IND vs SA: എന്തുകൊണ്ട് വെങ്കടേഷിന് ഓവര്‍ നല്‍കിയില്ല? വിചിത്ര വിശദീകരണവുമായി ശിഖര്‍ ധവാന്‍

പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ 31 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ഏറ്റവും ചര്‍ച്ചയായത് ഇന്ത്യന്‍ നായകന്‍ കെ എല്‍ രാഹുലിന് സംഭവിച്ച പിഴവുകളാണ്. ക്യാപ്റ്റനെന്ന നിലയില്‍ തൊട്ടതെല്ലാം അദ്ദേഹത്തിന് പിഴച്ചു. ഒരു തരത്തിലും മികവ് കാട്ടാന്‍ അദ്ദേഹത്തിനായില്ല. ബൗളിങ് ചേഞ്ചിലും ഫീല്‍ഡിങ് വിന്യാസത്തിലും ബാറ്റിങ്ങിലും രാഹുലിന് കൈയടി നേടാനായില്ല. രാഹുല്‍ കാട്ടിയ ഏറ്റവും വലിയ മണ്ടത്തരമായി ചൂണ്ടിക്കാട്ടപ്പെട്ടത് വെങ്കടേഷ് അയ്യരെക്കൊണ്ട് പന്തെറിയിച്ചില്ല എന്നതാണ്.

മീഡിയം പേസ് ഓള്‍റൗണ്ടര്‍ വിശേഷണത്തോടെ ഇന്ത്യന്‍ ടീമിലേക്കെത്തപ്പെട്ട വെങ്കടേഷിന് ആദ്യ മത്സരത്തില്‍ ഒരോവര്‍ പോലും പന്ത് ചെയ്യിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം വലിയ രീതിയില്‍ ഉയര്‍ന്ന് കേട്ടിരുന്നു. ഇപ്പോഴിതാ ഇതിന് വിശദീകരണം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണറും സീനിയര്‍ താരവുമായ ശിഖര്‍ ധവാന്‍. അദ്ദേഹത്തിന്റെ വിചിത്ര വിശദീകരണമാണ് ഇപ്പോള്‍ കൂടുതല്‍ വിമര്‍ശനം നേരിടുന്നതെന്ന് പറയാം. ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാര്‍ മികവ് കാട്ടിയതിനാലാണ് വെങ്കടേഷിനെ പരീക്ഷിക്കാത്തതെന്ന തരത്തിലാണ് ധവാന്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

' ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാര്‍ മികവ് കാട്ടിയിരുന്ന സാഹചര്യത്തില്‍ വെങ്കടേഷിന്റെ ബൗളിങ് ഇന്ത്യ ആവിശ്യപ്പെട്ടിരുന്നില്ല. സ്പിന്നിന് നല്ല ടേണ്‍ ലഭിക്കുന്നുണ്ടായിരുന്നു. ഫാസ്റ്റ് ബൗളര്‍മാരും മികച്ചവരായിരുന്നു. മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴാത്താന്‍ സാധിച്ചില്ല. ഈ സമയത്ത് ഞങ്ങള്‍ ചിന്തിച്ചത് മുഖ്യ ബൗളര്‍മാരെ തിരിച്ചെത്തിച്ച് വിക്കറ്റ് വീഴ്ത്തി കൂട്ടുകെട്ട് പൊളിക്കാനാണ്. എന്നാല്‍ അവര്‍ക്കതിന് സാധിച്ചില്ല'- ധവാന്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയുടെ മീഡിയം പേസര്‍ ആന്റിലി ഫെലുക്കുവായോ രണ്ട് വിക്കറ്റടക്കം വീഴ്ത്തി മികവ് കാട്ടിയിരുന്നു. എന്നാല്‍ വെങ്കടേഷ് ഒപ്പമുണ്ടായിട്ടും അദ്ദേഹത്തിന്റെ ബൗളിങ്ങില്‍ നായകനായ രാഹുലിന് വിശ്വാസം ഇല്ലായിരുന്നുവെന്നു വേണം കരുതാന്‍. അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരില്‍ മാത്രം വിശ്വാസം അര്‍പ്പിച്ച് മുന്നോട്ട് പോകാനാണ് രാഹുല്‍ താല്‍പര്യം കാണിച്ചത്. വെങ്കടേഷിനെ ഫലപ്രദമായി മധ്യ ഓവറുകളില്‍ പരീക്ഷിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ കൂട്ടുകെട്ടിനെ പൊളിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇതിനുള്ള ധൈര്യം രാഹുല്‍ കാട്ടിയില്ല.

വെങ്കടേഷിനെ ബാറ്റ്‌സ്മാനായി മാത്രം പരിഗണിക്കുന്നതുകൊണ്ട് കാര്യമില്ല. ബാറ്റ്‌സ്മാനെ മാത്രമാണ് ഇന്ത്യക്ക് ആവിശ്യമെങ്കില്‍ സൂര്യകുമാര്‍ യാദവിനെയോ റുതുരാജ് ഗെയ്ക് വാദിനെയോ ബാറ്റിങ് നിരയിലേക്ക് പരിഗണിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യ വെങ്കടേഷ് അയ്യരെ മീഡിയം പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ പരിഗണിച്ചിട്ടും ബൗളിങ്ങില്‍ അവസരം നല്‍കാതെയിരിക്കുകയായിരുന്നു.

രാഹുലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യക്ക് എതിരാളികള്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കുന്നില്ല. 50ാം ഓവര്‍ ശര്‍ദുല്‍ ഠാക്കൂറിനെക്കൊണ്ട് എറിയിക്കാനുള്ള രാഹുലിന്റെ തീരുമാനത്തില്‍ നിന്ന് തന്നെ അദ്ദേഹത്തിന്റെ നായകനെന്ന നിലയിലെ പിഴവ് എത്രത്തോളമെന്ന് മനസിലാക്കാം. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാര്‍ മികച്ച ടേണിലൂടെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കിയപ്പോള്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കത് സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്.

മികച്ച യുവതാരനിരയുള്ള ഇന്ത്യ അവര്‍ക്ക് അവസരം നല്‍കി വളര്‍ന്നുവരാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യേണ്ടത്. യുവതാരങ്ങള്‍ക്ക് ധവാന്‍ നല്‍കുന്ന ഉപദേശം സാഹചര്യം മനസിലാക്കി കളിക്കുക എന്നതാണ്. 'മത്സരത്തിന്റെ സാഹചര്യം നോക്കി കളിക്കുകയാണ് വേണ്ടത്. വ്യക്തിഗത പ്രകടനത്തിനെക്കാളാറെ ടീമിന്റെ പ്രകടനത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. മത്സരത്തെ നിങ്ങള്‍ എത്രമാത്രം മനസിലാക്കുന്നുവെന്നതും പ്രധാനപ്പെട്ട കാര്യമാണ്. ടീമിന് കൂട്ടുകെട്ട് അത്യാവശ്യമായ സമയങ്ങളില്‍ അതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. അനുഭവസമ്പത്തിനനുസരിച്ച് പക്വത കാട്ടേണ്ടതായുണ്ട്'- ധവാന്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടാം മത്സരത്തില്‍ ഇന്ത്യ പിഴവുകള്‍ തിരുത്തി തിരിച്ചുവരുമെന്നാണ് ആരാധക പ്രതീക്ഷ. നിലവില്‍ ടീമിനുള്ളിലെ അന്തരീക്ഷം മികച്ചതല്ല. വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൃത്യമായ ഇടപെടല്‍ ടീം മാനേജ്‌മെന്റില്‍ നിന്ന് ഉണ്ടാവേണ്ടതാണ്. അല്ലാത്ത പക്ഷം വലിയ തിരിച്ചടി ഇന്ത്യക്ക് നേരിടേണ്ടി വന്നേക്കും.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, January 20, 2022, 12:21 [IST]
Other articles published on Jan 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X