Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെഞ്ച്വൂറിയനില്‍ ജയിച്ചു, പക്ഷെ ഇന്ത്യയെ കാത്തിരുന്നത് വലിയ തിരിച്ചടി, കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ

സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ചരിത്ര ജയമാണ് നേടിയെടുത്തത്. ഇതുവരെ ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കാതിരുന്ന സെഞ്ച്വൂറിയനില്‍ 113 റണ്‍സിനാണ് ആതിഥേയരെ ഇന്ത്യ നാണം കെടുത്തിയത്. ഇന്ത്യ ഉള്‍പ്പെടെ മൂന്ന് ടീമുകള്‍ മാത്രമാണ് സെഞ്ച്വൂറിയനില്‍ ടെസ്റ്റ് ജയിച്ചത്. വിരാട് കോലിയെ സംബന്ധിച്ചും നായകനെന്ന നിലയില്‍ അഭിമാനിക്കാവുന്ന ജയമാണിത്. എന്നാല്‍ ജയത്തിന്റെ സന്തോഷത്തിന് പിന്നാലെ വലിയൊരു തിരിച്ചടി ഇന്ത്യക്ക് ലഭിച്ചിരിക്കുകയാണ്. കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ ടീമിന് പിഴ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ടീമിന് മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴയായി വിധിച്ചിരിക്കുന്നത്. മാച്ച് റഫറി ആന്‍ഡ്രേ പൈക്രോഫ്റ്റിന്റെ തീരുമാന പ്രകാരമാണ് നടപടി. ഐസിസി കോഡ് ഓഫ് കണ്ടക്ടിലെ ആര്‍ട്ടിക്കിള്‍ 2.22 പ്രകാരമുള്ള ശിക്ഷയാണ് ഇന്ത്യന്‍ ടീമിന് ലഭിച്ചിരിക്കുന്നത്. കൂടാതെ ആര്‍ട്ടിക്കില്‍ 16.11 പ്രകാരം എത്ര ഓവറിന്റെ കുറവാണോ ഉള്ളത് അത്രയും ഡീമെറിറ്റ് പോയിന്റും ഇന്ത്യന്‍ ടീമിന് ലഭിക്കും. പിഴവ് ഇന്ത്യന്‍ ടീം അംഗീകരിച്ചുവെന്ന് ഐസിസി ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

india

മൂന്ന് മത്സര പരമ്പരയിലെ ഒരു മത്സരം മാത്രമാണ് അവസാനിച്ചത്. രണ്ട് മത്സരം കൂടി ശേഷിക്കെ ഇനിയും കുറഞ്ഞ ഓവര്‍ നിരക്ക് വഴങ്ങിയാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റിനെയും അത് ബാധിക്കും. നിലവില്‍ 1-0ന് മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യ ഒരു മത്സരം കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കും. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാത്ത ഇന്ത്യ ഇത്തവണ ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നത്.

നിലവിലെ ടീമിന്റെ പ്രകടനം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ആതിഥേയരായ ദക്ഷിണാഫ്രിക്കയേക്കാള്‍ ഇന്ത്യക്ക് മേല്‍ക്കെയുണ്ട്. ദക്ഷിണാഫ്രിക്കയുടെ 20 വിക്കറ്റുകളും വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ദക്ഷിണാഫ്രിക്കയുടെ പേസാക്രമണത്തെ അതേ രീതിയില്‍ തിരിച്ചടിക്കാന്‍ ഇന്ത്യക്ക് കഴിവുണ്ട്. അതുകൊണ്ട് തന്നെ പ്രതീക്ഷകളുമേറെ.

ആദ്യ മത്സരത്തില്‍ കെ എല്‍ രാഹുലിന്റെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. ടോസ് ഭാഗ്യം ഇന്ത്യയെ തുണച്ചപ്പോള്‍ കോലി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. പ്രതീക്ഷക്കൊത്ത് ഓപ്പണര്‍മാര്‍ ബാറ്റ് ചെയ്തു. രാഹുല്‍ 123 റണ്‍സും മായങ്ക് 60 റണ്‍സുമാണ് നേടിയത്. ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,വിരാട് കോലി,റിഷഭ് പന്ത് എന്നിവര്‍ക്കെല്ലാം തങ്ങളുടെ കഴിവിനനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാനായില്ല.

ഇന്ത്യയുടെ ബൗളിങ് നിര മിന്നല്‍ പ്രകടനം നടത്തിയപ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ 130 റണ്‍സിന്റെ ലീഡ് ഇന്ത്യക്ക് നേടാനായി. മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് എടുത്തുപറയേണ്ടത്. ജസ്പ്രീത് ബുംറ,മുഹമ്മദ് സിറാജ്,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെല്ലാം മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായി.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് പ്രതീക്ഷക്കൊത്ത് ബാറ്റ് ചെയ്യാനായില്ല. ബാറ്റിങ് നിരക്ക് അടിപതറിയപ്പോള്‍ 174ന് ഇന്ത്യ പുറത്ത്. ആദ്യ ഇന്നിങ്‌സിലെ 130 റണ്‍സ് ലീഡും കൂടിച്ചേര്‍ന്നപ്പോള്‍ 305 റണ്‍സിന്റെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലേക്ക്. 191 റണ്‍സിന് ആതിഥേയരെ എറിഞ്ഞിട്ടാണ് ഇന്ത്യ 113 റണ്‍സിന്റെ ജയം നേടിയത്. മൂന്ന് വിക്കറ്റ് വീതം ഷമിയും ബുംറയും നേടിയപ്പോള്‍ സിറാജും അശ്വിനും രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു. കെ എല്‍ രാഹുലാണ് കളിയിലെ താരമായത്. ക്വിന്റന്‍ ഡീകോക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ വരുന്ന മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക കൂടുതല്‍ തകര്‍ച്ച നേരിടാനാണ് സാധ്യത.

Story first published: Saturday, January 1, 2022, 14:55 [IST]
Other articles published on Jan 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+