വീണ്ടുമൊരു ഇന്ത്യ- വിന്‍ഡീസ് ഏകദിന പരമ്പര, ചരിത്രം ആര്‍ക്കൊപ്പം? കണക്കുകള്‍ ഇങ്ങനെ...

മുംബൈ: ഏഷ്യാ കപ്പ് കിരീടവിജയത്തിനു പിന്നാലെ ടീം ഇന്ത്യ വീണ്ടും ഏകദിന പോരാട്ടങ്ങളിലേക്കു കടക്കുകയാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു ശേഷം അഞ്ചു മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസു കൊമ്പുകോര്‍ക്കുന്നത്. ടെസ്റ്റില്‍ നിന്നും ഏറെ വ്യത്യസ്തമായ ടീമുമായിട്ടാണ് ഏകദിനത്തില്‍ ഇന്ത്യ ഇറങ്ങുന്നത്.
ലോക ക്രിക്കറ്റിലെ മുന്‍ രാജാക്കന്‍മാരായ വിന്‍ഡീസ് ഇപ്പോള്‍ പഴയ പ്രതാപത്തിന്റെ ഏഴയലത്ത് എത്താത്തതിനാല്‍ ഇത്തവണ പരമ്പര പോക്കറ്റിലാക്കാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. ഇരുടീമുകളും തമ്മിലുള്ള ഇതുവരെ ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരയുടെ ചരിത്രം പരിശോധിക്കാം.

ഇരുടീമും ഒപ്പത്തിനൊപ്പം
1948-49ലാണ് വെസ്റ്റ് ഇന്‍ഡീസ് ആദ്യമായി ഇന്ത്യയില്‍ പര്യടനം നടത്തിയത്. എന്നാല്‍ വിന്‍ഡീസ് ടീം ഇന്ത്യയില്‍ ഏകദിന പരമ്പര കളിക്കാന്‍ ആരംഭിച്ചത് 1983 മുതലാണ്. ഇതുവരെ ആറു തവണയാണ് വിന്‍ഡീസ് ടീം ഇന്ത്യയില്‍ ഏകദിന പരമ്പരകളില്‍ കളിച്ചിട്ടുള്ളത്. ഇരുടീമും മൂന്നു പരമ്പരകള്‍ വീതം നേടി ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്.
83-84ല്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരിയ വിന്‍ഡീസ് 87-88ല്‍ ഏഴു മല്‍സരങ്ങളുടെ പരമ്പര 6-1നും പോക്കറ്റിലാക്കി. 94-95ല്‍ അഞ്ചു കളികളുടെ പരമ്പര ഇന്ത്യ 4-1ന് നേടി. 2002-03ല്‍ ഏഴു മല്‍സരങ്ങളുടെ പരമ്പര വിന്‍ഡീസ് 4-3ന് വരുതിയിലാക്കി. 11-12ല്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പര 4-1നും 13-14ല്‍ മൂന്നു കളികളുടെ പരമ്പര 2-1നും ഇന്ത്യ നേടിയിരുന്നു.

സെവാഗും ഗെയ്‌ലും കേമന്‍മാര്‍
ഇരുടീമുകളും തമ്മിലുള്ള ഏകദിന പരമ്പരയില്‍ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗിന്റെ പേരിലാണ്. 2011-12ല്‍ നടന്ന പരമ്പരയിലെ നാലാം ഏകദിനത്തില്‍ 219 റണ്‍സാണ് സെവാഗ് വാരിക്കൂട്ടിയത്.
ഇതുവരെ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ 21 സെഞ്ച്വറികളാണ് പിറന്നത്. 11 സെഞ്ച്വറികളുമായി ഇന്ത്യ മുന്നില്‍ നില്‍ക്കുമ്പോള്‍ 10 സെഞ്ച്വറികളുമായി വിന്‍ഡീസ് തൊട്ടുതാഴെയുണ്ട്. കൂടുതല്‍ സെഞ്ച്വറികള്‍ നേടിയത് ഇതിഹാസ താരം ക്രിസ് ഗെയ്‌ലാണ് (മൂന്ന്). ഇത് കൂടാതെ ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സെടുത്ത താരവും ഗെയ്‌ലാണ്. 2002-03 പരമ്പരയില്‍ 455 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്.

മികച്ച ബൗളിങ് പ്രകടനം
ബൗളിങ് പ്രകടനം പരിഗണിക്കുകയാണെങ്കില്‍ വെസ്റ്റ് ഇന്‍ഡീസ് താരം പാട്രിക് പാറ്റേഴ്‌സന്റെ പേരിലാണ് ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം. 87-88ല്‍ നടന്ന ആദ്യ പരമ്പരയിലാണ് 29 റണ്‍സ് വിട്ടുകൊടുത്ത് താരം ആറു വിക്കറ്റ് പോക്കറ്റിലാക്കിയത്. ഈ റെക്കോര്‍ഡ് ഇന്നും ഇളക്കം തട്ടാതെ തുടരുകയാണ്. ഇതേ പരമ്പരയില്‍ തന്നെ 17 വിക്കറ്റുകള്‍ പിഴുത പീറ്റേഴ്‌സന്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്ഥാപിച്ചിരുന്നു.
അതേസമയം, കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായത് വിന്‍ഡീസിന്റെ ഇതിഹാസതാരം വിവിയന്‍ റിച്ചാര്‍ഡ്‌സനാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications