'എതിരാളികള്‍ നിന്നെ ഭയക്കുന്നു', തന്റെ വിക്കറ്റിന്റെ പ്രാധാന്യം റിഷഭ് തിരിച്ചറിയണം- സല്‍മാന്‍ ബട്ട്
കറാച്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഏഴ് വിക്കറ്റിനാണ് പരാജയപ്പെട്ടത്. സെഞ്ച്വൂറിയനില്‍ ബോക്‌സിങ് ഡേയില്‍ വമ്പന്‍ ജയം നേടിയെത്തിയ ഇന്ത്യക്ക് ജോഹാനസ്ബര്‍ഗില്‍ പലിശയും തീര്‍ത്ത് ദക്ഷിണാഫ്രിക്ക തിരിച്ചുനല്‍കി. വിരാട് കോലിയുടെ അഭാവവും മുഹമ്മദ് സിറാജിന്റെ പരിക്കുമെല്ലാം ഇന്ത്യയെ തളര്‍ത്തിയ കാരണങ്ങളാണ്. എന്നാല്‍ ഇന്ത്യയുടെ തോല്‍വിയില്‍ ഏറ്റവും ചര്‍ച്ചയായത് റിഷഭ് പന്തിന്റെ പ്രകടനമാണ്.
പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം റിഷഭിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ജോഹാനസ്ബര്‍ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ തന്റെ വിക്കറ്റ് വലിച്ചെറിയുകയാണ് റിഷഭ് ചെയ്തതത്. നിര്‍ണ്ണായക സമയത്ത് നിലയുറപ്പിച്ച് കളിക്കാതെ മോശം ഷോട്ട് കളിച്ച് റിഷഭ് പൂജ്യത്തിന് പുറത്തായതാണ് മത്സരം ഇന്ത്യയുടെ കൈയില്‍ നിന്ന് നഷ്ടമാക്കിയതെന്ന് പറയാം. കാരണം റിഷഭ് നേടുന്ന ഓരോ റണ്‍സും ഇന്ത്യയെ സംബന്ധിച്ച് വിജയ റണ്‍സുകളാണ്.

റിഷഭിന്റെ ഷോട്ട് തിരഞ്ഞെടുപ്പിനെക്കുറിച്ച് അവനോട് സംസാരിക്കണമെന്ന് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ തന്റെ വിക്കറ്റിന്റെ പ്രാധാന്യം റിഷഭ് തിരിച്ചറിയണമെന്ന് ഓര്‍മ്മപ്പെടുത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്. ' റിഷഭ് പന്തിനെപ്പോലൊരു താരം 30-40 റണ്‍സ് മാത്രമാണ് നേടുന്നതെങ്കിലും അത് ടീമില്‍ വലിയ മാറ്റമുണ്ടാക്കും. റിഷഭിന്റെ കൂട്ടുകെട്ടുകള്‍ ഉണ്ടാവുന്നത് ലോവര്‍ ഓഡറിലാണ്. അതുകൊണ്ട് തന്നെ എതിരാളികളെ പ്രയാസപ്പെടുത്തുന്ന റണ്‍സാണിത്. തന്റെ വിക്കറ്റിന്റെ പ്രാധാന്യം റിഷഭ് തിരിച്ചറിയണം. തന്റെ ബാറ്റിങ് പദ്ധതിയെക്കുറിച്ച് അവന്‍ പുനരാലോചന നടത്തണം. എല്ലാ ഓവറിലും ക്രീസില്‍ നിന്ന് കയറിക്കളിക്കുന്നത് ശരിയായ രീതിയല്ല. കാരണം എല്ലാ എതിരാളികളുടെ ശ്രദ്ധയോടെ നിരീക്ഷിക്കുന്ന താരങ്ങളിലൊരാളാണ് റിഷഭ്. അതുകൊണ്ട് തന്നെ ഈ ശൈലി അവന് ഗുണം ചെയ്യില്ല'-സല്‍മാന്‍ ബട്ട് പറഞ്ഞു.

വിദേശ പിച്ചുകളില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് റിഷഭ് നടത്തിയിട്ടുള്ളത്. ഓസ്‌ട്രേലിയയില്‍ രണ്ടാം തവണ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയത് റിഷഭിന്റെ ബാറ്റിങ് കരുത്തിലാണ്. ഓസ്‌ട്രേലിയയുടെ കുത്തകയായ ഗാബയില്‍ ഇന്ത്യക്ക് ജയം നേടിക്കൊടുത്തത് റിഷഭാണ്. എന്നാല്‍ ആ മികവ് ഇപ്പോള്‍ ആവര്‍ത്തിക്കാന്‍ താരത്തിനാവുന്നില്ല. ഷോട്ടുകളില്‍ പിഴവ് സംഭവിക്കുന്നു. നിര്‍ണ്ണായക സമയത്ത് വിക്കറ്റ് വലിച്ചെറിയുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം 13 ഇന്നിങ്‌സാണ് റിഷഭ് കളിച്ചത്. 19.23 ശരാശരിയില്‍ നേടിയത് 250 റണ്‍സ് മാത്രമാണ്. ഉയര്‍ന്ന സ്‌കോര്‍ 50 റണ്‍സ്.
റിഷഭിന്റെ നിലവിലെ പ്രകടനത്തില്‍ പരിശീലകനടക്കം നിരാശയുണ്ട്. റിഷഭിനെ മാറ്റി വൃദ്ധിമാന്‍ സാഹക്ക് കേപ്ടൗണ്‍ ടെസ്റ്റില്‍ അവസരം നല്‍കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. കെ എസ് ഭരത് വിക്കറ്റ് കീപ്പറെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മികവ് കാട്ടുന്നതിനാല്‍ റിഷഭിന് കാര്യങ്ങള്‍ എളുപ്പമാവില്ല. മോശം ഫോമില്‍ തുടര്‍ന്നാല്‍ ടീമിലെ സ്ഥാനം നഷ്ടമായേക്കും. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്.

മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം ഉറപ്പാണ്. ഇതിനെക്കുറിച്ചും സല്‍മാന്‍ ബട്ട് പറഞ്ഞു. ' സിറാജ് കളിക്കാന്‍ ഫിറ്റല്ലെങ്കില്‍ ഇന്ത്യ ഉമേഷ് യാദവിനെ പരിഗണിക്കണം. ഏറ്റവും ശക്തമായ ബൗളിങ് നിരയെത്തന്നെ ഇന്ത്യക്ക് മൂന്നാം ടെസ്റ്റില്‍ വേണം. വിരാട് കോലി തിരിച്ചെത്തുമെന്നാണ് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയത്. കോലിയുടെ ആത്മവിശ്വാസവും ഊര്‍ജ്ജവും ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റം ഉണ്ടാക്കും. ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും മൂന്നാം ടെസ്റ്റ് കളിക്കുമെന്നാണ് കരുതുന്നത്. ടീം സമ്മര്‍ദ്ദത്തിലായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ അവര്‍ അര്‍ധ സെഞ്ച്വറി നേടിയത്. മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചു'-ബട്ട് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications