സെഞ്ച്വൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ടെസ്റ്റ് പരമ്പരക്ക് 26ന് തുടക്കമാവുകയാണ്. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാത്ത ഇന്ത്യ ഇത്തവണ കന്നി പരമ്പരയാണ് ലക്ഷ്യമിടുന്നത്. വിരാട് കോലിയെന്ന നായകന് കീഴില്‍ ഇന്ത്യ സമീപകാലത്ത് വിദേശ മൈതാനങ്ങളില്‍ നടത്തിയ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ വേഗ മൈതാനത്ത് ഈ മികവ് കാട്ടാന്‍ ഇന്ത്യക്കാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇപ്പോഴിതാ ഇന്ത്യക്ക് മുകളില്‍ ദക്ഷിണാഫ്രിക്കയ്ക്കുള്ള ആധിപത്യം തകരുമെന്ന് കരുതരുതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മഖായ എന്‍ഡിനി. ഇത്തവണയും ഇന്ത്യയെ തകര്‍ക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കുമെന്നാണ് മുന്‍ സൂപ്പര്‍ താരം പ്രതീക്ഷിക്കുന്നത്. 'ഇന്ത്യക്ക് മികച്ച ബൗളിങ് കരുത്തുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ സാഹചര്യം ഞങ്ങള്‍ക്കാണ് കൂടുതല്‍ നന്നായി അറിയാവുന്നത്. ഇതാണ് വളരെ പ്രധാനപ്പെട്ടത്. മികച്ച താരങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഡീന്‍ എല്‍ഗര്‍, ടെംബ ബാവുമ എന്നിവരെല്ലാം മികച്ച സ്‌കോര്‍ നേടിത്തരാന്‍ കെല്‍പ്പുള്ളവരാണ്. റാസി വാന്‍ ഡെര്‍ ഡൂസന്റെ സമീപകാല പ്രകടനങ്ങളും പ്രതീക്ഷ നല്‍കുന്നു. ഡീകോക്കിന് ഇന്ത്യന്‍ താരങ്ങളെ നന്നായി അറിയാം.അവന്റെ സ്വാഭാവിക ശൈലി തന്നെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത്'- എന്‍ഡിനി പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ പിച്ച് മറ്റുവേദികളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. പേസിനെയും ബൗണ്‍സിനെയും അമിതമായി തുണക്കുന്ന പിച്ചില്‍ സന്ദര്‍ശക ബാറ്റ്‌സ്മാന്‍മാര്‍ എന്നും പ്രയാസപ്പെടാറുണ്ട്. ഇന്ത്യ ഏഴ് തവണ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയെങ്കിലും ഒരു തവണപോലും പരമ്പര നേടാനായിട്ടില്ല. സമനില നേടിയത് തന്നെ വിരളം. 20 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 10 മത്സരം തോറ്റു. ജയിച്ചത് വെറും മൂന്ന് മത്സരങ്ങളില്‍ മാത്രം.

എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന വേദിയാണ് ദക്ഷിണാഫ്രിക്ക. വിരാട് കോലി അഞ്ച് ടെസ്റ്റില്‍ നിന്ന് നേടിയത് 558 റണ്‍സാണ്. ഇതില്‍ രണ്ട് സെഞ്ച്വറി പ്രകടനവും ഉള്‍പ്പെടും. ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവര്‍ക്കും മികച്ച റെക്കോഡുണ്ട്. രഹാനെ രണ്ട് സെഞ്ച്വറിയും പുജാര ഒരു സെഞ്ച്വറിയുമാണ് നേടിയത്. എന്നാല്‍ ഇവരുടെ സമീപകാല ഫോം വളരെ ആശങ്കയുണ്ടാക്കുന്നതാണ്.
കോലി രണ്ടര വര്‍ഷത്തിലേറെയായി സെഞ്ച്വറി നേടിയിട്ട്. പുജാര 2019 ജനുവരിയിലാണ് അവസാനമായി സെഞ്ച്വറി നേടിയത്. രഹാനെയുടെ ഈ വര്‍ഷത്തെ ശരാശരി 20ല്‍ താഴെയാണ്. ഈ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയിലെ പ്രകടനം കണ്ടറിയണം. രഹാനെ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ സ്ഥാനം പിടിക്കാന്‍ സാധ്യത കുറവാണ്. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട രഹാനെക്ക് പകരം ഹനുമ വിഹാരി ഇന്ത്യയുടെ പ്ലേയിങ് 11ലേക്കെത്താനാണ് സാധ്യത.
ദക്ഷിണാഫ്രിക്കയുടെ ബൗളിങ് കരുത്തിനെയും എന്‍ഡിനി പ്രശംസിച്ചു. 'ഞങ്ങളുടെ ബൗളിങ് കരുത്തും വളരെ മികച്ചതാണ്. ഒത്തൊരുമയുള്ള ബൗളിങ് നിരയുള്ളതിനാല്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഞങ്ങള്‍ക്ക് തീര്‍ച്ചയായും സാധിക്കും. ഇന്ത്യക്കെതിരേ ഞങ്ങള്‍ക്ക് എന്നും ആധിപത്യമുണ്ട്. അത് തകരുമെന്ന് കരുതുന്നില്ല. ഞങ്ങള്‍ ജയിക്കാന്‍ വളരെ സാധ്യതയുണ്ട്. എന്നാല്‍ മികച്ച ക്രിക്കറ്റ് തന്നെയാണ് പ്രതീക്ഷിക്കുന്നത്'-എന്‍ഡിനി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ സംബന്ധിച്ച് പരിക്ക് വില്ലനായിട്ടുണ്ട്. രോഹിത് ശര്‍മ,രവീന്ദ്ര ജഡേജ,ശുബ്മാന്‍ ഗില്‍,അക്ഷര്‍ പട്ടേല്‍ എന്നിവരൊന്നും ടെസ്റ്റ് പരമ്പരക്കില്ല. ദക്ഷിണാഫ്രിക്കയ്ക്കും പരിക്ക് തിരിച്ചടിയായിട്ടുണ്ട്. സ്റ്റാര്‍ പേസര്‍ ആന്‍ റിച്ച് നോക്കിയേ പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയുടെ ബൗളിങ് കരുത്തിനെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യക്ക് മികവുണ്ട്. എന്നാല്‍ ബാറ്റിങ് നിരയുടെ പ്രകടനമാണ് കണ്ടറിയേണ്ടത്.