കൊളംബോ: ഇന്ത്യ-ശ്രീലങ്ക നാലാം ഏകദിന മത്സരം ആഗസ്റ്റ് 31 വ്യാഴാഴ്ച നടക്കാനിരിക്കുമ്പോൾ എല്ലാ കണ്ണുകളും ധോണിയിലേക്കാണ്. തന്റെ കരിയറിലെ മുന്നൂറാം ഏകദിന മത്സരത്തിനിറങ്ങുന്ന ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി മറ്റൊരു നേട്ടവും സ്വന്തമാക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
നൂറ് സ്റ്റംപിംഗുകൾ ചെയ്ത വിക്കറ്റ് കീപ്പറെന്ന നാഴികക്കല്ലിന് തൊട്ടരികിലെത്തിയ ധോണി ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തിൽ ആ ചരിത്രനേട്ടം സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്. ഏകദിനത്തിലെ മികച്ച ഫിനിഷർമാരിലൊരാളായി അറിയപ്പെടുന്ന ധോണി വ്യാഴാഴ്ചയിലെ മത്സരത്തോടെ മുന്നൂറ് ക്ലബിലെത്തുന്ന ആറാമത്തെ ഇന്ത്യൻ താരവുമാകും.

സച്ചിൻ തെണ്ടുൽക്കർ(463), രാഹുൽ ദ്രാവിഡ്(344), മുഹമ്മദ് അസ്ഹറുദ്ദീൻ(334) സൗരവ് ഗാംഗുലി(311), യുവരാജ് സിങ്(304) എന്നിവരാണ് മുന്നൂറ് ഏകദിനങ്ങൾ പൂർത്തിയാക്കിയ മറ്റു ഇന്ത്യൻ താരങ്ങൾ. ശ്രീലങ്കയ്ക്കെതിരായ ആദ്യത്തെ മൂന്നു മത്സരങ്ങളും വിജയിച്ച ഇന്ത്യ ഏകദിന പരമ്പര ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.
ഇതുവരെയുള്ള മൂന്ന് മത്സരങ്ങളിലും കാര്യമായി റൺസെടുക്കാൻ കഴിയാതിരുന്ന ക്യാപ്റ്റൻ വിരാട് കോലി, കെഎൽ രാഹുൽ തുടങ്ങിയവർക്ക് വിശ്രമം അനുവദിച്ച് മനീഷ് പാണ്ഡെ, അജ്യൻക രഹാനെ, കുൽദീപ് യാദവ് തുടങ്ങിയവർക്ക് അവസരം നൽകിയേക്കുമെന്നും സൂചനയുണ്ട്.
അതേസമയം, ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും നഷ്ടമായതോടെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമർശനമുയർന്നിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിനിടെ ശ്രീലങ്കയുടെ കളിയിൽ നിരാശരായ ആരാധകർ കുപ്പിയെറിഞ്ഞ് കളി തടസപ്പെടുത്തുകയും ചെയ്തിരുന്നു. പരിക്കേറ്റ ക്യാപ്റ്റൻ ചമര കപുദഗേദരയ്ക്ക് പകരം ബൗളർ ലസിത് മലിംഗയാകും നാലാം ഏകദിനത്തിൽ ശ്രീലങ്കയെ നയിക്കുക. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഇന്ത്യൻ സമയം രണ്ടരയ്ക്ക് പ്രേമദാസ സ്റ്റേഡിയത്തിലാണ് കളി. ശ്രീലങ്കൻ പര്യടനത്തിൽ ഒരു ട്വന്റി-20 മത്സരം കൂടി ബാക്കിയുണ്ട്.