വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റില്‍ രോമാഞ്ചമുണര്‍ത്തിയ ഏഴു ഇന്ത്യന്‍ പ്രതികാരങ്ങള്‍

ക്രിക്കറ്റില്‍ രോമാഞ്ചമുണര്‍ത്തിയ 7 ഇന്ത്യന്‍ പ്രതികാരങ്ങള്‍ | Oneindia Malayalam

ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണ്; തര്‍ക്കമില്ല. എന്നാല്‍ കളത്തില്‍ എതിരാളികളെ പ്രകോപിപ്പിച്ച് വീഴ്ത്തുന്ന തന്ത്രം ആദ്യകാലം മുതല്‍ക്കെ ക്രിക്കറ്റില്‍ കാണാം. ചിലപ്പോള്‍ ഈ അടവ് ഫലിക്കും; ചിലപ്പോള്‍ വടികൊടുത്തു അടിവാങ്ങും.

ഗ്രൗണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ അവഹേളിക്കപ്പെടുന്ന സംഭവങ്ങള്‍ പലകാലത്തായി നടന്നിട്ടുണ്ട്. 'കൊടുക്കെടാ അവന് മറുപടി' എന്ന് ആരാധകര്‍ ആക്രോശിച്ച സന്ദര്‍ഭങ്ങള്‍ നിരവധി. ഈ അവസരത്തില്‍ ക്രിക്കറ്റ് പ്രേമികളില്‍ രോമാഞ്ചമുണര്‍ത്തി ഇന്ത്യന്‍ താരങ്ങള്‍ നടത്തിയ പത്തു പ്രതികാരങ്ങള്‍ ചുവടെ കാണാം.

യുവരാജിന്റെ സിക്‌സര്‍ മഴ

2007 ട്വന്റി-20 ലോകകപ്പിലെ ഇന്ത്യ - ഇംഗ്ലണ്ട് മത്സരം. പതിനെട്ടു ഓവര്‍ പൂര്‍ത്തിയായി. ഇന്ത്യന്‍ സ്‌കോര്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ്. ക്രീസില്‍ യുവരാജും ധോണിയും. പത്തൊന്‍പതാം ഓവര്‍ എറിയാന്‍ സ്റ്റുവര്‍ഡ് ബ്രോഡ് പന്ത് കൈയ്യിലെടുക്കുന്നതിന് തൊട്ടു മുന്‍പാണ് ഇംഗ്ലീഷ് താരം ആന്‍ട്രൂ ഫ്‌ളിന്റോഫുമായി യുവരാജ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്നത്. പിന്നെ സംഭവിച്ചത് ചരിത്രം.

ആദ്യ പന്ത്, രണ്ടാം പന്ത്, മൂന്നാം പന്ത്, നാലാം പന്ത്, അഞ്ചാം പന്ത്, ആറാം പന്ത് — എല്ലാം അതിര്‍ത്തിക്കപ്പുറം സിക്‌സ്! ഫ്‌ളിന്റോഫിനോടുള്ള രോഷത്തില്‍ യുവരാജ് സംഹാരരൂപം പൂണ്ടപ്പോള്‍ പന്തെവിടെ എറിയണമെന്ന് പോലും ബ്രോഡ് മറന്നു.

ആമിറിന് വഴി കാണിച്ച് വെങ്കടേഷ് പ്രസാദ്

ക്രിക്കറ്റില്‍ ഇന്ത്യ - പാകിസ്താന്‍ മത്സരങ്ങളാണ് യഥാര്‍ത്ഥ ത്രില്ലറുകള്‍. ഇരു ടീമുകളും ലോകകപ്പിലാണ് കണ്ടുമുട്ടുന്നതെങ്കില്‍ ആവേശം പറയുകയും വേണ്ട. 1996 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലും ചിത്രം മറ്റൊന്നായിരുന്നില്ല. പാക് ഓപ്പണര്‍ ആമിര്‍ സൊഹൈല്‍ മിന്നും ഫോമില്‍ നില്‍ക്കുന്ന സമയം.

വെങ്കടേഷ് പ്രസാദിനെ ബൗണ്ടറി കടത്തി അര്‍ധ സെഞ്ചുറി നേടിയതിന് പിന്നാലെ ആമിറിന്റെ ആവേശം അതിര് വിട്ടു. 'പന്ത് അതിര്‍ത്തി കടത്തിയിട്ടുണ്ട്, പോയി എടുത്തോ', വെങ്കടേഷ് പ്രസാദിന് നേരെ ആമിര്‍ ആംഗ്യം കാട്ടി.

വാക്കേറ്റത്തിന് മുതിരാനൊന്നും വെങ്കടേഷ് നിന്നില്ല. തൊട്ടടുത്ത പന്തില്‍ വിക്കറ്റു പിഴുതായിരുന്നു വെങ്കടേഷ് പ്രസാദ് പാക് താരത്തിന് ഡ്രസിങ് റൂമിലേക്ക് വഴികാട്ടിക്കൊടുത്തത്.

ഷര്‍ട്ടൂരി ചുഴറ്റിയ ഗാംഗുലി

നാറ്റ്‌വെസ്റ്റ് ഫൈനലില്‍ ഇന്ത്യ ഐതിഹാസിക ജയം കുറിച്ചപ്പോള്‍ ഷര്‍ട്ടൂരി ചുഴറ്റിയ ഗാംഗുലിയെ ക്രിക്കറ്റ് പ്രേമികള്‍ ഒരിക്കലും മറക്കില്ല. അന്ന് ഗാംഗുലി എന്തിനാണങ്ങനെ ചെയ്തത്? ചിലര്‍ക്കെങ്കിലും സംശയം കാണാം.

ഇന്ത്യയില്‍ വെച്ച് ഇംഗ്ലണ്ട് താരം ആന്‍ഡ്രൂ ഫ്‌ളിന്റോഫാണ് ഈ കഥയ്ക്ക് തുടക്കമിട്ടത്. മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ കളി ജയിച്ചപ്പോള്‍ ഫ്‌ളിന്റോഫ് ഷര്‍ട്ടൂരി പ്രകടനം നടത്തി. ഇതു മനസ്സില്‍ വെച്ച ഗാംഗുലി, നാറ്റ്‌വെസ്റ്റ് ജയത്തിന് പിന്നാലെ ലോര്‍ഡ്‌സില്‍ അതേ നാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ ഷര്‍ട്ടൂരിയത് ശരിയല്ലെന്ന് മുന്‍ ഇംഗ്ലണ്ട് താരം ജെഫ്രി ബോയ്‌കോട്ട് ചൂണ്ടിക്കാട്ടിയപ്പോള്‍ ഗാംഗുലി പറഞ്ഞു, 'ലോര്‍ഡ്‌സ് നിങ്ങളുടെ മെക്ക, വാങ്കഡേ ഞങ്ങളുടേതും!'

ഹെന്റി ഒലോംഗയ്ക്ക് സച്ചിന്‍ കാത്ത മറുപടി

എട്ടുവര്‍ഷം സിംബാബ്‌വെയ്ക്കായി രാജ്യാന്തര ക്രിക്കറ്റ് കളിച്ച താരമാണ് ഹെന്റി ഒലോംഗ. ഇതിഹാസ താരം സച്ചിനെ 11 റണ്‍സിന് ഒരിക്കല്‍ ഒലോംഗ പുറത്താക്കിയിട്ടുണ്ട്. സച്ചിനെ പുറത്താക്കിയ ആഹ്‌ളാദം കളത്തില്‍ അതിരുവിട്ടാണ് ഒലോംഗ അന്ന് ആഘോഷിച്ചത്.

എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞ്, കൃത്യമായി പറഞ്ഞാല്‍ 1998 നവംബര്‍ 13 -ന് കൊക്ക കോള ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഒലോംഗ ഇതിന് വലിയ വില കൊടുക്കേണ്ടി വന്നു. ഒലോംഗയെറിഞ്ഞ പന്തുകളെ തിരഞ്ഞുപിടിച്ച് സച്ചിന്‍ അതിര്‍ത്തി കടത്തുകയായിരുന്നു. മത്സരത്തില്‍ അതിമനോഹരമായ സെഞ്ചുറിയും സച്ചിന്‍ തികച്ചു.

ധോണിയോട് മുട്ടിയ മിച്ചൽ ജോണ്‍സണ്‍

ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂളാണ് മഹേന്ദ്ര സിങ് ധോണി. അപൂര്‍വം ചില അവസരങ്ങളില്‍ മാത്രമേ ധോണി ഗ്രൗണ്ടില്‍ രോഷംകൊണ്ടിട്ടുള്ളൂ. 2009 -ല്‍ ഓസ്‌ട്രേലിയയുമായി നടന്ന ഏകദിനം ഇത്തരമൊരുന്ന സന്ദര്‍ഭത്തിന് സാക്ഷിയാണ്.

മത്സരത്തില്‍ ബൗണ്‍സറുകള്‍ പ്രയോഗിച്ചാണ് ജോണ്‍സണ്‍ ധോണിയെ ആദ്യം പ്രകോപിപ്പിച്ചത്. എന്നാല്‍ ഇന്ത്യന്‍ നായകന്‍ ശാന്തത കൈവെടിഞ്ഞില്ല. പക്ഷെ റണ്‍സിനായി ഓടുന്നതിനിടെ തടസ്സം നിന്നതോടെ ധോണിയുടെ മട്ടും ഭാവവും മാറി. ജോണ്‍സണിനോട് പരസ്യമായി അതൃപ്തി കാട്ടിയ ധോണി, തുടര്‍ന്ന് നാലുപാടും ഓസ്‌ട്രേലിയന്‍ ബോളര്‍മാരെ അതിര്‍ത്തി പായിച്ച് ആരാധകരെ രോമാഞ്ചപ്പെടുത്തി.

സേവാഗിന്റെ രസികന്‍ മറുപടി

2003 ലോകകപ്പിലെ ഇന്ത്യ - പാകിസ്താന്‍ മത്സരം. സേവാഗിനെയാണ് ശുഐബ് അക്തര്‍ നോട്ടമിട്ടത്. തന്റെ ബൗണ്‍സറുകളില്‍ ഹുക്ക് ഷോട്ട് കളിച്ചു കാണിക്കാന്‍ ആവശ്യപ്പെട്ട് അക്തര്‍ സേവാഗിനെ ചൊടിപ്പിക്കുന്ന സമയം. ഒടുവില്‍ സഹികെട്ട് സേവാഗ് മറുപടി നല്‍കി, 'അപ്പുറത്ത് ഒരാള്‍ നില്‍പ്പുണ്ട്, പറഞ്ഞാല്‍ അയാള് ഷോട്ട് കളിച്ചു കാണിച്ചുതരും'. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്നതാകട്ടെ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറും!

തൊട്ടടുത്ത ഓവറില്‍ അക്തറിന് സച്ചിനെ കിട്ടി മുന്നില്‍. ബൗണ്‍സര്‍ എറിയേണ്ട താമസം സച്ചിന്‍ പന്തിനെ സിക്‌സറിന് പറത്തി. ഈ അവസരത്തില്‍ സേവാഗ് അക്തറിന് അരികിലെത്തി പറഞ്ഞു, 'ബാപ് ബാപ് ഹോത്താ ഹേ, ബേട്ടാ ബേട്ടാ ഹോത്താ ഹേ' (പിതാവ് പിതാവാണ്, മകന്‍ മകനും).

പാകിസ്താനെ തകര്‍ത്തെറിഞ്ഞ സച്ചിൻ

പാകിസ്താനെ തകര്‍ത്തെറിഞ്ഞ സച്ചിൻ

1988 -ല്‍ പതിനാറ് വയസ്സുള്ള സച്ചിനുമായി ഇന്ത്യ പാക് മണ്ണില്‍ കളിക്കാനിറങ്ങിയപ്പോള്‍ പാല്‍ക്കുടി മാറാത്ത പയ്യനെന്ന പോസ്റ്ററുകളാണ് സ്‌റ്റേഡിയത്തിലെങ്ങും ഉയര്‍ന്നത്. എന്നാല്‍ പരിഹാസങ്ങളൊന്നും സച്ചിനെ അലട്ടിയില്ല. പാക് ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിക്കുന്ന സച്ചിന്റെ അരികില്‍ പാക് താരം അബ്ദുള്‍ ഖാദിര്‍ എത്തി ചോദിച്ചു, 'പിള്ളേരെ മാത്രം എന്തിനാ ഇങ്ങനെ അടിക്കുന്നത്, എന്റെ പന്തുകളിലും റണ്‍സ് നേടി കാണിക്ക്'. ആവശ്യപ്പെട്ട പ്രകാരംതന്നെ സച്ചിന്‍ ചെയ്തു കാണിച്ചു. അബ്ദുള്‍ ഖാദിര്‍ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ നാലു സിക്‌സും ഒരു ഫോറുമാണ് സച്ചിന്‍ അടിച്ചു കാണിച്ചത്.

ചിത്രത്തിന് കടപ്പാട്: ബിസിസിഐ

Story first published: Saturday, August 17, 2019, 16:11 [IST]
Other articles published on Aug 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X