കൊല്‍ക്കത്ത ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിവസം ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ താണ്ഡവം. മഴമൂലം വൈകി തുടങ്ങിയ കളിയില്‍ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിന് അയക്കാനായിരുന്നു ലങ്കന്‍ ക്യാപ്റ്റന്‍ ദിനേശ് ചാന്ദിമലിന്റെ തീരുമാനം. ഈ തീരുമാനം അക്ഷരം പ്രതി ശരിവെക്കും വിധം ലങ്കന്‍ ബൗളര്‍മാര്‍ ഇന്ത്യന്‍ ബാറ്റിംഗിനെ അമ്മാനമാടി.
കളിയുടെ ഒന്നാം പന്തില്‍ കെ എല്‍ രാഹുലിനെ പുറത്താക്കി സുരംഗ ലക്മല്‍ ഇന്ത്യയെ ഞെട്ടിച്ചു. ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പേ ആദ്യ വിക്കറ്റ് നഷ്ടം. ഏഴാമത്തെ ഓവറില്‍ ശിഖര്‍ ധവാന്റെ കുറ്റി തെറിപ്പിച്ച് ലക്മല്‍ ഇന്ത്യയ്ക്ക് വീണ്ടും പ്രഹരം ഏല്‍പ്പിച്ചു. വിരാട് കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ലക്മല്‍ വീണ്ടും ഇന്ത്യയുടെ പേടിസ്വപ്‌നമായി. ആറോവറില്‍ ആറും മെയ്ഡനാക്കിയാണ് ലക്മല്‍ ഇന്ത്യയുടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയത്.

രാഹുൽ (0), ധവാൻ (8), കോലി (0) എന്നിവരാണ് പുറത്തായത്. പൂജാര (8), രഹാനെ (0) എന്നിവർ ക്രീസിലുണ്ട്. മഴമൂലം നാല് മണിക്കൂർ വൈകിയാണ് കൊൽക്കത്തയിൽ ഒന്നാം ടെസ്റ്റ് തുടങ്ങിയത്. അധികം വൈകാതെ മഴ തന്നെ കളി മുടക്കുകയും ചെയ്തു. ഇന്ത്യൻ ടീമിൽ അഞ്ച് ബാറ്റ്സ്മാൻമാരും അഞ്ച് ബൗളർമാരും വിക്കറ്റ് കീപ്പറുമാണ് ഉള്ളത്. ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരാണ് ബൗളർമാർ. ധവാൻ, വിജയ്, കോലി, പൂജാര, രഹാനെ എന്നിവരാണ് ബാറ്റ്സ്മാൻമാർ. സാഹയാണ് കീപ്പർ. ഇന്ത്യയിൽ ഇത് വരെ ശ്രീലങ്ക ഒരു ടെസ്റ്റ് മത്സരം വിജയിച്ചിട്ടില്ല.