For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒന്നാം ഏകദിനം: അനായാസം ഇന്ത്യ... റണ്‍മല കീഴടക്കി ഹിറ്റ്മാനും കോലിയും, ഉജ്ജ്വല ജയം

കോലിയും രോഹിത്തും ഇന്ത്യക്കു വേണ്ടി സെഞ്ച്വറി നേടി

By Manu
ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം | Oneindia Malayalam
1
44266

ഗുവാഹത്തി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്കു ആധികാരിക വിജയം. വിന്‍ഡീസ് നല്‍കിയ കൂറ്റന്‍ വിജയലക്ഷ്യത്തിന് ടീം ഇന്ത്യ അതേ നാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു. എട്ടു വിക്കറ്റിനാണ് കരീബിയന്‍സിനെ കോലിപ്പട കശാപ്പ് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് എട്ടു വിക്കറ്റിന് 322 റണ്‍സെന്ന വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. മറുപടിയില്‍ 47 പന്തുകള്‍ ശേഷിക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയത്തില്‍ കുതിച്ചെത്തി. 42.1 രണ്ടു വിക്കറ്റിനാണ് ഇന്ത്യ 326 റണ്‍സ് നേടിയത്.

1

ക്യാപ്റ്റന്‍ വിരാട് കോലിയുടെയും (140) വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും (152*) ഇടിവെട്ട് സെഞ്ച്വറികളാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്. സിക്‌സറിലൂടെയാണ് ഹിറ്റ്മാന്‍ ഇന്ത്യയുടെ വിജയറണ്‍സ് നേടിയത്. 117 പന്തുകൡ 15 ബൗണ്ടറികളും എട്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ജയം പൂര്‍ത്തിയാക്കുമ്പോള്‍ രോഹിത്തിനൊപ്പം 22 റണ്‍സുമായി അമ്പാട്ടി റായുഡു പുറത്താവാതെ നിന്നു.

ശിഖര്‍ ധവാന്‍ (4) നേരത്തേ മടങ്ങിയെങ്കിലും ഇന്ത്യ വിട്ടുകൊടുത്തില്ല. രണ്ടാം വിക്കറ്റില്‍ ഇരട്ടസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി രോഹിത്തും കോലിയും ഇന്ത്യയെ ജയത്തിലേക്കു നയിക്കുകയായിരുന്നു. 107 പന്തുകളില്‍ നിന്നും 21 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. അദ്ദേഹത്തിന്റെ 36ാമത് ഏകദിന സെഞ്ച്വറി നേട്ടം കൂടിയാണിത്. ഏകദിന കരിയറിലെ 20ാമത്തെ സെഞ്ച്വറിയാണ് ഈ മല്‍സരത്തില്‍ രോഹിത് നേടിയത്. 246 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ കോലിയും രോഹിത്തും ചേര്‍ന്നു നേടിയത്. സ്വന്തം നാട്ടില്‍ റണ്‍ചേസില്‍ രണ്ടാം വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ട് കൂടിയാണിത്. വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി.

2

നേരത്തേ ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം തെറ്റിച്ചുകൊണ്ട് വിന്‍ഡീഡ് തകര്‍ത്തടിക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 322 റണ്‍സ് അവര്‍ അടിച്ചെടുത്തു. ഷിംറോണ്‍ ഹെറ്റ്മിറിന്റെ (106) തകര്‍പ്പന്‍ സെഞ്ച്വറിയാണ് വിന്‍ഡീസിന് കരുത്തായത്. വെറും 78 പന്തുകളില്‍ ആറു വീതം ബൗണ്ടറികളും സിക്‌സറുമുള്‍പ്പെട്ടതാണ് ഹെറ്റ്മിറിന്റെ ഇന്നിങ്‌സ്. താരത്തിന്റെ മൂന്നാം ഏകദിന സെഞ്ച്വറിയാണിത്.

കിരെണ്‍ പൊള്ളാര്‍ഡാണ് (51) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 39 പന്തുകളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു പവെലിന്റെ ഇന്നിങ്‌സ്. ചന്ദര്‍പോള്‍ ഹേംരാജ് (9), ഷെയ് ഹോപ്പ് (32), മര്‍ലോണ്‍ സാമുവല്‍സ് (0), റോവ്‌മെന്‍ പവെല്‍ (22), ജാസണ്‍ ഹോള്‍ഡര്‍ (38), ആഷ്‌ലി നഴ്‌സ് (2) എന്നിവരാണ് പുറത്തായ താരങ്ങള്‍. മൂന്നു വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചഹലാണ് ഇന്ത്യന്‍ ബൗളി്ങില്‍ തിളങ്ങിയത്. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഖലീല്‍ അഹമ്മദിന് ഒരു വിക്കറ്റ് ലഭിച്ചു.

3

ടോസ് ലഭിച്ച ഇന്ത്യ നായകന്‍ വിരാട് കോലി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ മല്‍സരത്തിലൂടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. നേരത്തേ ട്വന്റി20യിലും ടെസ്റ്റിലും താരം ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് ഏകദിന ക്യാപ്പ് പന്തിന് കൈമാറിയത്.

ധോണിയുടെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പെടുന്ന പന്തിനെ വിക്കറ്റ് കീപ്പറായല്ല മറിച്ച് ബാറ്റ്‌സ്മാനായാണ് ഈ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മിന്നുന്ന പ്രകടനം നടത്തി ശ്രദ്ധിക്കപ്പെട്ട യുവ പേസര്‍ ഖലീല്‍ അഹമ്മദിനെ ഇന്നത്തെ കളിയില്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ നടന്ന രണ്ടു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര 2-0നു തൂത്തുവാരിയ ഇന്ത്യ ഏകദിനത്തിലും ഇതാവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. അഞ്ചു മല്‍സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അമ്പാട്ടി റായുഡു, റിഷഭ് പന്ത്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചഹല്‍, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്.

വെസ്റ്റ് ഇന്‍ഡീസ്- ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), കിരെണ്‍ പവല്‍, ചന്ദര്‍പോള്‍ ഹേംരാജ്, ഷെയ് ഹോപ്പ്, ഷിംറോണ്‍ ഹെറ്റ്മിര്‍, മര്‍ലോണ്‍ സാമുവല്‍സ്, റോവ്‌മെന്‍ പവെല്‍, ആഷ്‌ലി നഴ്‌സ്, ദേവേന്ദ്ര ബിഷു, കെമര്‍ റോച്ച്, ഒഷാനെ തോമസ്.

Story first published: Sunday, October 21, 2018, 20:50 [IST]
Other articles published on Oct 21, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+