ദില്ലി: വിശ്രമിമില്ലാതെ തിരക്കേറിയ സീസണ് തുടക്കം കുറിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജൂലൈയില്‍ സിംബാബ്‌വെ സന്ദര്‍ശിക്കാന്‍ കരാറിലേര്‍പ്പെട്ടു. മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ടി20 മത്സരവും അടങ്ങുന്നതാണ് ടൂര്‍. ഇതുസംബന്ധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായി കരാറിലേര്‍പ്പെട്ടതായി സിംബാബ്‌വെ ക്രിക്കറ്റ് കമ്മറ്റി ചെയര്‍മാന്‍ അലിസ്റ്റര്‍ കാംബെല്‍ അറിയിച്ചു.
'ഇന്ത്യയുമായുള്ള കരാറിന് അന്തിമ തീരുമാനമായി. ജൂലൈ 7ന് സിംബാബ്‌വെയിലെത്തുന്ന ടീം 20ന് തിരിച്ചു പോകും. മാച്ച് ഷെഡ്യൂള്‍ ഈ ആഴ്ച പുറത്തിറക്കും. ഹരാരെയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് ആലോചിക്കുന്നതെന്നും കാംബെല്‍ പറഞ്ഞു. ബംഗ്ലാദേശിനെതിരെ ഒരു ടെസ്റ്റും മൂന്നു ഏകദിന ക്രിക്കറ്റും ഉള്‍പ്പെടുന്ന സീരിസിനായി ഇന്ത്യ ഇപ്പോള്‍ ബംഗ്ലാദേശിലാണുള്ളത്. ശ്രീലങ്കയുമായും സൗത്ത് ആഫ്രിക്കയുമായും ഇന്ത്യയ്ക്ക് ഈ വര്‍ഷം ക്രിക്കറ്റ് മത്സരങ്ങളുണ്ട്.

2013ല്‍ സിംബാബ്‌വെയില്‍ നടന്ന ഏകദിന സീരിസില്‍ വീരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം 5-0 എന്ന നിലയില്‍ വിജയിച്ചിരുന്നു. സിംബാബ്‌വെ ടീം അടുത്തിടെ പാക്കിസ്ഥാനില്‍ പര്യടനം നടത്തിയിരുന്നു. 2009ല്‍ പാക്കിസ്ഥാനില്‍ വെച്ച് ശ്രീലങ്കന്‍ ടീമിനെതിരെ ഉണ്ടായ ഭീകരാക്രമണത്തിനേ ശേഷം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന ആദ്യ ടെസ്റ്റ് രാജ്യമാണ് സിംബാബ്‌വെ.
സിംബാബ്‌വെ ക്രിക്കറ്റ് ടീമില്‍ കളിക്കുന്ന പല പ്രമുഖരും കുറഞ്ഞ വേതനത്തെ തുടര്‍ന്ന് ടീം വിട്ടുപോകുന്നത് പതിവാണ്. മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയ മുന്‍ സിംബാബ്‌വെ ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ അടുത്തിടെയാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ചത്. ടെയ്‌ലര്‍ ഇപ്പോള്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ടീമിനുവേണ്ടി കളിച്ചുവരികയാണ്.