ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിങ് ധോണി ഇപ്പോള്‍ ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ്. ക്രിക്കറ്റിന്റെ തിരക്കുമൂലം താന്‍ മാറ്റിവെച്ച കാര്യങ്ങള്‍ക്കായി പൂര്‍ണ മനസോടെ മുഴുകകയാണ് ഇപ്പോള്‍ ധോണി. കൂട്ടിന് ഭാര്യയും മകളും ഒപ്പമുണ്ട്. മിലിട്ടറി പരിശീലനത്തിന്റെ പേരിലാണ് ധോണി കഴിഞ്ഞദിവസം വാര്‍ത്തകളില്‍ നിറഞ്ഞതെങ്കില്‍ ഇപ്പോള്‍ അമേരിക്കയിലെ ഒരു ക്ഷേത്രത്തില്‍ പൂജ ചെയ്യാനുള്ള ഒരുക്കത്തിലാണ് ക്രിക്കറ്റ് താരം.
അമേരിക്കയിലെ ന്യൂജേഴ്‌സിയെ ടോംസ് റിവറില്‍ സ്ഥിതി ചെയ്യുന്ന സിദ്ധിവിനായക ക്ഷേത്രത്തിലാണ് ധോണി പൂജയ്ക്കായി പങ്കെടുക്കുന്നത്. ആഗസ്ത് 30നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് ധോണി ക്ഷേത്രത്തിലെത്തി ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് ക്ഷേത്രത്തിന്റെ സംഘാടകര്‍ അറിയിച്ചു.

ധോണിയുടെ പരിപാടിയില്‍ വന്‍ ആരാധകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് കമ്യൂണിറ്റി സെന്റര്‍ ആണ് പരിപാടിയുടെ സംഘാടകര്‍. അടുത്തിടെ വീരേന്ദ്ര സെവാഗും അമേരിക്കയിലെത്തിയിരുന്നു. ആഗസ്ത് പതിനാറിന് ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ഇന്ത്യാ ഡേ പരേഡിന്റെ ഭാഗമായിട്ടായിരുന്നു സേവാഗിന്റെ സാന്നിധ്യം.
നിലവില്‍ ആഗ്രയില്‍ സൈനിക പരിശീലനത്തിലാണ് ധോണി. പാരാ റെജിമെന്റിലെ പരിശീലനത്തിനിടെ പാരച്യൂട്ടില്‍ ഒരുവട്ടം ധോണി താഴേക്ക് പറക്കുകയും ചെയ്തു. നാലുവട്ടംകൂടി പരിശീലനം പൂര്‍ത്തിയാക്കുന്നതോടെ ഇന്ത്യന്‍ ക്യാപ്റ്റന് പാരച്യൂട്ട് ലൈസന്‍സ് ലഭിക്കും.