മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കാനിരിക്കെ ആരൊക്കെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ടോപ് ഓഡര്‍ ബാറ്റിങ്ങില്‍ ഇന്ത്യക്ക് ആശങ്കകളില്ലെങ്കിലും മധ്യനിരയിലെ ഓള്‍റൗണ്ടറാരെന്ന കാര്യത്തിലാണ് സംശയം. ഹര്‍ദിക് പാണ്ഡ്യക്ക് മടങ്ങിവരാന്‍ ഇനിയും സമയം വേണമെന്നതിനാല്‍ ദക്ഷിണാഫ്രിക്കയില്‍ മികച്ചൊരു ഓള്‍റൗണ്ടറെ ഇന്ത്യക്ക് പരിഗണിക്കേണ്ടതായുണ്ട്. വെങ്കടേഷ് അയ്യര്‍ക്കാണ് ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നതെങ്കിലും ഇപ്പോഴിതാ വെല്ലുവിളി ഉയര്‍ത്താന്‍ റിഷി ധവാനും ഇന്ത്യന്‍ ടീമിലേക്കെത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന.
ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലെ ഓള്‍റൗണ്ട് മികവാണ് റിഷി ധവാന്‍ വീണ്ടും ശ്രദ്ധ പിടിച്ചുപറ്റാനുള്ള കാരണം. തമിഴ്‌നാടിനെ തകര്‍ത്ത് ഹിമാചല്‍ പ്രദേശ് വിജയ് ഹസാരെ ട്രോഫി നേടിയപ്പോള്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയത് റിഷി ധവാനായിരുന്നു. ടീമിന്റെ നായകസ്ഥാനത്തും റിഷി ധവാനായിരുന്നു. കൂടാതെ ഒരു സീസണില്‍ റണ്‍വേട്ടക്കാരിലും വിക്കറ്റ് വേട്ടക്കാരിലും ആദ്യ അഞ്ചില്‍ എത്തുന്ന ആദ്യത്തെ താരവുമാണ് 31കാരനായ റിഷി ധവാന്‍.
റിഷിയുടെ പ്രകടനം ഏവരേയും മോഹിപ്പിക്കുന്നതാണ്. എട്ട് മത്സരത്തില്‍ നിന്ന് 76.33 ബാറ്റിങ് ശരാശരിയില്‍ 458 റണ്‍സാണ് താരം അടിച്ചെടുത്തത്. 91* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 17 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി. 6 ഇക്കോണമിയിലാണ് താരത്തിന്റെ പ്രകടനം. 27 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം.

വെങ്കടേഷ് അയ്യര്‍ 6 മത്സരത്തില്‍ നിന്ന് 63.16 ശരാശരിയില്‍ 379 റണ്‍സാണ് നേടിയത്. 151 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 5.75 ഇക്കോണമിയില്‍ ഒമ്പത് വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. 55 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇക്കഴിഞ്ഞ ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനൊപ്പം അരങ്ങേറ്റം കുറിക്കാന്‍ വെങ്കടേഷ് അയ്യര്‍ക്കായിരുന്നു. ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി ഇന്ത്യ നിലവില്‍ പരിഗണിക്കുന്നത് വെങ്കടേഷിനെയാണ്.
ഫിനിഷര്‍ റോളില്‍ തമിഴ്‌നാടിന്റെ ഷാരൂഖ് ഖാനും കൈയടി നേടുകയാണ്. ഏഴ് ഇന്നിങ്‌സില്‍ നിന്ന് 253 റണ്‍സാണ് അദ്ദേഹം നേടിയത്. ഡെത്ത് ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം നടത്താന്‍ കഴിവുള്ളതാണ് ഷാരൂഖിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. 19 ഫോറും 20 സിക്‌സും ടൂര്‍ണമെന്റില്‍ ഷാരൂഖ് നേടി. 186.02 സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന ഷാരൂഖ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.
റിഷി ധവാന്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. 2016ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അദ്ദേഹം. 2016ല്‍ ഓസ്‌ട്രേലിയക്കെതിരേ മെല്‍ബണിലാണ് താരം ഏകദിന അരങ്ങേറ്റം കുറിച്ചത്. ഇതേ വര്‍ഷം സിംബാബ് വെയ്‌ക്കെതിരെയാണ് ടി20 അരങ്ങേറ്റവും കുറിച്ചത്. 2016ലെ അരങ്ങേറ്റ പരമ്പരക്ക് ശേഷം റിഷിക്ക് വേണ്ടത്ര അവസരം ലഭിച്ചില്ലെന്ന് പറയാം. ഐപിഎല്ലിലും വലിയ പരിഗണന റിഷിക്ക് ലഭിക്കാതെ പോയത് തിരിച്ചുവരവ് വൈകാന്‍ കാരണമായി.
മൂന്ന് ഏകദിനത്തില്‍ നിന്ന് 12 റണ്‍സും ഒരു വിക്കറ്റും ഒരു ടി20യില്‍ നിന്ന് ഒരു റണ്‍സും ഒരു വിക്കറ്റുമാണ് റിഷി നേടിയത്. 26 ഐപിഎല്ലില്‍ നിന്നായി 153 റണ്‍സും 18 വിക്കറ്റുമാണ് റിഷി നേടിയത്. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനം റിഷിക്ക് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള അവസരമൊരുക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം.