കൊൽക്കത്ത: ശ്രീലങ്കയുടെ മാരകമായ ഫാസ്റ്റ് ബൗളിംഗ് ആക്രമണത്തിൽ ചൂളിപ്പോയ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ആശ്വാസമായി മഴ. ഒന്നാം ദിവസത്തെ പോലെ രണ്ടാം ദിവസവും ഭൂരിഭാഗം മഴ അപഹരിച്ച കളിയിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 75 എന്ന നിലയിൽ മാനം പോയി നിൽക്കുകയാണ്. ഉച്ചഭക്ഷണ സമയത്തോട് അടുപ്പിച്ച് മഴ തകർത്തു പെയ്തതോടെ ഇന്ത്യ - ശ്രീലങ്ക ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി ഉപേക്ഷിക്കേണ്ടി വന്നു.
മൂന്ന് വിക്കറ്റിന് 17 എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് അധികം വൈകാതെ അജിൻക്യ രഹാനെയെ നഷ്ടമായി. 21 പന്തിൽ 4 റൺസായിരുന്നു രഹാനെയുടെ സമ്പാദ്യം. സാഹയ്ക്ക് മുമ്പേ ക്രീസിലെത്തിയ അശ്വിനും 4 റൺസെടുത്ത് പുറത്തായി. അശ്വിന്‍ 29 പന്തുകൾ കളിച്ചു ഇതോടെ ഇന്ത്യ 5 വിക്കറ്റിന് 50 എന്ന നിലയിലേക്ക് തകർന്നു.

എന്നാൽ വിക്കറ്റ് കീപ്പർ സാഹയെ ഒരറ്റത്ത് നിർത്തി ചേതേശ്വർ പൂജാര ഇന്ത്യൻ ഇന്നിംഗ്സ് കൂടുതൽ കുഴപ്പങ്ങളില്ലാതെ മുന്നോട്ട് നീക്കി. 102 പന്തുകളിൽ 9 ബൗണ്ടറി സഹിതം 47 റൺസെടുത്ത് പൂജാര പുറത്താകാതെ നിൽപ്പുണ്ട്. 6 റൺസെടുത്ത സാഹയാണ് കൂട്ടിന്. ഇരുവരും ചേർന്ന് ഇന്ത്യയ്ക്ക് വേണ്ടി പിരിയാത്ത ആറാം വിക്കറ്റിൽ 25 റൺസ് ചേർത്തു.
ഒന്നാം ദിവസം ആറോവറിൽ ആറും മെയ്ഡനാക്കി മൂന്ന് വിക്കറ്റെടുന്ന സുരംഗ ലക്മലായിരുന്നു ലങ്കയുടെ സ്റ്റാർ ബൗളർ. എന്നാൽ രണ്ടാം ദിവസം രണ്ട് വിക്കറ്റുമായി ശനകയാണ് തിളങ്ങിയത്. നേരത്തെ ഒന്നാം ദിനം മഴമൂലം വൈകി തുടങ്ങിയ കളിയില്‍ ടോസ് നേടി ഇന്ത്യയെ ലങ്ക ബാറ്റിംഗിന് അയക്കുകയായിരുന്നു. രാഹുൽ (0), ധവാൻ (8), കോലി (0) എന്നിവരാണ് ഒന്നാം ദിനം പുറത്തായത്.