IND vs SA: ഇന്ത്യന്‍ ടീമില്‍ ആരൊക്കെ വേണം? രഹാനെ വേണ്ട, ശ്രേയസ് വരണം, ലക്ഷ്മണ്‍ തിരഞ്ഞെടുക്കുന്നു
മുംബൈ: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയും അലമാരയിലെത്തിച്ച ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങിലും തലപ്പത്തേക്കെത്തിയിരിക്കുകയാണ്. ആദ്യ മത്സരത്തിലെ സമനിലക്ക് ശേഷം മുംബൈ ടെസ്റ്റില്‍ റെക്കോഡ് ജയം നേടിയാണ് ഇന്ത്യ രണ്ട് മത്സര പരമ്പര സ്വന്തമാക്കിയത്. രാഹുല്‍ ദ്രാവിഡ് എന്ന പുതിയ പരിശീലകന് കീഴില്‍ ഇന്ത്യ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണെന്ന് പറയാം. എന്നാല്‍ ശരിക്കുള്ള പരീക്ഷണം വരാന്‍ പോകുന്നതേയുള്ളൂ.
ഇന്ത്യയുടെ അടുത്ത പരമ്പര ദക്ഷിണാഫ്രിക്കയിലാണ്. ടെസ്റ്റ് പരമ്പരയോടെ തുടങ്ങുന്ന പര്യടനത്തില്‍ ഏകദിനവും ടി20യുമെല്ലാം ഉള്‍പ്പെടുന്നുണ്ട്. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാത്ത ഇന്ത്യ ഇത്തവണ ചരിത്ര നേട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ബാലികേറാ മലതന്നെയാണ് ദക്ഷിണാഫ്രിക്ക. അതുകൊണ്ട് ഏറ്റവും മികച്ച ടീമിനെത്തന്നെ കളത്തിലിറക്കേണ്ടതായുണ്ട്.

സീനിയര്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് വലിയ ആശങ്കയുണ്ടാക്കുന്നത്. യുവതാരങ്ങള്‍ മികച്ച ഫോമിലാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ അനുഭവസമ്പന്നാരായ താരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമോ അതോ നിലവിലെ താരങ്ങളുടെ ഫോമിന് മുന്‍തൂക്കം നല്‍കുമോയെന്ന് കാത്തിരുന്ന് കാണണം. ഇപ്പോഴിതാ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ടീം ഘടന എങ്ങനെയായിരിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍.
അജിന്‍ക്യ രഹാനെ വേണ്ട ശ്രേയസ് അയ്യര്‍ക്ക് അവസരം നല്‍കണമെന്നാണ് ലക്ഷ്മണ്‍ പറയുന്നത്. 'എന്റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞാല്‍ ആദ്യ ടെസ്റ്റില്‍ അജിന്‍ക്യ രഹാനെ കളിക്കരുത്. തുടര്‍ച്ച ലഭിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് തന്നെ ശ്രേയസ് അയ്യരെ കളിപ്പിക്കണമെന്നാണ് ഞാന്‍ പറയുന്നത്. കാരണം ആദ്യ രണ്ട് മത്സരത്തിലും സമ്മര്‍ദ്ദഘട്ടത്തില്‍ അവന് നന്നായി ബാറ്റ് ചെയ്യാനായിരുന്നു. അരങ്ങേറ്റത്തില്‍ത്തന്നെ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും അവന്‍ നേടിയിരുന്നു. ഒരു യുവതാരത്തിന് ആത്മവിശ്വാസം നല്‍കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് തന്നെ തീര്‍ച്ചയായും ശ്രേയസിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതായുണ്ട്'- ലക്ഷ്മണ്‍ പറഞ്ഞു.

രഹാനെ ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനാണെങ്കിലും സമീപകാല ഫോം വളരെ നിരാശപ്പെടുത്തുന്നതാണ്. സമീപകാലത്തൊന്നും തിളങ്ങാനാവാത്ത രഹാനെയുടെ ഈ വര്‍ഷത്തെ ബാറ്റിങ് ശരാശരി 20 മാത്രമാണ്. ഇനിയും പഴയകാല പ്രകടനത്തിന്റെ പേരില്‍ അദ്ദേഹത്തെ നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിന് പകരം യുവതാരങ്ങള്‍ക്ക് വളരാന്‍ അവസരം നല്‍കേണ്ടതായുണ്ട്.
ചേതേശ്വര്‍ പുജാരയുടെ ബാറ്റിങ് പ്രകടനവും മോശമാണ്. 2019 ജനുവരിയിലാണ് അദ്ദേഹം തന്റെ അവസാന സെഞ്ച്വറി നേടിയത്. ഇനിയും ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തെ നിലനിര്‍ത്തുന്നത് ടീമിന് ഗുണം ചെയ്‌തേക്കില്ല. പകരക്കാരാവാന്‍ കെല്‍പ്പുള്ള യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ത്തന്നെ ടീമില്‍ അഴിച്ചുപണി ഉണ്ടാവുമെന്നാണ് ലഭിക്കുന്ന സൂചന.

ഹനുമ വിഹാരി ഇന്ത്യന്‍ ടീമില്‍ വേണമെന്നും ലക്ഷ്മണ്‍ പറഞ്ഞു. 'തീര്‍ച്ചയായും ഹനുമ വിഹാരി പ്ലേയിങ് 11ല്‍ വേണം. ടോപ് ഫൈവിലൊരാളായി അവനെ പരിഗണിക്കാവുന്നതാണ്. റിഷഭ് പന്ത് ആറാം നമ്പറിലും രവീന്ദ്ര ജഡേജ ഏഴാം നമ്പറിലും ബാറ്റ് ചെയ്യണം. ജഡേജ ബാറ്റുകൊണ്ട് തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണെങ്കിലും വിദേശ സാഹചര്യം ആയതിനാല്‍ ഏഴാം നമ്പറില്‍ത്തന്നെ കളിക്കുന്നതാണ് നല്ലത്. എട്ടാം നമ്പറില്‍ ആര്‍ അശ്വിനും വേണം. പിന്നീട് മൂന്ന് പേസര്‍മാരെയും കളിപ്പിക്കണം'-ലക്ഷ്മണ്‍ പറഞ്ഞു.
ഹനുമ വിഹാരി നിലവില്‍ ഇന്ത്യ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലുണ്ട്. മികച്ച പ്രകടനം തന്നെ അദ്ദേഹം കാഴ്ചവെക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിഹാരിയെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കേണ്ടതായുണ്ട്. ദക്ഷിണാഫ്രിക്കയിലേത് പേസിനെയും ബൗണ്‍സിനെയും തുണക്കുന്ന പിച്ചാണ്. എങ്കിലും ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ പരിഗണിക്കണമെന്നാണ് ലക്ഷ്മണിന്റെ അഭിപ്രായം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications