For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാജ്‌കോട്ടില്‍ ടീം ഇന്ത്യക്ക് രാജകീയ ജയം, മൂന്നു ദിവസം കൊണ്ട് കളി തീര്‍ത്ത് കോലിപ്പട

ഇന്നിങ്‌സിനും 272 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം

By Manu
1
44264
മൂന്നു ദിവസം കൊണ്ട് കളി തീര്‍ത്ത് കോലിപ്പട | Oneindia Malayalam

രാജ്‌കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു രാജകീയ ജയം. ലോക റാങ്കിങിലെ ഒന്നാംസ്ഥാനക്കാര്‍ക്കു ചേര്‍ന്ന കളി കെട്ടഴിച്ച ഇന്ത്യ വിന്‍ഡീസിനെ ഇന്നിങ്‌സിനും 272 റണ്‍സിനും കെട്ടുകെട്ടിക്കുകയായിരുന്നു. വെറും മൂന്നു ദിവസം കൊണ്ടാണ് ഇന്ത്യ കരീബിയക്കാരുടെ കഥ കഴിച്ചത്. സ്‌കോര്‍: ഇന്ത്യ ഒമ്പതിന് 649 ഡിക്ലയേര്‍ഡ്, വിന്‍ഡീസ് 181, 196. ജയത്തോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി.

1

ഫോളോ ഓണിനെ തുടര്‍ന്ന് വീണ്ടും ബാറ്റിങിന് അയക്കപ്പെട്ട വിന്‍ഡീസ് രണ്ടാമിന്നിങ്‌സില്‍ 196 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസ് 181ന് കൂടാരം കയറിയിരുന്നു. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഇന്നിങ്‌സ് ജയം കൂടിയാണ് ഈ മല്‍സരത്തിലേത്. ഈ വര്‍ഷം തന്നെ അഫ്ഗാനിസ്താനെതിരേ ബെംഗളൂരു ടെസ്റ്റില്‍ നേടിയ ഇന്നിങ്‌സിന്റെയും 262 റണ്‍സിന്റെയും ജയമെന്ന റെക്കോര്‍ഡാണ് ഇന്ത്യ ഇത്തവണ തിരുത്തിയത്.

അഞ്ചു വിക്കറ്റെടുത്ത സ്പിന്നര്‍ കുല്‍ദീപ് യാദവാണ് രണ്ടാമിന്നിങ്‌സില്‍ വിന്‍ഡീസിനെ തകര്‍ത്തത്. ടെസ്റ്റില്‍ താരത്തിന്റെ കന്നി അഞ്ചു വിക്കറ്റ് നേട്ടം കൂടിയാണിത്. ഭുവനേശ്വര്‍ കുമാറിനെക്കൂടാതെ മൂന്നു ഫോര്‍മാറ്റിലും അഞ്ചു വിക്കറ്റെടുത്ത രണ്ടാമത്തെ താരമായി അദ്ദേഹം മാറുകയും ചെയ്തു. രവീന്ദ്ര ജഡേജയ്ക്കു മൂന്നും ആര്‍ അശ്വിന് രണ്ടും വിക്കറ്റ് ലഭിച്ചു. 83 റണ്‍സെടുത്ത ഓപ്പണര്‍ കിരോണ്‍ പവലാണ് വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍. റോസ്റ്റണ്‍ ചേസ് 20 റണ്‍സിന് പുറത്തായി.

2

നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 649 റണ്‍സിന് മറുപടിയില്‍ വിന്‍ഡീസ് മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ 181 റണ്‍സിനു കൂടാരത്തില്‍ തിരിച്ചെത്തുകയായിരുന്നു. 468 റണ്‍സിന്റെ വന്‍ ലീഡാണ് ഇന്ത്യക്കു ലഭിച്ചത്. ഫോളോ ഓണ്‍ ചെയ്ത വിന്‍ഡീസിനോട് ഇന്ത്യ വീണ്ടും ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

ആറു വിക്കറ്റിന് 94 റണ്‍സെന്ന നിലയില്‍ മൂന്നാംദിനം ഇന്നിങ്‌സ് പുനരാരംഭിച്ച വിന്‍ഡീസിനെ 87 റണ്‍സ് മാത്രമേ ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യ അനുവദിച്ചുള്ളൂ. 53 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍. കീമോ പോള്‍ 47 റണ്‍സെടുത്ത് പുറത്തായി. മറ്റുള്ളവരൊന്നും 20 റണ്‍സ് തികച്ചില്ല. നാലു വിക്കറ്റെടുത്ത ആര്‍ അശ്വിനാണ് വിന്‍ഡീസിനെ എറിഞ്ഞൊതുക്കിയത്. മുഹമ്മദ് ഷമിക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

3

ഒമ്പതു വിക്കറ്റിന് 649 റണ്‍സെടുത്ത് ഇന്ത്യ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യദിനം അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായുടെ (134) സെഞ്ച്വറിയാണ് ഇന്ത്യക്കു കരുത്തായതെങ്കില്‍ രണ്ടാംദിനം ക്യാപ്റ്റന്‍ വിരാട് കോലിയും (139) രവീന്ദ്ര ജഡേജയും (100*) സെഞ്ച്വറി കണ്ടെത്തി. കരിയറിലെ 24ാമത് സെഞ്ച്വറിയാണ് കോലി നേടിയത്. എന്നാല്‍ ജഡേജയുടെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണിത്. 230 പന്തുകളില്‍ 10 ബൗണ്ടറികളടങ്ങിയതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. 132 പന്തില്‍ അഞ്ചു വീതം ബൗണ്ടറികളുടെയും സിക്‌സറുകളുടെയും അകമ്പടിയോടെയാണ് ജഡേജ മൂന്നക്കം തികച്ചത്.

റിഷഭ് പന്താണ് (92) രണ്ടാംദിനം ഇന്ത്യന്‍ നിരയില്‍ കസറിയ മറ്റൊരു താരം. ആര്‍ അശ്വിന്‍ (7), കുല്‍ദീപ് യാദവ് (12), ഉമേഷ് യാദവ് (22) എന്നിവരാണ് രണ്ടാംദിനം പുറത്തായ മറ്റു താരങ്ങള്‍. ജഡേജയോടൊപ്പം രണ്ടു റണ്‍സോടെ മുഹമ്മദ് ഷമി പുറത്താവാതെ നിന്നു. വിന്‍ഡീസിനു വേണ്ടി ദേവേന്ദ്ര ബിഷു നാലു വിക്കറ്റെടുത്തപ്പോള്‍ ഷെര്‍മാന്‍ ലൂയിസ് രണ്ടു വിക്കറ്റ് നേടി. ആദ്യദിനം പൃഥ്വി (134), ലോകേഷ് രാഹുല്‍ (0), ചേതേശ്വര്‍ പുജാര (86), അജിങ്ക്യ രഹാനെ (41) എന്നിവരാണ് പുറത്തായത്. അരങ്ങേറ്റക്കാരനായ പൃഥ്വിയുടെ (134) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയിട്ടത്. കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറി കണ്ടെത്തിയതോടെ പുതിയ പല റെക്കോര്‍ഡുകളും 18 കാരന്‍ തന്റെ പേരില്‍ കുറിച്ചു. 154 പന്തുകളില്‍ 19 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് പൃഥ്വി 134 റണ്‍സ് നേടിയത്. 130 പന്തുകള്‍ നേരിട്ട പുജാരയുടെ ഇന്നിങ്‌സില്‍ 14 ബൗണ്ടറികളുണ്ടായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ രാഹുലിനെ നഷ്ടമായെങ്കിലും ഒരു തുടക്കക്കാരന്റെ ഒരു പരിഭ്രമവും കാണിക്കാതെ വളരെ ചടുലമായ ഇന്നിങ്‌സാണ് പൃഥ്വി കാഴ്ചവച്ചത്.

ടീം ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്.

വെസ്റ്റ് ഇന്‍ഡീസ്- ക്രെയ്ഗ് ബ്രാത്വെയ്റ്റ് (ക്യാപ്റ്റന്‍), കിരോണ്‍ പവല്‍, ഷെയ് ഹോപ്പ്, ഷിംറോണ്‍ ഹെറ്റ്മിര്‍, റോസ്റ്റോണ്‍ ചേസ്, സുനില്‍ ആംബ്രിസ്, ഷെയ്ന്‍ ഡോര്‍വിച്ച്, കീമോ പോള്‍, ദേവേന്ദ്ര ബിഷു, ഷെര്‍മാന്‍ ലെവിസ്, ഷാനോണ്‍ ഗബ്രിയേല്‍.

Story first published: Saturday, October 6, 2018, 15:07 [IST]
Other articles published on Oct 6, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+