
ദേവ്ദത്ത് പടിക്കല്‍
ആര്‍സിബിക്കൊപ്പം ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്ന ദേവ്ദത്ത് പടിക്കലിന് ശ്രീലങ്കന്‍ പരമ്പരയില്‍ അവസരം നല്‍കിയേക്കും. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ച്വറിയടക്കം തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിയത്. 2021ലെ ഐപിഎല്ലിലൂടെ കന്നി ഐപിഎല്‍ സെഞ്ച്വറിയും താരം കുറിച്ചിരുന്നു. 152.34 ശരാശരിയിലായിരുന്നു ഈ സീസണിലെ ദേവ്ദത്തിന്റെ പ്രകടനം. ലങ്കന്‍ പര്യടനത്തില്‍ തിളങ്ങിയാല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും ഇടം കൈയന്‍ ഓപ്പണറെ പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്.

വരുണ്‍ ചക്രവര്‍ത്തി
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന പരമ്പരയിലും പരിഗണിച്ച താരമാണ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ പരിക്കും ഫിറ്റ്‌നസ് ടെസ്റ്റും താരത്തിന് തിരിച്ചടിയായി. ശ്രീലങ്കന്‍ പരമ്പരയില്‍ താരം ഇന്ത്യന്‍ നിരയിലുണ്ടാവുമെന്നുറപ്പാണ്. എന്നാല്‍ ഫിറ്റ്‌നസ് ടെസ്റ്റ് വെല്ലുവിളിയാവുമോയെന്ന് കണ്ടറിയണം. ഐപിഎല്ലില്‍ കെകെആറിന്റെ താരമാണ് വരുണ്‍. 21 ഐപിഎല്ലില്‍ നിന്ന് ഒരു അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 25 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

രാഹുല്‍ തെവാത്തിയ
രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയക്ക് ഇംഗ്ലണ്ട് പരമ്പരയില്‍ അവസരം ലഭിച്ചെങ്കിലും ഫിറ്റ്‌നസ് ടെസ്റ്റില്‍ പാസാവാനായില്ല. ശ്രീലങ്കയ്‌ക്കെതിരെയും താരത്തെ ടീമിലേക്ക് പരിഗണിച്ചേക്കും. എന്നാല്‍ 2020 സീസണില്‍ 255 റണ്‍സും 10 വിക്കറ്റും വീഴ്ത്തിയ താരത്തിന് ഈ മികവ് 2021ല്‍ ആവര്‍ത്തിക്കാനായില്ല. എങ്കിലും ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യ പരിഗണിക്കുന്ന താരത്തിന് ശ്രീലങ്കയ്‌ക്കെതിരേ അവസരം ലഭിച്ചേക്കും.

റുതുരാജ് ജയ്ഗ്വാദ്
എംഎസ് ധോണിയുടെ സിഎസ്‌കെയുടെ ഓപ്പണറായ റുതുരാജ് ജയ്ഗ്വാദിനും ടീമില്‍ അവസരം ലഭിച്ചേക്കും. അനാവശ്യമായ കടന്നാക്രമണം എന്നതിലുപരി ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്തുന്ന താരമാണ് അദ്ദേഹം. 2021 സീസണില്‍ 197 റണ്‍സാണ് അദ്ദേഹം നേടിയത്. ടി20 പരമ്പരയില്‍ ഇടം ലഭിച്ചില്ലെങ്കിലും ഏകദിന പരമ്പരയിലേക്ക് ഇന്ത്യ റുതുരാജിനെ പരിഗണിച്ചേക്കും. നിലയുറപ്പിച്ച ശേഷം പതിയെ റണ്‍റേറ്റ് ഉയര്‍ത്തുന്ന ശൈലിയാണ് താരത്തിന്റേത്.

ചേതന്‍ സക്കറിയ
ആര്‍സിബി നെറ്റ്‌സ് ബൗളറായിരുന്ന ചേതന്‍ സക്കറിയയെ രാജസ്ഥാന്‍ റോയല്‍സ് 2021 സീസണില്‍ 1.2 കോടിക്കാണ് ടീമിലെത്തിച്ചത്. ഏഴ് വിക്കറ്റും ഗംഭീര ഫീല്‍ഡിങ്ങുമായി കളം നിറഞ്ഞ് കളിച്ച ഇടം കൈയന്‍ പേസര്‍ ഇതിനോടകം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. മികച്ച ഇടം കൈയന്‍ പേസറെ ഇന്ത്യക്ക് ആവിശ്യമുള്ളതിനാല്‍ ചേതന് വളരാനുള്ള അവസരം നല്‍കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ത്തന്നെ ശ്രീലങ്കയിലേക്ക് ചേതനും പറന്നേക്കും.


Click it and Unblock the Notifications











