ശ്രീലങ്കയ്‌ക്കെതിരേ കൂടുതല്‍ ഏകദിന റണ്‍സ്; ഇന്ത്യയുടെ ടോപ് ഫൈവില്‍ രോഹിതില്ല, കോലി മൂന്നാമത്
കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പരമ്പരക്ക് 13ാം തീയ്യതി തുടക്കമാവുകയാണ്. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യയുടെ ബി ടീമാണ് കളിക്കുന്നത്. സീനിയര്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിന്റെ തിരക്കിലാണ്. ഇന്ത്യയുടെ ബി ടീമെന്ന് വിശേഷിപ്പിക്കാമെങ്കിലും പ്രതിഭാശാലികളായ നിരവധി യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്.
ശ്രീലങ്ക ഇന്ത്യന്‍ പിച്ചുകളോട് വളരെ സാദൃശ്യമുള്ള പിച്ചായതിനാല്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം ശ്രീലങ്കയിലും മികച്ച റെക്കോഡ് അവകാശപ്പെടാം. രോഹിത് ശര്‍മ ഏകദിന കരിയറില്‍ നേടിയ മൂന്ന് ഇരട്ട സെഞ്ച്വറികളില്‍ രണ്ടെണ്ണവും ശ്രീലങ്കയ്‌ക്കെതിരെയാണ്. പരമ്പര ആരംഭിക്കാനിരിക്കെ ശ്രീലങ്കയില്‍ ഇന്ത്യക്കായി കൂടുതല്‍ ഏകദിന റണ്‍സ് നേടിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തലപ്പത്ത്. ശ്രീലങ്കയ്‌ക്കെതിരേ 80 ഏകദിന ഇന്നിങ്‌സാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചത്. 43.84 ശരാശരിയില്‍ അദ്ദേഹം നേടിയത് 3113 റണ്‍സാണ്. ഇതില്‍ എട്ട് സെഞ്ച്വറിയും 17 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. സച്ചിന്റെ ശ്രീലങ്കയ്‌ക്കെതിരായ ഉയര്‍ന്ന സ്‌കോര്‍ 2009ലാണ് പിറന്നത്. 133 പന്തില്‍ 138 റണ്‍സാണ് അദ്ദേഹം നേടിയത്. ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ റണ്‍സ്,സെഞ്ച്വറി എന്ന റെക്കോഡ് ഇപ്പോഴും സച്ചിന്റെ പേരില്‍ തുടരുകയാണ്.

എംഎസ് ധോണി
മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ് രണ്ടാം സ്ഥാനത്ത്. ഫിനിഷര്‍ റോളില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ചവനായിരുന്ന ധോണി 53 ഇന്നിങ്‌സില്‍ നിന്ന് 2383 റണ്‍സാണ് ശ്രീലങ്കയ്‌ക്കെതിരേ നേടിയത്. 64.40 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഇതില്‍ രണ്ട് സെഞ്ച്വറിയും 19 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ധോണിയുടെ കരിയറില്‍ വഴിത്തിരിവ് സൃഷ്ടിച്ച 183* റണ്‍സ് പ്രകടനം ശ്രീലങ്കയ്‌ക്കെതിരെയാണ് അദ്ദേഹം നേടിയത്.

വിരാട് കോലി
ഇന്ത്യന്‍ നായകന്‍ വിരാട് കോലി മൂന്നാം സ്ഥാനത്താണ്. ശ്രീലങ്കയ്‌ക്കെതിരേ മികച്ച റെക്കോഡ് കോലിക്കുണ്ട്. 46 ഇന്നിങ്‌സില്‍ നിന്ന് 2220 റണ്‍സാണ് കോലി നേടിയത്. 60 ആണ് അദ്ദേഹത്തിന്റെ ശരാശരി. എട്ട് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും കോലി ശ്രീലങ്കയ്‌ക്കെതിരേ നേടിയിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരേ 86 പന്തില്‍ 133* റണ്‍സ് നേടിയതാണ് കോലിയുടെ മികച്ച പ്രകടനം.

മുഹമ്മദ് അസ്ഹറുദ്ദീന്‍
മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് നാലാം സ്ഥാനത്ത്. ശ്രീലങ്കയ്‌ക്കെതിരേ 48 ഏകദിന ഇന്നിങ്‌സാണ് അദ്ദേഹം കളിച്ചത്. 50.94 എന്ന മികച്ച ശരാശരിയില്‍ 1834 റണ്‍സാണ് അദ്ദേഹം ശ്രീലങ്കയ്‌ക്കെതിരേ നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. പുറത്താവാതെ 111* റണ്‍സ് നേടിയതാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം.

വീരേന്ദര്‍ സെവാഗ്
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് അഞ്ചാം സ്ഥാനത്ത്. 52 ഇന്നിങ്‌സില്‍ നിന്ന് 34.67 ശരാശരിയില്‍ 1699 റണ്‍സാണ് സെവാഗ് ശ്രീലങ്കയ്‌ക്കെതിരേ നേടിയത്. രണ്ട് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 102 പന്തില്‍ 146 റണ്‍സ് നേടിയതാണ്. ഇന്ത്യക്കായി 251 ഏകദിനത്തില്‍ നിന്ന് 8273 റണ്‍സാണ് സെവാഗ് നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications