Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ടെസ്റ്റിന് രോഹിത് ശര്‍മയില്ല, വൈസ് ക്യാപ്റ്റനാവാന്‍ കെ എല്‍ രാഹുല്‍

മുംബൈ: സമീപകാലത്തായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സംഭവിക്കുന്നത് ആരാധകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്. വിരാട് കോലിയെ ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റുകയും തല്‍സ്ഥാനത്തേക്ക് രോഹിത് ശര്‍മയെ നിയമിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. കോലിക്ക് ഏകദിന നായകസ്ഥാനം ഒഴിയാന്‍ താല്‍പര്യമില്ലായിരുന്നുവെന്നും ടീം മാനേജ്‌മെന്റ് നിര്‍ബന്ധിച്ച് ഇത്തരമൊരു നീക്കം നടത്തിയതെന്നുമാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

പിന്നാലെ വിരാട് കോലി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതോടെ അദ്ദേഹം കടുത്ത നിരാശയിലാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. രോഹിത് ശര്‍മയെ ഏകദിന നായകനാക്കിയത് കൂടാതെ ടെസ്റ്റില്‍ അജിന്‍ക്യ രഹാനെയെ നീക്കി വൈസ് ക്യാപ്റ്റനായും നിയമിച്ചു. ദക്ഷിണാഫ്രിക്കന്‍ പരമ്പര വരാനിരിക്കെ രോഹിത് ശര്‍മക്ക് അപ്രതീക്ഷിതമായി പരിക്കേറ്റു. പരിശീലനത്തിനിടെ കൈക്ക് പരിക്കേറ്റ രോഹിത് ശര്‍മ ടെസ്റ്റ് പരമ്പര കളിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

രോഹിത്തിന്റെ അഭാവത്തില്‍ പ്രിയാങ്ക് പാഞ്ചലിനെ ഇന്ത്യ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ രോഹിത്തിന്റെ അഭാവത്തില്‍ ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനായി കെ എല്‍ രാഹുല്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയുടെ പരിമിത ഓവറിലെ വൈസ് ക്യാപ്റ്റനാണ് രാഹുല്‍. രോഹിത് ടെസ്റ്റ് കളിക്കാത്തതിനാല്‍ ദക്ഷിണാഫ്രിക്കയില്‍ കോലിയോടൊപ്പം സഹ നായകനായി രാഹുല്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കെ എല്‍ രാഹുല്‍ ഏറെ നാളുകള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തുനിന്നെങ്കിലും അവസാന ഇംഗ്ലണ്ട് പരമ്പരയിലൂടെ വീണ്ടും ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സ്ഥിര സാന്നിധ്യമായിരിക്കുകയാണ്. ഓപ്പണറായ രാഹുല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും ഇന്ത്യയുടെ ഓപ്പണറായി ഉണ്ടാവും. രാഹുലിനെ ഭാവി നായകനെന്ന നിലയില്‍ ഇപ്പോഴെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരികയാണെന്ന് പറയാം.

klrahul

അവസാന പരമ്പര വരെ അജിന്‍ക്യ രഹാനെയായിരുന്നു ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍. എന്നാല്‍ രഹാനെയുടെ സമീപകാല ഫോം മോശമായതോടെയാണ് അദ്ദേഹത്തെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. 20 മാത്രമാണ് സമീപകാലത്തെ രഹാനെയുടെ ശരാശരി. രഹാനെ ഇല്ലാത്തപ്പോള്‍ ചേതേശ്വര്‍ പുജാരയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ആയിരുന്നത്.

എന്നാല്‍ സമീപകാലത്തായി പുജാരയും നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. 30 ശരാശരിയില്‍ കളിക്കുന്ന പുജാര 2019 ജനുവരിക്ക് ശേഷം ഒരു തവണ പോലും മൂന്നക്കം കണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ പുജാരയേയും ഇന്ത്യ വൈസ് ക്യാപ്റ്റനാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. രഹാനെയും പുജാരയും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുണ്ട്. രണ്ട് പേര്‍ക്കും അവസാന അവസരമാണിതെന്ന് പറയാം. നിരാശപ്പെടുത്തിയാല്‍ ഇനിയൊരു തിരിച്ചുവരവിന് അവസരം ലഭിച്ചേക്കില്ല.

ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ് ദക്ഷിണാഫ്രിക്കയിലേത്. ഇന്ത്യയില്‍ ആര്‍ക്കും വീഴ്ത്താന്‍ പറ്റാത്ത ഇന്ത്യന്‍ ടീം സമീപകാലത്തെല്ലാം വിദേശ പര്യടനങ്ങളിലും ഗംഭീര പ്രകടനമാണ് നടത്തിയിട്ടുള്ളത്. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടുകയും ഇംഗ്ലണ്ടില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുകയും ചെയ്ത ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ കാര്യങ്ങള്‍ എളുപ്പമാവില്ല.

ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കായിട്ടില്ല. എന്നാല്‍ ഇത്തവണ വലിയ സാധ്യതകളുണ്ടെങ്കിലും സമീപകാലത്തുണ്ടായ പ്രശ്‌നങ്ങള്‍ ടീമിനെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. രോഹിത്തിന്റെ അഭാവവും ഇന്ത്യയെ പ്രതികൂലമായി ബാധിക്കും. പരിക്ക് ഇന്ത്യക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. രോഹിത്തിനെക്കൂടാതെ രവീന്ദ്ര ജഡേജ,ശുബ്മാന്‍ ഗില്‍,അക്ഷര്‍ പട്ടേല്‍ എന്നിവരും ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരക്കില്ല. ഇതെല്ലാം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമോയെന്ന് കണ്ടറിയണം.

Story first published: Wednesday, December 15, 2021, 11:27 [IST]
Other articles published on Dec 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+