IND vs SA: ഗംഭീര തിരിച്ചുവരവിനൊരുങ്ങി 'ഗബ്ബാര്‍', നെറ്റ്‌സില്‍ തകര്‍പ്പന്‍ പരിശീലനം, മിന്നല്‍ ഷോട്ടുകള്‍

കേപ്ടൗണ്‍: ഇന്ത്യ വളരെയധികം സ്വപ്‌നം കണ്ടെങ്കിലും ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പര നേട്ടത്തിനായി ഇനിയും കാത്തിരിക്കണം. മൂന്ന് മത്സര ടെസ്റ്റ് പരമ്പര തോറ്റ ഇന്ത്യക്ക് അഭിമാനത്തോടെ മടങ്ങണമെങ്കില്‍ ഏകദിന പരമ്പര സ്വന്തമാക്കിയേ മതിയാവു. ടെസ്റ്റിലെ തോല്‍വികള്‍ മറന്ന് ഏകദിന പരമ്പര നേടാനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ താരങ്ങള്‍. ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെട്ട താരങ്ങള്‍ വിശ്രമത്തിലാണെങ്കിലും ഇന്ത്യയുടെ ഏകദിന ടീമിലെ മറ്റ് താരങ്ങള്‍ പരിശീലനം ആരംഭിച്ച് കഴിഞ്ഞു.

കേപ്ടൗണില്‍ ഇന്ത്യ ടെസ്റ്റ് പരാജയപ്പെടുമ്പോള്‍ ഇതേ സ്ഥലത്ത് ഏകദിന പരമ്പരക്കായുള്ള ഇന്ത്യയുടെ പടയൊരുക്കം ആരംഭിച്ച് കഴിഞ്ഞു. ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെട്ട സീനിയര്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ നെറ്റ്‌സില്‍ പരിശീലനം നടത്തി. തകര്‍പ്പന്‍ ഷോട്ടുകളുമായി നെറ്റ്‌സില്‍ തകര്‍ക്കുന്ന ധവാന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് മാത്രം പരിഗണിക്കപ്പെടുന്ന ധവാന് ഏകദിന പരമ്പര അഭിമാന പ്രശ്‌നമാണ്. തിളങ്ങാനായില്ലെങ്കില്‍ ഇനിയൊരു തിരിച്ചുവരവ് പ്രയാസമാണ്.

ധവാനോടൊപ്പം ഭുവനേശ്വര്‍ കുമാര്‍, പ്രസിദ്ധ് കൃഷ്ണ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, യുസ് വേന്ദ്ര ചഹാല്‍, റുതുരാജ് ഗെയ്ക് വാദ്, വെങ്കടേഷ് അയ്യര്‍ എന്നീ താരങ്ങളെല്ലാം പരിശീലനത്തിനുണ്ടായിരുന്നു. ടെസ്റ്റ് ടീമിലുണ്ടായിരുന്ന വിരാട് കോലി, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം തിങ്കളാഴ്ചയാവും പരിശീലനത്തിനായി ഏകദിന ടീമിനൊപ്പം ചേരുക.

ഏകദിനത്തിലെ ഇന്ത്യയുടെ സമീപകാല പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ സാഹചര്യം ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ്. 2018ലെ മികവ് ആവര്‍ത്തിക്കാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്. അതേ സമയം സമീപകാലത്തായി ദക്ഷിണാഫ്രിക്ക പരിമിത ഓവറിലെ തങ്ങളുടെ കരുത്ത് ഉയര്‍ത്തിയിട്ടുണ്ട്. പ്രതിഭാശാലികളായ നിരവധി സൂപ്പര്‍ താരങ്ങളും അവര്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ജയം കടുപ്പം.

പരിക്ക് ഇന്ത്യയെ ഏകദിന പരമ്പരയിലും വേട്ടയാടുന്നു. നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയുടെ അഭാവമാണ് ഏറ്റവും വലിയ തലവേദന. രോഹിത്തിന്റെ അഭാവത്തില്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റില്‍ നായകനെന്ന നിലയില്‍ രാഹുല്‍ നിരാശപ്പെടുത്തിയിരുന്നു. ഏകദിനത്തില്‍ എന്താവും ചെയ്യുകയെന്നത് കണ്ടറിയണം. രവീന്ദ്ര ജഡേജക്ക് പരിക്കേറ്റത് ഇന്ത്യയുടെ മധ്യനിരയിലെ ബാറ്റിങ് കരുത്തിനെയും ബാധിക്കും.

വെങ്കടേഷ് അയ്യര്‍ മീഡിയം പേസ് ഓള്‍റൗണ്ടറായി പ്ലേയിങ് 11ല്‍ ഇടം പിടിക്കുമെന്നുറപ്പ്. എന്നാല്‍ ഐപിഎല്‍ 2021ലെ ഓറഞ്ച് ക്യാപ് ജേതാവും അവസാന വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ച്വറിയടക്കം മിന്നല്‍ പ്രകടനം നടത്തുകയും ചെയ്ത റുതുരാജ് ഗെയ്ക് വാദിന് അവസരം ലഭിക്കുമോയെന്നത് കണ്ടറിയണം. നിലവിലെ സാഹചര്യത്തില്‍ കെ എല്‍ രാഹുല്‍ ശിഖര്‍ ധവാന്‍ ഓപ്പണിങ് കൂട്ടുകെട്ടിനെ ഇന്ത്യ വിശ്വാസം അര്‍പ്പിക്കാനാണ് സാധ്യത.

2023ല്‍ ഏകദിന ലോകകപ്പ് നടക്കാനുണ്ട്. അതുകൊണ്ട് തന്നെ അതിന് മുന്നോടിയായി മികച്ച ടീമിനെ കണ്ടെത്തണം. യുവതാരങ്ങളെ സംബന്ധിച്ച് ഇനിയുള്ള ഓരോ മത്സരവും വളരെ പ്രധാനപ്പെട്ടതാണ്. പ്രകടനം വിലയിരുത്തിത്തന്നെയാവും ലോകകപ്പ് ടീമെന്നതിനാല്‍ ഉയര്‍ന്നുവരാനുള്ള സുവര്‍ണ്ണാവസരമാണ് യുവതാരങ്ങള്‍ക്കുള്ളത്.

അടുത്തകാലത്തൊന്നും ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര കളിച്ചിട്ടില്ല. അവസാനമായി 2018ലാണ് കളിച്ചത്. അന്ന് ടെസ്റ്റ് പരമ്പര തോറ്റിറങ്ങിയ ഇന്ത്യ അഞ്ച് മത്സര ഏകദിന പരമ്പര 4-1ന് നേടിയാണ് മധുര പ്രതികാരം ചെയ്തത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല. അന്ന് വിരാട് കോലിയടക്കം എല്ലാവരും ഫോമിലായിരുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യം അങ്ങനെയല്ല. അതുകൊണ്ട് തന്നെ യുവതാരങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. കഗിസോ റബാഡ, ലൂങ്കി എന്‍ഗിഡി, വെയ്ന്‍ പാര്‍ണല്‍ എന്നിവരുടെയെല്ലാം പേസാക്രമണത്തെ ഇന്ത്യന്‍ ബാറ്റിങ് നിര എങ്ങനെ അതിജീവിക്കുമെന്ന് കണ്ടറിയാം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, January 15, 2022, 15:12 [IST]
Other articles published on Jan 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X