
ആദ്യ മത്സരത്തില്‍ 13 പന്ത് നേരിട്ട് 24 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു. രണ്ടാം മത്സരത്തില്‍ 18 പന്തില്‍ 33 റണ്‍സാണ് നേടിയത് മൂന്നാം മത്സരത്തില്‍ 19 പന്തില്‍ പുറത്താവാതെ 35 റണ്‍സും അദ്ദേഹം നേടി. ഭയമില്ലാതെ ബാറ്റ് ചെയ്യുന്നു എന്നതാണ് വെങ്കടേഷിന്റെ സവിശേഷത. തുടക്കക്കാരന്റെ പതറിച്ച ഇല്ലാതെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. വെങ്കടേഷിന്റെ പ്രകടനത്തില്‍ പരിശീലകന് രാഹുല്‍ ദ്രാവിഡും നായകന് രോഹിത് ശര്‍മയും ഹാപ്പിയാണ്.
വെങ്കടേഷ് മികച്ച പ്രകടനവുമായി കുതിക്കവെ ഹര്‍ദിക് പാണ്ഡ്യക്ക് കാര്യങ്ങള്‍ എളുമാവില്ലെന്നുറപ്പായിരിക്കുകയാണ്. ഒന്നോ രണ്ടോ ഓവറുകള്‍ എറിയാനും മധ്യനിരയില്‍ നന്നായി ബാറ്റ് ചെയ്യാനും വെങ്കടേഷിന് സാധിക്കുന്നുണ്ട്. 24ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പരമ്പരയിലും വെങ്കടേഷ് ഇതേ പ്രകടനം തുടര്‍ന്നാല്‍ ഹര്‍ദിക്കിന് തിരിച്ചുവരിക പ്രയാസമാവും. ഓള്‍റൗണ്ടറെന്ന നിലയ്ക്ക് മാത്രമെ ഹര്‍ദിക്കിനെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ളൂ.

പരിക്കിന് ശേഷം പന്തെറിയാന്‍ പ്രയാസപ്പെടുന്ന ഹര്‍ദിക്ക് ഏറെ നാള് ബൗളിങ് നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ ബൗളിങ് പുനരാരംഭിച്ചിട്ടുണ്ടെങ്കിലും താരത്തിന്റെ ബൗളിങ് പ്രകടനം കണ്ടറിയണം. ബാറ്റിങ്ങില്‍ പഴയ വെടിക്കെട്ട് കാഴ്ചവെക്കാന്‍ ഹര്‍ദിക്കിന് സാധിച്ചേക്കുമെങ്കിലും പഴയ പോലെ ബൗളിങ് പ്രകടനം നടത്താന്‍ സാധിക്കുമോയെന്നത് സംശയമാണ്. ഹര്‍ദിക്ക് വീണ്ടും ബൗളിങ് ആരംഭിച്ചാല്‍ പുറം വേദന വീണ്ടും വില്ലനാവാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഹര്‍ദിക്കിന്റെ മടങ്ങിവരവ് പ്രയാസമായി മാറും.
രഞ്ജി ട്രോഫി കളിക്കാന്‍ വിസമ്മതിച്ച ഹര്‍ദിക് ഐപിഎല്ലില്‍ മിന്നും പ്രകടനം നടത്തി തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്. ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്റെ നായകനാണ് ഹര്‍ദിക്. എന്നാല്‍ ലേലത്തിന് ശേഷം ടീം കരുത്ത് ദുര്‍ബലമായിട്ടുള്ള ഗുജറാത്തിനൊപ്പം ഹര്‍ദിക് പാടുപെടാനാണ് സാധ്യത. നായകനെന്ന വലിയ സമ്മര്‍ദ്ദത്തെ നേരിടാന്‍ അദ്ദേഹം പരാജയപ്പെടുകയും മികച്ച ഓള്‍റൗണ്ട് പ്രകടനം നടത്താന്‍ സാധിക്കാതെ വരികയും ചെയ്താല്‍ ഹര്‍ദിക്കിന്റെ തിരിച്ചുവരവ് സാധ്യത മങ്ങും.

ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ കഴിഞ്ഞ ദിവസം ഹര്‍ദിക്കിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഹര്‍ദിക് രഞ്ജി ട്രോഫി കളിക്കാത്തത് എന്തുകൊണ്ടാണെന്നതിന് ഉത്തരം പറയാന്‍ സെലക്ടര്മാര്ക്കാവില്ലെന്ന് പറഞ്ഞ അദ്ദേഹം എത്രയും വേഗം ഹര്‍ദിക്കിന് തിരിച്ചുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. ഹര്‍ദിക്കിന് മുന്നില്‍ ഇപ്പോഴും ഇന്ത്യയുടെ വാതില്‍ അടഞ്ഞിട്ടില്ലെന്ന് ചേതന്‍ ശര്‍മയുടെ വാക്കുകളില്‍ നിന്ന് വ്യക്തം. എന്നാല്‍ ഹര്‍ദിക്കിന് ഫോമിലേക്കെത്താനാവുമോയെന്നതാണ് വലിയ ചോദ്യമായി ഉയര്ന്നുനില്ക്കുന്നത്.

ടി20 ലോകകപ്പ് വരാനിരിക്കെ ആരാവും ഇന്ത്യയുടെ ഫിനിഷര്‍ എന്നതിന് അടുത്ത് തന്നെ ഉത്തരം ആയേക്കും. വെങ്കടേഷ് ഇതേ മികവ് തുടരുകയും ഐപിഎല്ലില്‍ കെകെആറിനായി തിളങ്ങുകയും ചെയ്താല്‍ വെങ്കടേഷില്‍ വിശ്വസിച്ച് ഇന്ത്യ മുന്നോട്ട് പോകാനാണ് സാധ്യത. ഹര്‍ദിക് പാണ്ഡ്യ 100 ശതമാനം ഫിറ്റാണെന്ന് തെളിയിക്കേണ്ടതായുണ്ട്. 2021ലെ ടി20 ലോകകപ്പിലെപ്പോലെ ഹര്ദിക്കിനുവേണ്ടി മികച്ച ഫോമിലുള്ളവരെ തഴഞ്ഞാല്‍ വലിയ വിമര്‍ശനം ഏല്ക്കേണ്ടിവരുമെന്നതിനാല് ഇത്തവണ കരുതിത്തന്നെയാവും സെലക്ടര്‍മാരും ടീം മാനേജ്മെന്റും ഉണ്ടാവുക.