ഹിറ്റ്മാന്‍ സംഭവം തന്നെ!! ഏഷ്യാ കപ്പിലും കുറിച്ചു റെക്കോര്‍ഡ്... പാക് പടയ്ക്ക് നാണക്കേട്, ഇതാദ്യം

ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മല്‍സരത്തില്‍ ഹോങ്കോങിനെതിരായം നിറം മങ്ങിയ ജയത്തിന്റെ പേരില്‍ പഴിയേറ്റുവാങ്ങിയ ടീം ഇന്ത്യ പാകിസ്താനെതിരേ ഇതിനു പ്രായശ്ചിത്തം ചെയ്തു. ഗ്രൂപ്പ് ജേതാക്കളെ കണ്ടെത്താനുള്ള പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു.
ചാംപ്യന്‍മാര്‍ക്കു ചേര്‍ന്ന കളി പുറത്തെടുത്ത ഇന്ത്യ ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും പാകിസ്താനെ നിസ്സഹായരാക്കി. മല്‍സരത്തില്‍ ഫിഫ്റ്റിയുമായി ഇന്ത്യന്‍ ജയത്തിന് അടിത്തറയിട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുതിയ റെക്കോര്‍ഡാണ് കുറിച്ചത്. ഇന്ത്യ- പാക് പോരാട്ടത്തിലെ പ്രധാന സംഭവങ്ങളിലേക്കു കണ്ണോടിക്കാം.

വേഗമേറിയ ഫിഫ്റ്റി
പാകിസ്താനെതിരേ 36 പന്തുകളിലാണ് രോഹിത് അര്‍ധസെഞ്ച്വറി തികച്ചത്. ആറു ബൗണ്ടറികളും മൂന്നു സിക്‌സറും ഹിറ്റ്മാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഏഷ്യാ കപ്പില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡിന് അദ്ദേഹം അവകാശിയായി.
കൂടാതെ പാകിസ്താനെതിരേ ഏഷ്യാ കപ്പിലെ ഒരു താരം നേടിയ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയും കൂടിയാണിത്.

പാകിസ്താനെതിരേ നാലാമത്തേത്
പാകിസ്താനെതിരേ ഏഷ്യാ കപ്പിലെ നാലാമത്തെ ഫിഫ്റ്റിയാണ് രോഹിത് കഴിഞ്ഞ മല്‍സരത്തില്‍ നേടിയത്. മറ്റൊരു രാജ്യത്തിന്റെ താരവും പാക് പടയ്‌ക്കെതിരേ ടൂര്‍ണമെന്റില്‍ ഇത്രയും തവണ 50 റണ്‍സ് തികച്ചിട്ടില്ല.

കേദാര്‍ ജാദവിനും നേട്ടം
മല്‍സരത്തില്‍ കേദാര്‍ ജാദവ് ഇന്ത്യക്കു വേണ്ടി മൂന്നു വിക്കറ്റുമായി തിളങ്ങിയിരുന്നു. പാകിസ്താനെതിരേ ഏകദിനത്തില്‍ ഏഴാമനായോ അതിനു മുകളിലോ ബൗള്‍ ചെയ്യാനെത്തി മൂന്നു വിക്കറ്റെടുത്ത ആദ്യ താരമെന്ന നേട്ടത്തിന് ഇതോടെ ജാദവ് അര്‍ഹനായി.

പാകിസ്താന് നാണക്കേട്
126 പന്തുകള്‍ ശേഷിക്കെയാണ് പാകിസ്താന്‍ നല്‍കിയ 163 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നത്. ശേഷിച്ച പന്തുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ പാകിസ്താനെതിരേ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിജയം കൂടിയാണിത്.

ദുബായിലും പാകിസ്താന് തിരിച്ചടി
പാകിസ്താന്റെ ഏറ്റവും പ്രിയപ്പെട്ട വേദികളിലൊന്നായിരുന്നു ദുബായ്. കുറച്ചു വര്‍ഷങ്ങളായി പാകിസ്താന്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കുന്നതും ഇവിടെ തന്നെയാണ്. കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യക്കെതിരേ വെറും 162 റണ്‍സിനാണ് പാകിസ്താന്‍ പുറത്തായത്. ഏകദിനത്തില്‍ ദുബായില്‍ വച്ച് ഇതാദ്യമായാണ് പാക് ടീമിന് 200 റണ്‍സ് പോലും തികയ്ക്കാനാവാതെ പോവുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications