മുംബൈ: ഇന്ത്യയുടെ സീനിയര്‍ ക്രിക്കറ്റ് താരങ്ങള്‍ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍,ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര എന്നിവയ്ക്ക് ശേഷം സെപ്തംബര്‍ പകുതിക്ക് ശേഷം മാത്രമെ ഇന്ത്യന്‍ ടീം നാട്ടിലേക്ക് മടങ്ങിയെത്തു. ഇതിനിടെ ജൂലൈയില്‍ ഇന്ത്യയുടെ യുവനിര ശ്രീലങ്കന്‍ പര്യടനം നടത്താനൊരുങ്ങുകയാണ്.

മൂന്ന് ഏകദിനവും അഞ്ച് ടി20യും അടങ്ങുന്ന പരമ്പരയുടെ ഷെഡ്യൂള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും മത്സരം നടക്കുമെന്ന് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് തുടങ്ങിയവരൊന്നുമില്ലാതെ ഇന്ത്യ ശ്രീലങ്കന്‍ പര്യടനം നടത്തുമ്പോള്‍ കാത്തിരിക്കുന്നതെന്താവും? വലിയ പ്രതീക്ഷയാണ് ഇന്ത്യക്ക് മുന്നിലുള്ളതെങ്കിലും യുവതാരനിരയ്ക്ക് ശ്രീലങ്കയെ അവരുടെ നാട്ടില്‍ വീഴ്ത്തുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്നുറപ്പ്.
ദിമുത് കരുണരത്‌ന,കുശാല്‍ പെരേര,ധനഞ്ജയ് ഡി സില്‍വ,കുശാല്‍ മെന്‍ഡിസ് തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്ന ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയുടെ യുവനിരയെ അയച്ചാല്‍ വലിയ തിരിച്ചടി നേരിടാനുള്ള സാധ്യത കൂടുതലാണ്. ശിഖര്‍ ധവാന്‍ ഒഴികെയുള്ള ഒട്ടുമിക്ക സീനിയര്‍ താരങ്ങളും ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോയിട്ടുണ്ട്.
അതിനാല്‍ത്തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മത്സര പരിചയമില്ലാത്ത യുവതാരങ്ങളുടെ നിരയുമായാവും ഇന്ത്യക്ക് ശ്രീലങ്കയിലേക്ക് പോകേണ്ടി വരിക. സൂര്യകുമാര്‍ യാദവ്,മനീഷ് പാണ്ഡെ,സഞ്ജു സാംസണ്‍,ഇഷാന്‍ കിഷന്‍,ദേവ്ദത്ത് പടിക്കല്‍,പൃഥ്വി ഷാ തുടങ്ങിയവരൊക്കെ ബാറ്റിങ്ങ് നിരയില്‍ ഉണ്ടാവാനാണ് സാധ്യത. ഓള്‍റൗണ്ട് കരുത്ത് പകരാന്‍ ഹര്‍ദിക് പാണ്ഡ്യയും കളിച്ചേക്കും.ബൗളിങ് നിരയില്‍ ദീപക് ചഹാര്‍,ആവേഷ് ഖാന്‍,ഹര്‍ഷല്‍ പട്ടേല്‍,ടി നടരാജന്‍,നവദീപ് സൈനി എന്നീ യുവതാരങ്ങള്‍ക്കൊപ്പം ഭുവനേശ്വര്‍ കുമാറും കളിച്ചേക്കും. സ്പിന്‍ നിരയിലേക്ക് കുല്‍ദീപ് യാദവിനെ പരിഗണിക്കുമോയെന്നത് കണ്ടറിയണം.

വരുണ്‍ ചക്രവര്‍ത്തി,രാഹുല്‍ തെവാത്തിയ എന്നിവരാവും സ്പിന്‍ നിരയില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള പ്രധാന താരങ്ങള്‍. ഐപിഎല്ലില്‍ തിളങ്ങിയ താരങ്ങള്‍ക്കെല്ലാം അവസരം നല്‍കി തിളങ്ങുന്നവരെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കാം എന്ന കണക്കുകൂട്ടലിലാവും ബിസിസി ഐ. എന്നാല്‍ യുവതാരനിരയില്‍ അമിത പ്രതീക്ഷവെച്ച് ശ്രീലങ്കയിലേക്ക് പോകുന്നത് വലിയ തിരിച്ചടിയാവാനും സാധ്യതകളേറെയാണ്. പരമ്പര ജയിക്കാന്‍ ശിഖര്‍ ധവാന്‍,ഹര്‍ദിക് പാണ്ഡ്യ,ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമാവും. പൃഥ്വി ഷാ,ദേവ്ദത്ത് പടിക്കല്‍ എന്നിവരിലും പ്രതീക്ഷകളുണ്ടെങ്കിലും ശ്രീലങ്കയില്‍ കളിച്ച് പരിചയസമ്പത്തില്ലാത്തത് തിരിച്ചടിയാവുമോയെന്ന് കണ്ടറിയണം.