IND vs SA: 'ഇനി വൈകില്ല, അവസരം ഉറപ്പ്' ഏകദിന പരമ്പരയിലൂടെ അരങ്ങേറ്റം കാത്ത് മൂന്ന് താരങ്ങള്‍
കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് പിന്നാലെ മൂന്ന് മത്സര ഏകദിന പരമ്പരയാണ് നടക്കാന്‍ പോകുന്നത്. 19നാണ് പരമ്പര ആരംഭിക്കുന്നത്. രണ്ട് ടീമും ശക്തമായ ടീമിനെയും പ്രഖ്യാപിച്ച് കഴിഞ്ഞു. രണ്ട് ടീമും ഒന്നിനൊന്ന് മെച്ചമായതിനാല്‍ വാശിയേറിയ പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവസാന വര്‍ഷത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. ആറില്‍ നാല് ഏകദിനവും ഇന്ത്യ ജയിച്ചപ്പോള്‍ 10 മത്സരത്തില്‍ ഏഴിലും ദക്ഷിണാഫ്രിക്ക തോറ്റിരുന്നു.
എന്നാല്‍ ടീമെന്ന നിലയില്‍ ഏറെ മെച്ചപ്പെട്ട ദക്ഷിണാഫ്രിക്കയെ ഇന്ത്യക്ക് വിലകുറച്ച് കാണാനാവില്ല. തട്ടകത്തിന്റെ മുന്‍തൂക്കവും ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലിന് കീഴിലാണ് ഇന്ത്യ ഏകദിനത്തിലിറങ്ങുന്നത്. വിരാട് കോലിയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും പരിക്ക് വില്ലനാവുമോയെന്നത് കണ്ടറിയണം. കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോലി, റിഷഭ് പന്ത് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഇന്ത്യയുടെ ബാറ്റിങ് നിര ശക്തം.
ടെംബ ബാവുമ നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ നിരയിലെ പേസ് ബൗളര്‍മാരെ ഇന്ത്യ ഭയക്കണം. കഗിസോ റബാഡ, ലൂങ്കി എന്‍ഗിഡി, വെയ്ന്‍ പാര്‍ണല്‍ എന്നിവരെല്ലാം ഇന്ത്യയുടെ ബാറ്റിങ് നിരക്ക് വലിയ ഭീഷണിയാണ്. നിരവധി യുവതാരങ്ങള്‍ ഏകദിന പരമ്പരയിലൂടെ അരങ്ങേറ്റം കുറിക്കാന്‍ കാത്തിരിക്കുന്നുണ്ട്. ഇതില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വെങ്കടേഷ് അയ്യര്‍
ഇന്ത്യന്‍ ടീമിന്റെ മീഡിയം പേസ് ഓള്‍റൗണ്ടറാണ് വെങ്കടേഷ് അയ്യര്‍. ഹര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തുള്ള അവസരത്തില്‍ ഇന്ത്യ വെങ്കടേഷ് അയ്യരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഐപിഎല്ലില്‍ കെകെആറിനൊപ്പം നടത്തിയ മിന്നും പ്രകടനമാണ് വെങ്കടേഷിനെ സെലക്ടര്‍മാരുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഇതിന് ശേഷം ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ച്വറി ഉള്‍പ്പെടെ ഓള്‍റൗണ്ട് മികവ് കാട്ടാന്‍ വെങ്കിടേഷിനായി. ഇന്ത്യയുടെ ന്യൂസീലന്‍ഡ് പരമ്പരയിലൂടെ ടി20 അരങ്ങേറ്റം നടത്താനും കൈയടി നേടാനും വെങ്കടേഷിനായിട്ടുണ്ട്.
ഏകദിനത്തില്‍ രവീന്ദ്ര ജഡേജയും ഇല്ലാത്തതിനാല്‍ വെങ്കടേഷിനെ ഇന്ത്യ പരിഗണിച്ചേക്കും. ആക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് വെങ്കടേഷ്. അതുകൊണ്ട് തന്നെ ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും. 2023ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി യുവതാരങ്ങളെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്.

റുതുരാജ് ഗെയ്ക്‌വാദ്
റുതുരാജ് ഗെയ്ക് വാദ് നിലവില്‍ ഏറ്റവും ഫോമിലുള്ള യുവതാരമാണ്. അവസാന ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പിനുടമയാണ് റുതുരാജ്. വലം കൈയന്‍ ഓപ്പണറായ താരം ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ച്വറികളുമായാണ് കൈയടി നേടിയത്. ഇത്രയും മികച്ച പ്രകടനം നടത്തുന്ന താരത്തെ ഇനിയും ഇന്ത്യക്ക് ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനാവില്ല. ആദ്യ മത്സരത്തില്‍ ഇന്ത്യ ശിഖര്‍ ധവാന്‍-കെഎല്‍ രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ടിന് മുന്‍ഗണന നല്‍കാനാണ് സാധ്യത. ഇവരുടെ പ്രകടനം വിലയിരുത്തിയാവും റുതുരാജിന്റെ സാധ്യത. ധവാന്‍ മോശം ഫോമിലാണെങ്കില്‍ റുതുരാജിന് അവസരം ഉറപ്പ്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ തിളങ്ങാന്‍ അനുഭവസമ്പത്ത് അത്യാവശ്യമാണ്. അതുകൊണ്ട് അന്തിമ തീരുമാനം രാഹുല്‍ ദ്രാവിഡിന്റേതാവും.

മാര്‍ക്കോ യാന്‍സന്‍
അരങ്ങേറ്റ ടെസ്റ്റ് പരമ്പരയില്‍ത്തന്നെ ഇന്ത്യയെ വിറപ്പിക്കുന്ന പ്രകടനമാണ് മാര്‍ക്കോ യാന്‍സന്‍ കാഴ്ചവെച്ചത്. ഇതുകൊണ്ടാണ് യുവപേസറെ ദക്ഷിണാഫ്രിക്ക ഏകദിന ടീമിലും ഉള്‍പ്പെടുത്തിയത്. ഇന്ത്യക്ക് കളിച്ച് അധികം പരിചയമില്ലാത്ത ബൗളറാണ് യാന്‍സന്‍. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്ക യാന്‍സന് ഏകദിനത്തിലും അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും. ടെസ്റ്റില്‍ രണ്ട് മത്സരത്തില്‍ നിന്ന് 12 വിക്കറ്റും 53 വിക്കറ്റും താരം നേടി. കൂടാതെ ഇടം കൈയന്‍ പേസറാണെന്നത് യാന്‍സന് മുന്‍തൂക്കം നല്‍കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications