IND vs SA: രാഹുല്‍ ഇങ്ങനെ 'നയിച്ചാല്‍ പോരാ', തിരിച്ചുവരാന്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം നടക്കാനിരിക്കെ ആരാധകരെയും ടീം മാനേജ്‌മെന്റിനെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നത് കെ എല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയാണ്. നായകനെന്ന നിലയിലെ ആദ്യ മത്സരത്തില്‍ തന്റെ ബലഹീനതകളെല്ലാം തുറന്ന് കാട്ടിയ രാഹുല്‍ രണ്ടാം മത്സരത്തില്‍ അത്ഭുതം കാട്ടുമെന്ന് പറയാനാവില്ല. ആദ്യ മത്സരത്തില്‍ 31 റണ്‍സിനാണ് ഇന്ത്യ തോറ്റത്. നായകനെന്ന നിലയില്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം ബാറ്റ്‌സ്മാനെന്ന നിലയില്‍ തീര്‍ക്കാന്‍ രാഹുലിന് സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 12 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

മൂന്ന് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍ രണ്ടാം മത്സരത്തിലും തോറ്റാല്‍ പരമ്പര കൈവിടുമെന്നുറപ്പാണ്. ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഏകദിന പരമ്പരയും തോറ്റാല്‍ ഇന്ത്യക്കത് വലിയ നാണക്കേടാവും. സമീപകാലത്തായി വിദേശ പര്യടനങ്ങളിലെല്ലാം ആതിഥേയരുടെ പേടി സ്വപ്‌നമായിരുന്ന ഇന്ത്യക്ക് ഇന്ന് പഴയ മികവിനൊത്ത് ഉയരാനാവുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് തിരിച്ചുവരവിനായി ഏറെ പാടുപെടേണ്ടി വരും.

ടീം മാനേജ്‌മെന്റുമായി ഉടക്കി നില്‍ക്കുന്ന കോലിയുടെ മനോഭാവം ടീമിന് തിരിച്ചടിയാണ്. പുതിയ നായകനായ രാഹുലിന് ഒരു ഘട്ടത്തിലും ഉപദേശം നല്‍കാനോ സഹായ ഹസ്തം നീട്ടാനോ കോലി തയ്യാറായിട്ടില്ല. ഇത് ആദ്യ മത്സരത്തിലൂടെ വ്യക്തമായതാണ്. നായകനെന്ന നിലയില്‍ ഇതിനോടകം വലിയ വിമര്‍ശനം നേരിടുന്ന കെ എല്‍ രാഹുലിന് രണ്ടാം മത്സരം വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയെ വിജയ വഴിയില്‍ എത്തിക്കാനും വിമര്‍ശകരുടെ വായടപ്പിക്കാനും രാഹുല്‍ മൂന്ന് പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

മധ്യനിരയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം

മധ്യനിരയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം

ഓപ്പണറെന്ന നിലയില്‍ കളിക്കാനാണ് രാഹുലിന് താല്‍പര്യം. പരിമിത ഓവറില്‍ കൂടുതലും അദ്ദേഹം കളിക്കുന്നതും ഓപ്പണറായാണ്. എന്നാല്‍ നിലവിലെ ടീമിന്റെ സാഹചര്യത്തില്‍ മധ്യനിരയുടെ ഉത്തരവാദിത്തം രാഹുല്‍ ഏറ്റെടുക്കേണ്ടതുണ്ട്. ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തിരിച്ചടിയായത് മധ്യനിരയുടെ തകര്‍ച്ചയാണ്. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍ എന്നിവരെ വിശ്വസിച്ച് മധ്യനിരയുടെ ഉത്തരവാദിത്തം ഏല്‍പ്പിക്കാനാവില്ല. അതുകൊണ്ട് തന്നെ നേരത്തെ മധ്യനിരയില്‍ കളിച്ച് അനുഭവസമ്പത്തുള്ള രാഹുല്‍ അഞ്ചാം നമ്പറിലേക്കിറങ്ങി മധ്യനിരയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബാറ്റിങ്ങില്‍ മികവ് കാട്ടേണ്ടതായുണ്ട്. ഇതിന് രാഹുലിന് സാധിക്കുമോയെന്ന് കണ്ടറിയാം

ടീമിന് ആത്മവിശ്വാസം നല്‍കാന്‍ സാധിക്കണം

ടീമിന് ആത്മവിശ്വാസം നല്‍കാന്‍ സാധിക്കണം

നിലവില്‍ രാഹുലിന് ആത്മവിശ്വാസം വളരെ കുറവാണ്. ക്യാപ്റ്റനെന്ന നിലയില്‍ കളിക്കുമ്പോള്‍ സഹതാരങ്ങള്‍ക്ക് പ്രചോദനമാവുകയും ആവേശം ചോര്‍ന്ന് പോകാതെ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കേണ്ടതായുമുണ്ട്. ഇത് രണ്ടും രാഹുലിന് ആദ്യ മത്സരത്തില്‍ കാട്ടാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വളരെ അനായാസമായാണ് ദക്ഷിണാഫ്രിക്ക കൂട്ടുകെട്ട് സൃഷ്ടിച്ച് മുന്നേറിയത്. വിരാട് കോലിയും രോഹിത് ശര്‍മയും നയിച്ചിരുന്നപ്പോഴുണ്ടായിരുന്ന ആക്രമണോത്സകത രാഹുലിന് കീഴില്‍ ഇന്ത്യക്കില്ല. ഇത് മാനസികമായി ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍തൂക്കം നല്‍കുന്നു. ടീം തിരിച്ചടി നേരിടുകയാണെങ്കില്‍പ്പോലും ശരീര ഭാഷയില്‍ ഉള്‍പ്പെടെ പോസിറ്റീവായി നായകന്‍ കാണപ്പെടണം. ഇതിന് തനിക്ക് സാധിക്കുന്നുണ്ടോയെന്ന് അദ്ദേഹം ആത്മപരിശോധന നടത്തേണ്ടതായുണ്ട്.

ബൗളിങ് ചേഞ്ചുകളില്‍ ശ്രദ്ധ വേണം

ബൗളിങ് ചേഞ്ചുകളില്‍ ശ്രദ്ധ വേണം

ബൗളിങ് ചേഞ്ചുകളെക്കുറിച്ച് കൃത്യമായ ധാരണയോടെ വേണം രാഹുല്‍ കളത്തിലിറങ്ങാന്‍. ആദ്യ മത്സരത്തില്‍ ശര്‍ദുല്‍ ഠാക്കൂറിനെക്കൊണ്ടാണ് രാഹുല്‍ അവസാന ഓവര്‍ എറിയിച്ചത്. ഓള്‍റൗണ്ടറായ ശര്‍ദുലിനെ മധ്യ ഓവറുകളില്‍ പരമാവധി പരീക്ഷിക്കേണ്ടതായുണ്ട്. കൂടാതെ ടീമിലെ മുഖ്യ പേസര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് സമ്മര്‍ദ്ദം നല്‍കാതെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതായുണ്ട്. യുവ താരങ്ങളുടെ മികവില്‍ വിശ്വാസം അര്‍പ്പിക്കാന്‍ തയ്യാറാവണം. വെങ്കടേഷ് അയ്യര്‍ക്ക് അഞ്ചോവറെങ്കിലും നല്‍കാം. ദക്ഷിണാഫ്രിക്കയുടെ മീഡിയം പേസര്‍മാര്‍ ആദ്യ മത്സരത്തില്‍ തിളങ്ങിയത് കണ്ടതാണ്. എന്നാല്‍ വെങ്കടേഷിന് ഒരോവര്‍ പോലും രാഹുല്‍ നല്‍കിയില്ലെന്നത് അദ്ദേഹത്തിന്റെ പിഴവ് എത്രത്തോളമെന്ന് എടുത്തുകാട്ടുന്നു. അതുകൊണ്ട് തന്നെ ബൗളിങ് ചേഞ്ച് വരുത്തുന്നതില്‍ രാഹുലിന് കൃത്യമായ പദ്ധതികള്‍ വേണം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, January 20, 2022, 20:46 [IST]
Other articles published on Jan 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X