വിശാഖപട്ടണം: റണ്‍മഴക്കൊടുവില്‍ ആവേശ ടൈ. വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യയും വിന്‍ഡീസും ഇഞ്ചോടിഞ്ച് പൊരുതിയപ്പോള്‍ രണ്ടാം ഏകദിനം ആവേശ സമനിലയില്‍ കലാശിക്കുകയായിരുന്നു. അവസാന പന്ത് വരെ നീണ്ടുനിന്ന ക്ലൈമാക്‌സില്‍ വിന്‍ഡീസ് സെഞ്ച്വറി വീരന്‍ ഷായ് ഹോപ്പ് (123*) പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് ഇന്ത്യന്‍ വിജയമോഹത്തിന് ബ്രേക്കിടുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ഇന്ത്യ വിരാട് കോലിയുടെ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 321 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ വിന്‍ഡീസ് തിരിച്ചടി ഏഴ് വിക്കറ്റിന് 321 റണ്‍സില്‍ തന്നെ ഒതുങ്ങുകയായിരുന്നു. ഇരു ടീമിനും വിജയ പരാജയങ്ങള്‍ മാറിമറിഞ്ഞ മല്‍സരത്തില്‍ അര്‍ഹിച്ചത് സമനില തന്നെയായിരുന്നു. സമനിലയില്‍ കലാശിച്ചെങ്കിലും ഒന്നാം ഏകദിനത്തില്‍ വിജയിച്ച ഇന്ത്യയാണ് അഞ്ച് മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നില്‍.
സെഞ്ച്വറിയുമായി കോലി കത്തിക്കയറി, ഇന്ത്യ ആറിന് 321
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോലിയുടെ (157*) ഉജ്ജ്വല സെഞ്ച്വറിയുടെ മികവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 321 റണ്‍സ് അടിച്ചു കൂട്ടുകയായിരുന്നു. പുറത്താവാതെ 129 പന്തില്‍ 13 ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടുന്നതാണ് കോലിയുടെ ഇന്നിങ്‌സ്. കോലിക്കൊപ്പം 73 റണ്‍സുമായി അമ്പാട്ടി റായുഡുവും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിളങ്ങി. 80 പന്തില്‍ എട്ട് ബൗണ്ടറിയുള്‍പ്പെടുന്നതാണ് റായുഡുവിന്റെ ഇന്നിങ്‌സ്. ശിഖര്‍ ധവാന്‍ (29), എംഎസ് ധോണി (20), റിഷഭ് പന്ത് (17), രവീന്ദ്ര ജഡേജ (13), രോഹിത് ശര്‍മ (4) എന്നിവരാണ് ഇന്ത്യന്‍ നിരയിലെ മറ്റു സ്‌കോറര്‍മാര്‍. വിന്‍ഡീസിനായി ആഷ്‌ലി നൂര്‍സും ഒബെഡ് മക്കോയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കെമര്‍ റോച്ചും മര്‍ലോണ്‍ സാമുവല്‍സും ഓരോ വിക്കറ്റ് വീതം നേടി.
റെക്കോഡിട്ട് വീണ്ടും കോലി
തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സെഞ്ച്വറി നേടിയ കോലി വിശാഖപട്ടണത്ത് വിന്‍ഡീസിനെതിരേ റെക്കോഡുകള്‍ സ്വന്തമാക്കിയാണ് ക്രീസ് വിട്ടത്. ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് ക്ലബ്ബിലെത്തുന്ന താരമെന്ന റെക്കോഡാണ് കോലി സ്വന്തമാക്കിയത്. ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് കോലി പഴങ്കഥയാക്കിയത്. 205 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി 10,000 ക്ലബ്ബില്‍ ഇടംപിടിച്ചത്. 259 ഇന്നിങ്‌സുകളില്‍ നിന്നായി ഇന്ത്യന്‍ ഇതിഹാസം സചിന്‍ 10,000 ക്ലബ്ബില്‍ ഇടം നേടിയിരുന്നത്. കൂടാതെ, വിന്‍ഡീസിനെതിരേ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നേട്ടവും കോലി തന്റെ പേരിലാക്കുകയും ചെയ്തു. സചിന്‍ ടെണ്ടുല്‍ക്കറുടെ 1573 റണ്‍സാണ് വ്യക്തിഗത സ്‌കോര്‍ 48ല്‍ നില്‍ക്കേ കോലി മറികടന്നത്.
ഹോപ്പ് ഷോ, ഹെറ്റ്‌മെയറും മിന്നി; ടൈ കെട്ടി വിന്‍ഡീസ്
മറുപടിയില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പും (123*) മികച്ച ഫോമിലുള്ള ഷിംറോണ്‍ ഹെറ്റ്‌മെയറും (94) മിന്നിയപ്പോള്‍ വിന്‍ഡീസ് ഏഴ് വിക്കറ്റിന് 321 റണ്‍സന്ന ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്തി. 48, 49 ഓവറില്‍ ഇന്ത്യ മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ വിന്‍ഡീസ് തോല്‍വി മണുത്തു. ഇതോടെ ഉമേഷ് യാദവെറിഞ്ഞ അവസാന ഓവറില്‍ വിന്‍ഡീസ് വിജയലക്ഷ്യം 14 റണ്‍സായി മാറി. ആദ്യ പന്തില്‍ ഹോപ്പ് സിംഗിളെടുത്തപ്പോള്‍ രണ്ടാം പന്തില്‍ ലെഗ്‌ബൈ ആയി നാല് റണ്‍സ് വിന്‍ഡീസിന് ലഭിച്ചു. മൂന്നാം പന്തില്‍ നുര്‍സ് ഡബിളെടുത്തു.
പക്ഷേ, നാലാം പന്തില്‍ ഉമേഷ് യാദവ് നുര്‍സിനെ റായുഡുവിന്റെ കൈകളിലെത്തിച്ചു. പക്ഷേ, ഹോപ്പ് നല്‍കി ഹോപ്പ് അഞ്ചാം പന്തില്‍ ഡബിളെടുത്തു. അവസാന പന്തില്‍ അഞ്ച് റണ്‍സാണ് വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍, ഉമേഷിനെ ബൗണ്ടറിയിലേക്ക് പായിച്ച് ഹോപ്പ് വിന്‍ഡീസിനെ തോല്‍വിയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. 134 പന്തില്‍ 10 ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് ഹോപ്പിന്റെ ഇന്നിങ്‌സ്. 64 പന്തില്‍ ഏഴ് സിക്‌സറും നാല് ബൗണ്ടറിയുമാണ് ഹെറ്റ്‌മെയറിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവ് മൂന്നും മുഹമ്മദ് ഷമി, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. കോലിയാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ മൂന്നാം മല്‍സരം 27ന് പൂനെയില്‍ അരങ്ങേറും.
ടീം: ഇന്ത്യ- രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), അമ്പാട്ടി റായുഡു, എംഎസ് ധോണി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചഹാല്‍.
വിന്‍ഡീസ്- കീരണ്‍ പവല്‍, ചന്ദ്രപോള്‍ ഹെംരാജ്, ഷായ് ഹോപ്പ്, മാര്‍ലോണ്‍ സാമുവല്‍സ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്മാന്‍ പവല്‍, ജേസന്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ആഷ്‌ലി നൂര്‍സ്, ദേവേന്ദ്ര ബിഷൂ, കെമര്‍ റോച്ച്, ഒബെഡ് മക്കോയ്.