മുംബൈ: 2021ലും കോവിഡ് വ്യാപനം ശക്തമായി തുടരുന്നതിനാല്‍ പല ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെയും ഷെഡ്യൂളുകള്‍ തകിടം മറിഞ്ഞിരിക്കുകയാണ്. ഇന്ത്യയിലാണ് നിലവില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെന്നതിനാല്‍ ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പരകളെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പാതിവഴിയില്‍ ഐപിഎല്‍ നിര്‍ത്തിവെക്കേണ്ടി വന്നു. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ സ്ഥിരീകരിച്ചിരിക്കുന്ന ഷെഡ്യൂളുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
നിലവില്‍ നടക്കുമെന്ന് ഉറപ്പ് പറയാവുന്ന ഇന്ത്യന്‍ ടീമിന്റെ പരമ്പര ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഇംഗ്ലണ്ട് പരമ്പരയുമാണ്. ഇംഗ്ലണ്ട് വേദിയാവുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെയാണ് നേരിടുന്നത്. ജൂണ്‍ 18 മുതല്‍ 22വരെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. ഇതിന് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും നടക്കുന്നുണ്ട്. ആഗസ്റ്റ് 4-8വരെയാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് നടക്കുന്നത്.നോട്ടിങ്ഹാമാണ് വേദി. രണ്ടാം മത്സരം ലണ്ടനിലും മൂന്നാം മത്സരം ലീഡ്‌സിലും നാലാം മത്സരം ലണ്ടനിലും അഞ്ചാം മത്സരം മാഞ്ചസ്റ്ററിലും നടക്കും.

ഈ മത്സര ക്രമത്തില്‍ മാറ്റമുണ്ടാകാനുള്ള സാധ്യത കുറവാണ്. നിലവില്‍ ജൂണ്‍ രണ്ടിന് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുമെന്നാണ് വിവരം. കോവിഡ് ബാധ താരങ്ങള്‍ക്ക് സ്ഥിരീകരിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റുമായി മുന്നോട്ട് പോകും. നിലവില്‍ ഇന്ത്യ ടൂര്‍ണമെന്റിനുള്ള ടീമിനെയും പ്രഖ്യപിച്ചിട്ടുണ്ട്. പ്രമുഖരയെല്ലാം ഉള്‍പ്പെടുത്തിയുള്ള ശക്തമായ താരനിരയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം നമ്പര്‍ ടീമായാണ് ഇന്ത്യ എത്തുന്നതെങ്കിലും കരുത്തരായ ന്യൂസീലന്‍ഡാണ് എതിരാളികളെന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. ഇന്ത്യ തട്ടകത്തില്‍ നാണംകെടുത്തിയതിന് കണക്കുതീര്‍ക്കാനുറച്ചാണ് ഇംഗ്ലണ്ട് നാട്ടില്‍ കാത്തിരിക്കുന്നത്. അതിന് ശേഷം ടി20 ലോകകപ്പ് ഒക്ടോബറിലും നവംബറിലുമായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും കോവിഡ് സാഹചര്യത്തിനനുസരിച്ച് ഇതില്‍ മാറ്റം വന്നേക്കാം.
ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനവും ന്യൂസീലന്‍ഡ് ഇന്ത്യന്‍ പര്യടനവും തീരുമാനിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇന്ത്യയിലെ കോവിഡ് സാഹചര്യം അതി രൂക്ഷമാണ്. അതിനാല്‍ത്തന്നെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് മറ്റ് രാജ്യങ്ങളെല്ലാം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുമ്പ് ഇന്ത്യന്‍ താരങ്ങളില്‍ എത്ര പേര്‍ക്ക് കോവിഡ് ബാധിക്കുമെന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.