ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്: ധോണിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ റിഷഭ് പന്ത്
ഹൈദരാബാദ്: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്ക് നാളെ തുടക്കമാവുകയാണ്. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്ക് എതിരെ നേടിയ വിജയത്തുടര്‍ച്ച വിന്‍ഡീസിനെതിരെയും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് നായകന്‍ വിരാട് കോലി. നേരത്തെ, ലോകകപ്പിന് ശേഷം കരീബിയന്‍ മണ്ണിലേക്കായിരുന്നു ടീം ഇന്ത്യ ആദ്യം പറന്നത്. അന്ന് ട്വന്റി-20, ഏകദിന, ടെസ്റ്റ് പരമ്പരകളെല്ലാം ജയിച്ച് കോലിപ്പട ആതിഥേയരെ നാണംകെടുത്തി. അന്നത്തെ തോല്‍വിക്ക് പകരം വീട്ടുകയാണ് പൊള്ളാര്‍ഡും കൂട്ടരുടെയും ലക്ഷ്യം.

ഇതിനുള്ള തയ്യാറെടുപ്പുകള്‍ വിന്‍ഡീസ് ക്യാംപില്‍ തകൃതിയായി നടക്കുന്നു. കഴിഞ്ഞ ഒന്നരമാസമായി വിന്‍ഡീസ് ടീം ഇന്ത്യയിലുണ്ട്. വെസ്റ്റ് ഇന്‍ഡീസ് - അഫ്ഗാനിസ്താന്‍ പരമ്പരയ്ക്ക് ഇന്ത്യയാണ് വേദിയൊരുക്കിയത്. അതുകൊണ്ട് ഇന്ത്യന്‍ സാഹചര്യങ്ങളുമായി വിന്‍ഡീസ് ടീം ഏറെക്കുറെ പൊരുത്തപ്പെട്ടെന്നു വേണം പറയാന്‍.
അടുത്തവര്‍ഷം ട്വന്റി-20 ലോകകപ്പ് നടക്കാനിരിക്കെ ഇനിയങ്ങോട്ട് ലോകകപ്പ് സ്‌ക്വാഡ് മനസ്സില്‍ കണ്ടായിരിക്കും പ്ലേയിങ് ഇലവനെ കോലി തിരഞ്ഞെടുക്കുക. ഇക്കാര്യം വ്യാഴാഴ്ച്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.

ഇതേസമയം, വീണ്ടുമൊരിക്കല്‍ക്കൂടി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിലാണ് ആരാധകരുടെ നോട്ടം മുഴുവന്‍. തുടരെ രണ്ടു ട്വന്റി-20 ലോകകപ്പുകള്‍ നടക്കാനിരിക്കുന്നു. മഹേന്ദ്ര സിങ് ധോണിയുടെ കാര്യമാണെങ്കില്‍ അനിശ്ചിതത്വത്തിലും. ഈ അവസരത്തില്‍ ധോണിക്ക് പകരം പന്തിനെയാണ് ഒന്നാം നമ്പര്‍ കീപ്പറായി ടീം മാനേജ്‌മെന്റ് വാര്‍ത്തെടുക്കുന്നത്.

പക്ഷെ താരമിതുവരെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും ശരാശരിയില്‍ മാത്രമായി പന്ത് ഒതുങ്ങുകയാണ്. എന്തായാലും നടക്കാനിരിക്കുന്ന വിന്‍ഡീസ് പരമ്പരയില്‍ റിഷഭ് പന്ത് മികവ് വീണ്ടെടുക്കുമെന്ന പ്രതീക്ഷ ടീം ഇന്ത്യ പുലര്‍ത്തുന്നു.
വെള്ളിയാഴ്ച്ച ഇന്ത്യയ്ക്കായി ഗ്ലൗസണിയുമ്പോള്‍ മറ്റൊരു റെക്കോര്‍ഡ് കൂടി പന്തിന്റെ കയ്യകലത്ത് എത്തുന്നുണ്ട്. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലെ ട്വന്റി-20 പോരാട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കലുകള്‍ നടത്തിയിരിക്കുന്നത് ധോണിയാണ്. ഈ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിക്കാനാണ് പന്തിന് ഇപ്പോള്‍ അവസരം.

നിലവില്‍ ഏഴു ട്വന്റി-20 മത്സരങ്ങളില്‍ നിന്നും അഞ്ചു പുറത്താക്കലുകള്‍ ധോണി നടത്തിയിട്ടുണ്ട്. പന്താകട്ടെ ഏഴു കളികളില്‍ നിന്നും മൂന്നു പുറത്താക്കലുകളും അവകാശപ്പെടുന്നു. മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയില്‍ മുഴുനീളം കളിക്കുന്ന സാഹചര്യത്തില്‍ ധോണിയുടെ റെക്കോര്‍ഡ് റിഷഭ് പന്ത് മറികടക്കാനുള്ള സാധ്യതയേറെ.
നിലവില്‍ മുന്‍ വിന്‍ഡീസ് കീപ്പര്‍ ദിനേശ് രാംദിനാണ് ധോണിക്ക് പിന്നില്‍ രണ്ടാമന്‍. മൂന്നാം സ്ഥാനത്ത് ആന്ദ്രെ ഫ്‌ളെച്ചറും നാലാം സ്ഥാനത്തും ദിനേശ് കാര്‍ത്തിക്കും ഈ പട്ടികയില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications