായിരിക്കും പ്രഖ്യാപിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications