ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര പുരോഗമിക്കവെ പരിക്ക് ഇന്ത്യക്ക് വലിയ തിരിച്ചടി നല്‍കിയിരിക്കുകയാണ്. രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശുബ്മാന്‍ ഗില്‍ എന്നിവര്‍ പരമ്പരക്ക് മുമ്പ് തന്നെ പരിക്കേറ്റ് പുറത്തായിരുന്നു. ഇപ്പോഴിതാ വിരാട് കോലിയും പരിക്കിന്റെ പിടിയിലായിരുന്നു. ജോഹന്നാസ്ബര്‍ഗ് ടെസ്റ്റില്‍ ടോസിടാന്‍ കെ എല്‍ രാഹുല്‍ ഇറങ്ങിയപ്പോള്‍ മാത്രമാണ് പരിക്കിന്റെ കാര്യം വ്യക്തമാകുന്നത്.
മൂന്നാം ടെസ്റ്റ് കോലിയുടെ 100ാം ടെസ്റ്റാണ്. അതുകൊണ്ട് തന്നെ എന്തുവിലകൊടുത്തും കോലി കളിക്കും. എന്നാല്‍ ടെസ്റ്റ് പരമ്പരക്ക് ശേഷം നടക്കുന്ന ഏകദിന പരമ്പരയില്‍ നിന്ന് കോലി വിട്ടുനിന്നേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പുറത്തിനേറ്റ പരിക്കാണ് കോലിക്ക് വില്ലനായിരിക്കുന്നത്. 100ാം ടെസ്റ്റ് കളിക്കാന്‍ കോലി ആഗ്രഹിക്കുന്നതിനാല്‍ അതിന് അനുവദിച്ചേക്കും. എന്നാല്‍ വിശ്രമം വേണ്ടിവരുമെന്നതിനാല്‍ ഏകദിന പരമ്പര അദ്ദേഹം കളിക്കാന്‍ സാധ്യത കുറവാണ്.
നായകന്‍ രോഹിത് ശര്‍മക്ക് പരിക്കിനെത്തുടര്‍ന്ന് ഏകദിന പരമ്പരയും നഷ്ടമായിരിക്കുന്ന സാഹചര്യത്തില്‍ കോലി ഒപ്പമുണ്ടെന്നതായിരുന്നു ഇന്ത്യയുടെ ആത്മവിശ്വാസം. എന്നാല്‍ കോലിക്കും പരിക്കേറ്റതോടെ ഇന്ത്യക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. കോലിക്ക് പകരം കളിക്കാന്‍ യുവതാരങ്ങളടക്കം ടീമിലുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് കോലിയുടെ അഭാവം മാനസികമായി ആധിപത്യം നല്‍കും.

ഇടവേളക്ക് ശേഷം കോലിയുടെ ഏകദിന സെഞ്ച്വറി കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണിത്. കോലിയുടെ 2022ന്റെ തുടക്കം തന്നെ പരിക്കിന്റെ പിടിയിലായെന്നതാണ് മറ്റൊരു ദൗര്‍ഭാഗ്യകരമായ കാര്യം. 2020,2021 വര്‍ഷം കോലിയെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന വര്‍ഷമാണ്. ഒരു സെഞ്ച്വറി പോലും നേടാനായില്ലെന്നതാണ് ഏറ്റവും പ്രധാന കാര്യം. പരിമിത ഓവര്‍ നായകസ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വന്ന കോലി ആര്‍സിബിയുടെ നായകസ്ഥാനവും ഒഴിഞ്ഞു.
വിവാദങ്ങളിലും കോലി ഉള്‍പ്പെടേണ്ടി വന്ന വര്‍ഷമാണ് 2021. എല്ലാ പ്രതിസന്ധികളേയും മറികടന്ന് 2022ല്‍ ശക്തമായ തിരിച്ചുവരവ് കോലിക്ക് നടത്താനാവുമെന്ന് കരുതിയിരിക്കവെയാണ് പരിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഈ മാസം 19നാണ് മൂന്ന് മത്സര ഏകദിന പരമ്പര ആരംഭിക്കുന്നത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ ഇന്ത്യയെ നയിക്കുമ്പോള്‍ ജസ്പ്രീത് ബുംറയാണ് വൈസ് ക്യാപ്റ്റന്‍.
കോലിയുടെയും രോഹിത്തിന്റെയും അഭാവം നായകനെന്ന നിലയില്‍ രാഹുലിനും മാനസികമായി ആത്മവിശ്വാസക്കുറവുണ്ടാക്കും. ഇന്ത്യ വളരെ പ്രതീക്ഷയോടെ കാണുന്ന പരമ്പരയില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്കേറ്റ് പുറത്തുപോവേണ്ടി വന്നത് വലിയ തിരിച്ചടി തന്നെയാണെന്ന് പറയാം. കോലിയുടെയും രോഹിത്തിന്റെയും അഭാവം നികത്തുകയെന്നത് എളുപ്പമുള്ള കാര്യവുമല്ല.
യുവതാരങ്ങള്‍ക്ക് പരമ്പരയില്‍ അവസരം ലഭിച്ചേക്കും. കോലിക്ക് ഏകദിന പരമ്പര നഷ്ടമായാല്‍ പകരം റുതുരാജ് ഗെയ്ക് വാദിന് അവസരം ലഭിച്ചേക്കും. സമീപകാലത്തായി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് റുതുരാജ് നടത്തുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ റെക്കോഡ് പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഐപിഎല്‍ 2021ലെ ഓറഞ്ച് ക്യാപ്പിനുടമയാണ് അദ്ദേഹം.
മറ്റൊരു സാധ്യത ശ്രേയസ് അയ്യര്‍ കോലിക്ക് പകരം മൂന്നാം നമ്പറിലിറങ്ങുമ്പോള്‍ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിന് അവസരം നല്‍കുകയെന്നതാണ്. ഓപ്പണിങ്ങില്‍ കെ എല്‍ രാഹുലും ശിഖര്‍ ധവാനും ഇറങ്ങുമ്പോള്‍ മധ്യനിരയില്‍ വെങ്കടേഷ് അയ്യരെ ഓള്‍റൗണ്ടറെന്ന നിലയില്‍ പരിഗണിച്ചേക്കും. ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ ആര്‍ അശ്വിന്‍ സ്പിന്നറായി പ്ലേയിങ് 11ല്‍ ഇടം കണ്ടെത്തിയേക്കും. ശക്തമായ ടീമിനെത്തന്നെ ദക്ഷിണാഫ്രിക്കയും പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഗംഭീര പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.