
തുടക്ക സമയത്ത് ധോണിയുമായി എന്നും താരതമ്യപ്പെടുത്തി വിമര്‍ശനം നേരിട്ട റിഷഭ് ഇപ്പോള്‍ ധോണിയുടെ പല റെക്കോഡുകളും തകര്‍ത്ത് ചരിത്രം തിരുത്തുകയാണ്. വിമര്‍ശിച്ചവരെക്കൊണ്ട് കൈയടിപ്പിക്കുകയാണ് റിഷഭ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലൂടെ മറ്റൊരു ചരിത്ര നേട്ടം കാത്തിരിക്കുകയാണ് റിഷഭ്. ടെസ്റ്റില്‍ 100 ക്യാച്ച് നേടുന്ന നാലാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ് റിഷഭിനെ കാത്തിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന 42ാമത്തെ വിക്കറ്റ് കീപ്പറാവാനും റിഷഭിനാവും. ഇതിനായി നാല് ക്യാച്ചുകള്‍ക്കൂടിയാണ് അദ്ദേഹത്തിന് വേണ്ടത്.
256 ക്യാച്ചുകളുമായി എംഎസ് ധോണി ഇന്ത്യക്കാരില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ സെയ്ദ് കിര്‍മാണി (160) രണ്ടാം സ്ഥാനത്തും കിരണ്‍ മോറെ (110) മൂന്നാം സ്ഥാനത്തുമുണ്ട്. സെഞ്ച്വൂറിയന്‍ ടെസ്റ്റിലൂടെ 100 ടെസ്റ്റ് പുറത്താക്കലെന്ന നേട്ടത്തിലെത്താന്‍ റിഷഭിനായിരുന്നു. ഈ നേട്ടത്തിലെത്താന്‍ വെറും 26 മത്സരമാണ് റിഷഭിന് വേണ്ടി വന്നത്. ധോണി 36 ടെസ്റ്റില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. നിലവിലെ സാഹചര്യത്തില്‍ ധോണിയെക്കാള്‍ കൂടുതല്‍ ടെസ്റ്റ് കളിക്കാന്‍ റിഷഭിനായേക്കും. അതുകൊണ്ട് തന്നെ ധോണിയുടെ പല റെക്കോഡുകളും തകര്‍ക്കാന്‍ റിഷഭിനായേക്കും.

ഫിനിഷറെന്ന നിലയില്‍ ടെസ്റ്റില്‍ ഗംഭീര പ്രകടനമാണ് റിഷഭ് കാഴ്ചവെക്കുന്നത്. പ്രത്യേകിച്ച് വിദേശ പര്യടനങ്ങളില്‍. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ്. ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ റിഷഭിനായി. രണ്ടാം ടെസ്റ്റില്‍ തിളങ്ങാനാവുകയും സെഞ്ച്വറി പ്രകടനത്തിലേക്കെത്താനുമായാല്‍ അത് ചരിത്രമാവും.
തന്റെ തനത് ശൈലിയില്‍ കളിച്ച് നേട്ടമുണ്ടാക്കുന്നുവെന്നതാണ് റിഷഭിന്റെ പ്രധാന സവിശേഷത. 26 ടെസ്റ്റില്‍ നിന്ന് 38.8 ശരാശരിയില്‍ 1591 റണ്‍സാണ് റിഷഭ് നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 34 സിക്‌സും 171 ഫോറും നേടിയിട്ടുണ്ട്. ജെയിംസ് ആന്‍ഡേഴ്‌സനെതിരേയും ജോഫ്രാ ആര്‍ച്ചര്‍ക്കെതിരെയും റിവേഴ്‌സ് സ്വീപ് ഷോട്ട് കളിച്ച് ഞെട്ടിച്ച താരമാണ് റിഷഭ്. 24 വയസ് മാത്രമാണ് പ്രായമെന്നതിനാല്‍ ഇനിയും വലിയ കരിയര്‍ നേടാന്‍ അദ്ദേഹത്തിന് സാധിക്കും.

രണ്ടാം ടെസ്റ്റില്‍ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യയിറങ്ങുന്നത്. ഇതുവരെ ജോഹന്നാസ്ബര്‍ഗില്‍ ഇന്ത്യ തോറ്റിട്ടില്ല. അഞ്ച് മത്സരം ജയിച്ചപ്പോള്‍ മൂന്ന് സമനിലയും രണ്ട് ജയവുമാണ് നേടിയത്. സെഞ്ച്വൂറിയനില്‍ ജയിച്ച് മൂന്ന് മത്സര പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിട്ട് നില്‍ക്കുകയാണ്. ജോഹന്നാസ്ബര്‍ഗില്‍ ജയിക്കാനായാല്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റ് പരമ്പരയെന്ന ചരിത്ര നേട്ടത്തിലേക്കെത്താന്‍ ഇന്ത്യക്ക് സാധിച്ചേക്കും. നിലവിലെ ഫോമില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്.
പേസര്‍മാരുടെ പ്രകടനമാണ് ഇന്ത്യന്‍ ടീമിന്റെ ശക്തി. പേസ് നിരയില്‍ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ഒന്നിനൊന്ന് മികച്ചുനില്‍ക്കുന്നു. ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമാണ് ആശങ്കയുണ്ടാക്കുന്നത്. സീനിയര്‍ താരങ്ങളായ ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,വിരാട് കോലി എന്നിവര്‍ ഫോമിലേക്കുയരേണ്ടത് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ബാറ്റിങ്ങിനെയും ജോഹന്നാസ്ബര്‍ഗ് പിന്തുണക്കുമെന്നതിനാല്‍ മികച്ചൊരു ബാറ്റിങ് പ്രകടനം പ്രതീക്ഷിക്കാം.


Click it and Unblock the Notifications











