കേരളക്കരയില്‍ അനായാസം ടീം ഇന്ത്യ... വിന്‍ഡീസിനെ തരിപ്പണമാക്കി, പരമ്പരയും ഇന്ത്യക്ക്
തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ നിഷ്പ്രഭരാക്കി ടീം ഇന്ത്യ ഏകദിന പരമ്പര 3-1നു പോക്കറ്റിലാക്കി. നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും കളിയില്‍ ഒമ്പത് വിക്കറ്റിനാണ് കരീബിയന്‍സിനെ കോലിപ്പട കശാപ്പ് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 31.5 ഓവറില്‍ 104 റണ്‍സിന് എറിഞ്ഞപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു.
മറുപടിയില്‍ 14.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയത്തില്‍ ഇരമ്പിയെത്തി. രോഹിത് ശര്‍മയുടെയും (63*) ക്യാപ്റ്റന്‍ വിരാട് കോലിയുടെയും (33*) ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്. 56 പന്തില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ശിഖര്‍ ധവാനെയാണ് (6) ഇന്ത്യക്കു നഷ്ടമായത്. രണ്ടാം വിക്കറ്റില്‍ കോലി-രോഹിത് ജോടി 99 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 31.5 ഓവറില്‍ വെറും 104 റണ്‍സിന് ഇന്ത്യ പുറത്താക്കി. ഇന്ത്യയുടെ മൂര്‍ച്ചയേറിയ ബൗളിങ് ആക്രമണത്തില്‍ കരീബിയന്‍സിന് മറുപടി ഇല്ലായിരുന്നു. ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ (25), മര്‍ലോണ്‍ സാമുവല്‍സ് (24), റോമെന്‍ പവെല്‍ (16) എന്നിവര്‍ മാത്രമേ വിന്‍ഡീസ് നിരയില്‍ രണ്ടക്ക സ്‌കോര്‍ നേടിയുള്ളൂ. നാലു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജഡയാണ് വിന്‍ഡീസിന്റെ അന്തകനായത്. 9.5 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 34 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ജഡേജ നാലു വിക്കറ്റെടുത്തത്. ജസ്പ്രീത് ബുംറയ്ക്കും ഖലീല്‍ അഹമ്മദിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. ഭുവനേശ്വര്‍ കുമാറും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം പങ്കിടുകയും ചെയ്തു.

ഇന്ത്യ പ്രതീക്ഷിച്ച തുടക്കം
ആഗ്രഹിച്ചതു പോലാരു തുടക്കമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടീം ഇന്ത്യക്കു ലഭിച്ചത്. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഭുവി ഇന്ത്യക്കു ബ്രേക്ത്രൂ നല്‍കി. അപകടകാരിയായ കിരെണ്‍ പവെലിനെ അക്കൗണ്ട് തുറക്കുംമുമ്പ് ഭുവി ധോണിയുടെ കൈകളിലെത്തിച്ചു. ആദ്യ ഒരു റണ്‍സിന് ഒരു വിക്കറ്റ്.
തൊട്ടടുത്ത ഓവറില്‍ ജസ്പ്രീത് ബുംറയും ആഞ്ഞടിച്ചു. നാലാമത്തെ പന്തില്‍ തന്നെ ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമില്‍ കളിച്ച ഷെയ് ഹോപ്പിനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ വിന്‍ഡീസ് രണ്ടു റണ്‍സിന് രണ്ടു വിക്കറ്റെന്ന നിലയിലേക്കു വീണു.

സാമുവല്‍സിലൂടെ തിരിച്ചുവരവ്
ഈ പരമ്പരയില്‍ ഇതുവരെ ഫോമിലെത്താന്‍ സാധിച്ചിച്ചിട്ടില്ലാത്ത മര്‍ലോണ്‍ സാമുവല്‍സിലൂടെ പിന്നീടൊരു തിരിച്ചുവരവിനാണ് വിന്‍ഡീസ് ശ്രമിച്ചത്. റോമെന്‍ പവെലിനെ കൂട്ടുപിടിച്ച് സാമുല്‍സ് വിന്‍ഡീസിനെ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും കരകയറ്റി. മോശം പന്തുകളെ പ്രഹരിച്ച് ഇരുവരും ടീമിനെ മുന്നോട്ടു നയിച്ചു. ഈ സഖ്യം വിന്‍ഡീസിനെ കളിയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കെയാണ് ജഡേജയിലൂടെ ഇന്ത്യ അടുത്ത പ്രഹരമേല്‍പ്പിച്ചത്. ജഡേജയുടെ ബൗളിങില്‍ സാമുവല്‍സ് കോലിക്ക് അനായാസ ക്യാച്ച് നല്‍കി മടങ്ങി (മൂന്നിന് 36)

കൂട്ടത്തകര്‍ച്ച
സാമുവല്‍സ് പുറത്തായ ശേഷം വിന്‍ഡീസിന് തുടരെ വിക്കറ്റുകള്‍ നഷ്ടമാവുന്നതാണ് കണ്ടത്. വിന്‍ഡീസ് നിരയിലെ ഏറ്റവും അപകടകാരിയായ ഷിംറോണ്‍ ഹെറ്റ്‌മെയറെ ഇത്തവണ ക്രീസില്‍ നിലയുറപ്പിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. ഒമ്പത് റണ്‍സെടുത്ത താരത്തെ ജഡേജ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. അംപയര്‍ നോട്ടൗട്ട് വിധിച്ചപ്പോള്‍ ഇന്ത്യ ഡിആര്‍എസിന്റെ സഹായം തേടുകയായിരുന്നു (നാലിന് 53).
ടീം സ്‌കോറിലേക്കു നാലു റണ്‍സു കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ പവെലിനെ (16) ഖലീലിന്റെ ബൗളിങില്‍ ധവാന്‍ പിടികൂടി. ഫാബിയന്‍ അലെനാണ് (4) ആറാമനായി ക്രീസ് വിട്ടത്. ബുംറയുടെ ബളിങില്‍ താരത്തെ കേദാര്‍ ജാദവ് പുറത്താക്കുകയായിരുന്നു.

വീണ്ടും നിരാശപ്പെടുത്തി ധവാന്‍
ഈ ഏകദിന പരമ്പരയില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിക്കാതിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ഇതിനു പ്രായശ്ചിത്തം ചെയ്യാന്‍ ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു ഈ മല്‍സരം. എന്നാല്‍ ഇത്തവണയും അദ്ദേഹം നിരാശപ്പെടുത്തി. അഞ്ചു പന്തില്‍ നിന്നും ഒരു ബൗണ്ടറിയോടെ നല്ല രീതിയില്‍ തുടങ്ങിയ ധവാന്‍ ഒഷാനെ തോമസിന്റെ ബൗങിങില്‍ പന്ത് സ്വന്തം സ്റ്റംപിലേക്ക് അടിച്ചിടുകയായിരുന്നു. ടീം സ്‌കോര്‍ ആറില്‍ വച്ചാണ് ധവാന്‍ ക്രീസ് വിട്ടത്.

ജഡേജ കളിയിലെ താരം, കോലി മാന്‍ ഓഫ് ദി സീരീസ്
നാലു വിക്കറ്റുമായി വിന്‍ഡീസ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ച രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അവകാശിയായത്. പരമ്പരയിലെ ടോപ്‌സ്‌കോററായ ഇന്ത്യന്‍ നായകന്‍ വിരാട് കോലി പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടു.
മാറ്റമില്ലാതെ ഇന്ത്യ
നാലാം ഏകദിനത്തില്‍ കളിച്ച ടീമിനെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ രണ്ടു മാറ്റങ്ങളുമായാണ് വിന്‍ഡീസ് ഇറങ്ങിയത്.
ടീം
ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, എംഎസ് ധോണി, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ജസ്പ്രീത് ബുംറ.
വെസ്റ്റ് ഇന്‍ഡീസ്- ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), കിരെണ്‍ പവെല്‍, റോമെന്‍ പവെല്‍, ഷെയ് ഹോപ്പ്, മര്‍ലോണ്‍ സാമുവല്‍സ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ഓഷാനെ തോമസ്, ഫാബിയന്‍ അലന്‍, ദേവേന്ദ്ര ബിഷു, കെമര്‍ റോച്ച്, കീമോ പോള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications